Marakakar : 'കുഞ്ഞാലിയാവാനുള്ള അവസരം ആദ്യം നിരസിച്ചു', ഇന്ന് ആ വേഷത്തെയോർത്ത് അഭിമാനിക്കുന്നു: പ്രദീപ്

കുഞ്ഞാലി മരയ്ക്കാറായി വേഷമിട്ട  കൊട്ടാരക്കര ശ്രീധരൻ നായരുടെയും മോഹൻലാലിന്റെയുമൊക്കെ പേരിനൊപ്പം തന്റെ പേരുകൂടി എഴുതിക്കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ടെന്ന് പ്രദീപ് കുറിക്കുന്നു. ആദ്യം നിരസിച്ച അവസരം പലരുടെയും ഉപദേശത്തിന് വഴങ്ങിയാണ് സ്വീകരിച്ചതെന്നും പ്രദീപ് കുറിക്കുന്നു.

Bigg Boss star Pradeep Chandran writes about his role in the Kunjali Maraikkar series

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പരിചിതനായ താരമാണ് പ്രദീപ് ചന്ദ്രന്‍.  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത ഹിറ്റ് പരമ്പരയായ 'കറുത്തമുത്തി'ല്‍ ഡിസിപി അഭിറാം എന്ന കഥാപാത്രമായി എത്തിയതോടെ ആയിരുന്നു പ്രദീപ് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്.  ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തി, കരുത്തുറ്റ് മത്സരം കാഴ്‍ചവച്ച പ്രദീപ് നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. മേജർ രവി സംവിധാനം ചെയ്‍ത മിഷൻ 90 ഡെയ്സ് എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് സിനിമാ രംഗത്തേക്ക് കടന്നുവന്നത് തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി. മോഹൻലാലിനോടൊപ്പം ആയിരുന്നു പ്രദീപ് കൂടുതലും വേഷമിട്ടത്. 


പ്രദീപ് തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് പ്രദീപ്. ഇപ്പോഴിതാ തന്റെ ഏറെ വൈകാരികമായ ഒരു സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍ത കുഞ്ഞാലി മരയ്ക്കാർ എന്ന പരമ്പരയെ കുറിച്ചും അതിൽ ടൈറ്റിൽ വേഷം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷവുമാണ് പ്രദീപ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.  കുഞ്ഞാലി മരയ്ക്കാറായി വേഷമിട്ട  കൊട്ടാരക്കര ശ്രീധരൻ നായരുടെയും മോഹൻലാലിന്റെയുമൊക്കെ പേരിനൊപ്പം തന്റെ പേരുകൂടി എഴുതിക്കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ടെന്ന് പ്രദീപ് കുറിക്കുന്നു. ആദ്യം നിരസിച്ച അവസരം പലരുടെയും ഉപദേശത്തിന് വഴങ്ങിയാണ് സ്വീകരിച്ചതെന്നും പ്രദീപ് കുറിക്കുന്നു.
 


'കുഞ്ഞാലി മരക്കാർ' എന്ന പേര് എന്റെ അഭിനയജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തതാണ്. ക്യാമറക്കു മുന്നിലെ അഭിനയം പിച്ചവച്ചു നടക്കുന്ന കാലത്തു കിട്ടിയ ഒരു വലിയ കഥാപാത്രം.. അന്ന്, 2009-2010 കാലഘട്ടത്തിൽ ഏഷ്യാനെറ്റിൽ ഒരു ബിഗ് ബജറ്റ് പ്രൊജക്റ്റ്  ആരംഭിക്കാൻ ആലോചിച്ചപ്പോൾ കുഞ്ഞാലി മരക്കാർമാരുടെ സാഹസികമായ ഏടുകൾ കോർത്തിണക്കി ഒരു വൻ മെഗാസീരിയൽ ചെയ്യാൻ തീരുമാനിച്ചു. അതിനു വേണ്ടി സൂപ്പർ ഹിറ്റ് മെഗാസീരിയൽ ഡയറക്ടർ ആയ സാക്ഷാൽ വയലാർ മാധവൻകുട്ടി സാറിനെ ഏൽപ്പിച്ചു. 


ഇത്രയും ബജറ്റ് മുടക്കാൻ തയ്യാറായതോ, ഒരുപാട്  മനസ്സിൽ തങ്ങി നിൽക്കുന്ന സൂപ്പർഹിറ്റ് സീരിയലുകളും സിനിമകളും സമ്മാനിച്ച 'ശ്രീമൂവീസ് ' ഉണ്ണിത്താൻ സാറും. അങ്ങനെ അവർ കുഞ്ഞാലി ആയി അഭിനയിക്കാൻ ഒരു നടനെ അന്വേഷിക്കാൻ ആരംഭിച്ചു. എന്റെ അറിവിൽ ആ സമയത്തു സജീവമായി അഭിനയിക്കുന്നവരെയും പുതുമുഖങ്ങളെയും ഒക്കെ പരിഗണിച്ചിരുന്നു കുഞ്ഞാലി ആക്കാൻ. അങ്ങനെ ഒടുവിൽ എനിക്കു ഒരു കാൾ വന്നു. മേജർ രവി സാറിന്റെ അനുജൻ കണ്ണൻ പട്ടാമ്പി വക.


കണ്ണൻ പട്ടാമ്പിയാണ് എന്റെ പേര് നിർദേശിച്ചത്. അന്ന് ഞാൻ രവിസാറിന്റെ 'മിഷൻ 90 ഡേയ്‌സ്', 'കുരുക്ഷേത്ര" എന്നീ സിനിമകൾ അഭിനയിച്ചിരുന്നു.  സിനിമയിൽ മാത്രം ഉറച്ചു നിൽക്കാൻ തീരുമാനിച്ച എനിക്കാണ് ഈ അവസരം വന്നു ചേരുന്നത്. ആ സമയത്തെ എന്റെ പക്വതക്കുറവും അറിവില്ലായ്മയും കാരണം ഞാൻ ആദ്യം ആ വേഷം നിരസിച്ചു. പക്ഷെ ഒരുപാട് പേരുടെ ഉപദേശത്തിനും നിർബന്ധത്തിനും വഴങ്ങി ആ വേഷം ചെയ്യാൻ ഒടുവിൽ തീരുമാനിച്ചു.


ഒരു പുതുമുഖത്തിനു കിട്ടാവുന്ന ഏറ്റവും വല്യ ഓപ്പണിങ് ആയിരുന്നു അന്ന് ആ പ്രൊജക്റ്റ്. കൂടെ അഭിനയിക്കുന്നവർ എല്ലാം മഹാപ്രതിഭാശാലികൾ. എന്റെ ഗുരുവായി അഭിനയിച്ച, നമ്മെയെല്ലാം വിട്ടുപോയ ശ്രീ നെടുമുടി വേണു സാറിന്റെ പാദം നമസ്‍കരിച്ചു കൊണ്ട് അഭിനയിച്ചു തുടങ്ങി. ഒരു പുതുമുഖത്തിനു വേണ്ട എല്ലാ വിധ പിന്തുണയും ധൈര്യവും തന്നു കൊണ്ട്  മാധവൻകുട്ടി സാർ എന്നിലെ നടനെ വാർത്തെടുത്തു. അപ്പോഴാണ് ക്യാമറക്കു മുന്നിലെ അഭിനയത്തിന്റെ ബാലപാഠങ്ങളും സാങ്കേതികതകളും ഒക്കെ പഠിക്കാൻ കഴിഞ്ഞത്.

 


നൂറ്റമ്പതോളം എപ്പിസോഡുകൾ പൂർത്തിയാക്കി സീരിയൽ അവസാനിച്ചു.. മലയാള സിനിമയിലെ ഒരുപിടി പ്രമുഖ വ്യക്തിത്വങ്ങളും അഭിനയപ്രതിഭകളും സാങ്കേതിക വിദഗ്‌ദ്ധരും ഒക്കെ എന്റെ ഉറ്റ സുഹൃത്തുക്കളായി മാറി. ഒരു വേള ഷൂട്ട് സമയത്തു മാധവൻകുട്ടി സാർ എന്നോട് എന്റെ ഉറ്റചങ്ങാതി ആയി അഭിനയിച്ച അതുല്യ പ്രതിഭ ശ്രീ ഹരീഷ് പേരാടിയെ ചൂണ്ടിക്കാട്ടിയിട്ട് അഭിനയം നോക്കി പഠിക്കാൻ പറഞ്ഞത്  ഇപ്പോഴും എനിക്കോർമ്മയുണ്ട്. എനിക്ക് ആ വർഷത്തെ മികച്ച പുതുമുഖ നടനായി 'ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡും' ലഭിച്ചു.  'ഗീതാഞ്‍ജലി' (2013) എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ലാൽ സാർ എന്നോട് ആ സീരിയലിന്റെ കഥയുടെ റെഫെറൻസ് ഏതിൽ നിന്നാണെന്നൊക്കെ ചോദിച്ചിരുന്നു. അന്നെന്നോട് പ്രിയൻ സാർ ഇത് വൻ ബജറ്റിൽ ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും പറഞ്ഞിരുന്നു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും ബിഗ്‌ ബജറ്റ് ചിത്രമായ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം റിലീസ് ആയപ്പോൾ,  അഭിനയകുലപതികളായ ശ്രീ കൊട്ടാരക്കര ശ്രീധരൻ നായർ സാറിന്റെയും നമ്മുടെ സ്വന്തം ലാൽസാറിന്റെയും കൂട്ടത്തിൽ എന്റെ പേരും 'കുഞ്ഞാലി മരക്കാർ' എന്ന വിക്കീപീഡിയ പേജിൽ ചേർത്തിരിക്കുന്നത് കാണുമ്പോൾ  അഭിനയജീവിതം തിരഞ്ഞെടുത്തതിന് അർത്ഥവും അഭിമാനവും തോന്നുന്നു. ദൈവത്തിനു നന്ദി.. 'ട്വൽത്  മാൻ' (12th Man) എന്ന  ലാൽ സാർ- ജീത്തുസാർ- ആന്റണിച്ചേട്ടൻ ത്രില്ലർ സിനിമയിൽ ഞാനും ഉണ്ടാകും. ശേഷം സ്‌ക്രീനിൽ.

Latest Videos
Follow Us:
Download App:
  • android
  • ios