Kudumbavilakku : അമ്മയെ ഇറക്കിവിട്ട് വേദികയെ പാഠം പഠിപ്പിക്കാന്‍ സിദ്ധാര്‍ത്ഥ്; കുടുംബവിളക്ക് റിവ്യു
സിദ്ധാർത്ഥിനരികിലേക്കുള്ള വേദികയുടെ മടങ്ങിവരവാണ് കുടുംബവിളക്കിലെ പുതിയ ചർച്ച.
മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku Serial). സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പര റേറ്റിംഗിലും മുന്നില്‍ തന്നെയാണ്. സുമിത്ര (Sumitra) സിദ്ധാര്‍ത്ഥ് (Sidharth) എന്നിവരുടെ ദാമ്പത്യത്തിലാണ് കുടുംബവിളക്ക് തുടങ്ങിയതെങ്കിലും, പിന്നീട് സിദ്ധാര്‍ത്ഥ് സുമിത്രയെ ഒഴിവാക്കുകയും വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ ആ തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു എന്ന കാര്യം പതിയെ പതിയെ സിദ്ധാര്‍ത്ഥ് മനസ്സിലാക്കുകയായിരുന്നു. അതേ സമയം സുമിത്രയെക്കാള്‍ മികച്ചവള്‍ താനാണ് എന്ന് തെളിയിക്കാനായരുന്നു വേദികയുടെ എല്ലാ ശ്രമങ്ങളും. എന്നാല്‍ അത് വിജയിക്കുന്നില്ല എന്നുകണ്ട് വേദികയുടെ അടുത്ത ശ്രമം സുമിത്രയെ തകര്‍ക്കാനായിരുന്നു.
സുമിത്രയെ തകര്‍ക്കാനുള്ള വേദികയുടെ എല്ലാ ശ്രമങ്ങളും പാളിപ്പോകുകയായിരുന്നു. എന്നാല്‍ പാളിപോകുന്നതിന് അനുസരിച്ച് പുതിയ തന്ത്രങ്ങളും മറ്റുമായി വേദികയും സദാ കളത്തിലുണ്ടാകും. സുമിത്രയെ അധികമായി ഉപദ്രവിച്ചതിനും, ജയിലില്‍ കിടത്തിയതിനും വേദികയെ സിദ്ധാര്‍ത്ഥ് വീട്ടില്‍നിന്നും ഇറക്കിവിട്ടിരുന്നു. എന്നാല്‍ തിരികെ വീട്ടിലേക്ക് എത്താനായി വേദിക നടത്തിയത് മറ്റൊരു മോശം കളിയായിരുന്നു. ഗാര്‍ഹികപീഢനം എന്നുപറഞ്ഞ് സിദ്ധാര്‍ത്ഥിനും വീട്ടുകാര്‍ക്കും സുമിത്രയ്ക്കുമെതിരെ വേദിക കേസ് കൊടുത്തിരുന്നു. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനായി വേദികയെ സിദ്ധാര്‍ത്ഥ് തിരികെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു.
എന്നാല്‍ രണ്ടും കല്‍പ്പിച്ചാണ് സിദ്ധാര്‍ത്ഥ് വേദികയെ തിരികെ വീട്ടിലേക്ക് കൂട്ടിയിരിക്കുന്നത്. വേദികയ്ക്ക് എല്ലാത്തിനും കൂട്ടുനില്‍ക്കുന്നയാള്‍ സിദ്ധാര്‍ത്ഥിന്റെ അമ്മയായിരുന്നു. സുമിത്രയോടുള്ള അനിഷ്ടം കാരണം വേദികയോടുകൂടെ എല്ലാത്തിനും കൂട്ടുനില്‍ക്കുന്ന അമ്മയെ പരമ്പരയുടെ പ്രേക്ഷകര്‍ക്കും അത്ര ഇഷ്ടമില്ലായിരുന്നു. ഏറ്റവും പുതിയ എപ്പിസോഡില്‍ വേദികയുടെ അടുത്തെത്തിയ അമ്മയെ സിദ്ധാര്‍ത്ഥ് വീട്ടില്‍നിന്നും ഇറക്കി വിട്ടിരിക്കുകയാണ്. (അമ്മ താമസിക്കുന്നത് സുമിത്രയും മറ്റ് കുടുംബങ്ങളും താമസിക്കുന്ന തറവാട് വീട്ടിലാണ്.) അത് വളരെ നന്നായെന്നാണ് പരമ്പരയുടെ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഇപ്പോളാണ് സിദ്ധാര്‍ത്ഥിന് ബോധം വന്നതെന്നും പലരും പറയുന്നുണ്ട്. കൂടാതെ ഇനി വീട്ടില്‍ ഹോട്ടല്‍ ഭക്ഷണം വേണ്ടെന്നും സുമിത്രയുടെ കാലംപോലെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കണമെന്നും വേദികയോട് സിദ്ധാര്‍ത്ഥ് ഉറച്ച് പറയുന്നുണ്ട്. സിദ്ധാര്‍ത്ഥിന്റെ മൃദു സമീപനം മാറിയതോടെ പരമ്പര കാണാന്‍ പ്രേക്ഷകര്‍ക്കും വളരെ താല്പര്യം വന്നിട്ടുണ്ട്.