മാസ്സായി 'പാപ്പൻ', ഒപ്പം ഗോകുലും; അച്ഛനും മകനും രണ്ടും കല്പിച്ചാണല്ലോന്ന് ആരാധകർ
'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്.
വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. പ്രഖ്യാപന സമയം മുതൽ വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുമുണ്ട് . ഇപ്പോഴിതാ സുരേഷ് ഗോപി പങ്കുവച്ച ചിത്രത്തിലെ ഒരു സ്റ്റില്ലാണ് ശ്രദ്ധനേടുന്നത്.
കസേരയിൽ ഇരിക്കുന്ന സുരേഷ് ഗോപിയും പുറകിലായി നിൽക്കുന്ന മകൻ ഗോകുൽ സുരേഷ് ഗോപിയുമാണ് ചിത്രത്തിൽ ഉള്ളത്. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തുന്നത്.
'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ്. 'പൊറിഞ്ചു മറിയം ജോസി'ന്‍റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ്. മാത്യൂസ് പാപ്പന്‍റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. പാപ്പന്‍റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. ഗോകുല്‍ സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായാണ്.
ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്‍റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു. ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona