മലയാളികളാണോ, വിവാഹം? അമ്പാടിയോടും അലീനയോടും ചോദ്യങ്ങളുമായി പ്രേക്ഷകർ
പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളായ അലീന പീറ്ററെയും അമ്പാടിയെയും അവതരിപ്പിക്കുന്നത് ശ്രീതു കൃഷ്ണനും നിഖിൽ നായരുമാണ്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. അടുത്തിടെ വന്ന റേറ്റിങ് ചാർട്ടിൽ മറ്റു പരമ്പകളെയെല്ലാം പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കാനും പരമ്പരയ്ക്ക് സാധിച്ചിരുന്നു. പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളായ അലീന പീറ്ററെയും അമ്പാടിയെയും അവതരിപ്പിക്കുന്നത് ശ്രീതു കൃഷ്ണനും നിഖിൽ നായരുമാണ്. പ്രേക്ഷകർക്കിടയിൽ വലിയ പിന്തുണയാണ് ഇരുവർക്കും ലഭിക്കുന്നത്.
ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ലൈവിലെത്തിയിരിക്കുകയാണ്. ലൈവിൽ കിട്ടിയപ്പോൾ അതിന്റെ സന്തോഷം ആരാധകരും മറച്ചുവയ്ക്കുന്നില്ല. ഇരുവരോടുമുള്ള ആദ്യ ചോദ്യം മലയാളിയാണോ എന്നായിരുന്നു. ഞങ്ങൾ മലയാളികളാണ് എന്ന് ഇരുവരും പാതി മലയാളത്തിൽ പറഞ്ഞു. എന്നാൽ ഞാൻ ചെന്നൈയിലാണ് വളർന്നതെന്നും നിഖിൽ ബെംഗളൂരുവിലാണെന്നും ഓരോരുത്തരായി പറഞ്ഞു. പഠിച്ചതും വളർന്നതും പുറത്തായതിനാലാണ് ഭാഷയിലെ പ്രശ്നമെന്നും അവർ വ്യക്തമാക്കി.
പരമ്പരയിൽ അമ്പാടിയെ കാണാത്ത പരിഭവം പറഞ്ഞവർക്ക് തിങ്കളാഴ്ച മുതൽ കാണാമെന്നും ഇരുവരും പറഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന്, ഇപ്പോൾ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നായിരുന്നു ശ്രൂതുവിന്റെ മറുപടി. അമ്മയറിയാതെയിൽ നിന്ന് ഇടയ്ക്ക് മാറിയതിനെ കുറിച്ചും നിഖിൽ തമാശ രൂപേണ മറുപടി നൽകി. അലീനയുടെ ടോർച്ചർ താങ്ങാനാവാതെ നാടുവിട്ടതാണെന്നായിരുന്നു നിഖിലിന്റെ രസകരമായ മറുപടി.
പരമ്പരയിൽ നിന്ന് നിഖില്‍ പോയതിന് പിന്നാലെ വിഷ്‍ണു ഉണ്ണിക്കൃഷ്‍ണന്‍ അമ്പാടിയായി എത്തിയിരുന്നു. 235ാമത്തെ എപ്പിസോഡിലായിരുന്നു വിഷ്‍ണു എത്തിയത്. എന്നാൽ അമ്പാടിയുടെ മുഖം മാറിയതില്‍ നിരാശ അറിയിച്ച് ആരാധകരെത്തുകയായിരുന്നു. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിൽ ആവശ്യവുമായി നിരവധി കമന്റുകളും എത്തി. ഇതിന് പിന്നാലെയാണ് നിഖിൽ തന്നെ അമ്പാടിയായി തിരിച്ചെത്തിയത്.
നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്‍തിട്ടുണ്ട്. പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് അമ്മയറിയാതെ സംവിധാനം ചെയ്യുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona