'സ്‌ക്രീനില്‍ ആശയാകുന്നത് സന്തോഷമാണ് പക്ഷേ.. അശ്വതിയെയാണ് എനിക്കിഷ്ടം'
ചക്കപ്പഴത്തിലെ ആശയായി മിനിസ്‌ക്രീനിലേക്കെത്തിയിട്ട് ഒരു വര്‍ഷം തികയുന്ന സന്തോഷത്തോടൊപ്പമാണ് പെൺകുട്ടികൾ സ്വയം പര്യാപ്തരും സ്വതന്ത്രമായി തീരുമാനം എടുക്കേണ്ടവരുമാണെന്ന് അശ്വതി പറഞ്ഞത്.
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിട്ടാണ് മിനിസ്‌ക്രീനില്‍ എത്തിയതെങ്കിലും ചക്കപ്പഴം എന്ന പരമ്പരയിലൂടെ അശ്വതി അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ചക്കപ്പഴം പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞും നിരന്തരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. ചക്കപ്പഴത്തിലെ ആശയായി മിനിസ്‌ക്രീനിലേക്കെത്തിയിട്ട് ഒരു വര്‍ഷം തികയുന്ന സന്തോഷം കഴിഞ്ഞ ദിവസമാണ് അശ്വതി പങ്കുവച്ചത്.
''ആശ'യായിട്ട് ഇന്നൊരു വര്‍ഷം. അതിനുശേഷം ജീവിതത്തില്‍ പല മാറ്റവും വന്നിട്ടുണ്ട്. എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി' എന്നാണ് അശ്വതി കുറിച്ചത്. സഹതാരങ്ങളും ആരാധകരുമായി നിരവധിയാളുകളാണ് അശ്വതിയുടെ പോസ്റ്റിന് കമന്റുമായെത്തിയത്. ഇനിയും മുന്നോട്ടുപോകാന്‍ ഈശ്വരന്‍ അനുവദിക്കട്ടെ, വലിയ അഭിനേത്രിയാകാന്‍ സാധിക്കട്ടെ എന്നെല്ലാമുള്ള ആശംസകളാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിലരുടെ സംശയം അശ്വതിയ്ക്ക് സ്‌ക്രീനിലെ ആശയെയാണോ അതോ ജീവിതത്തിലെ അശ്വതിയെയാണോ കൂടുതല്‍ ഇഷ്ടമെന്നായിരുന്നു. അത്തരത്തിലെ ഒരു ചോദ്യത്തിന് അശ്വതി കൊടുത്ത മറുപടിയ്ക്കും ഇപ്പോള്‍ ആളുകള്‍ കയ്യടിക്കുകയാണ്.
'ചേച്ചിക്ക് ആശയുടെ ജീവിതമാണോ, അശ്വതിയുടെ ജീവിതമാണോ കൂടുതല്‍ ഇഷ്ടം' എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. അതിന് മറുപടിയായി അശ്വതി പറയുന്നത്, 'തീര്‍ച്ചയായും അശ്വതിയുടെ ജീവിതം തന്നെയാണ് ഇഷ്ടം. വഴക്കും ബഹളവും പതിവായ ഒരു വീട്ടില്‍, സ്വന്തം ആഗ്രഹങ്ങള്‍ ഒരിക്കലും നടക്കാത്ത, സാമ്പത്തിക സ്വാതന്ത്ര്യം തീരെയില്ലാത്ത, ആശയുടെ ജീവിതം സ്‌ക്രീനില്‍ ചിരി ഉണ്ടാക്കുമെന്നേയുള്ളു.. റീല്‍ ലൈഫിനേക്കാള്‍ ഒരുപാട് മനോഹരമായത് റിയല്‍ ലൈഫ് തന്നെയാണ്' എന്നാണ്. അശ്വതിയുടെ നിലപാടുകള്‍ മുന്നേയും പലതവണ സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ടെങ്കിലും, ഇത്ര മനോഹരമായ സ്ത്രീപക്ഷ കാഴ്ചപ്പാട് ഇത് ആദ്യമായെന്നാണ് ആരാധകര്‍ പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona