'ഞാന്‍ റഷ്യന്‍ ജനതയെ സ്നേഹിക്കുന്നു അത് കൊണ്ട് ഈ സത്യം പറഞ്ഞേ തീരൂ' : അർനോൾഡ്
"റഷ്യന്‍ ജനതയെ ഞാന്‍ സ്നേഹിക്കുന്നു, അത് കൊണ്ട് തന്നെയാണ് ഞാന്‍ ഈ സത്യം പറയുന്നത്. യുക്രൈന്‍ ഈ യുദ്ധം ആരംഭിച്ചില്ല,"
ലോസ് ഏഞ്ചൽസ്: ഹോളിവുഡ് സൂപ്പര്‍താരം അർനോൾഡ് ഷ്വാർസെനെഗറിന്‍റെ (Arnold Schwarzenegger) റഷ്യയ്ക്കുള്ള സന്ദേശം (Message To Russia) വൈറലാകുന്നു. യുക്രൈനിലേക്ക് അധിനിവേശം നടത്തി നടത്തുന്ന "വിവേചനരഹിതമായ" യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ. യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്ന റഷ്യക്കാരെ "പുതിയ നായകന്മാർ" എന്ന് പ്രശംസിക്കുകയും ചെയ്തു.
"റഷ്യന്‍ ജനതയെ ഞാന്‍ സ്നേഹിക്കുന്നു, അത് കൊണ്ട് തന്നെയാണ് ഞാന്‍ ഈ സത്യം പറയുന്നത്. യുക്രൈന്‍ ഈ യുദ്ധം ആരംഭിച്ചില്ല," മുൻ കാലിഫോർണിയ ഗവർണര്‍ കൂടിയായ അർനോൾഡ് ഷ്വാർസെനെഗര്‍ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ റഷ്യയിലെ ജനങ്ങൾക്കും റഷ്യൻ സൈനികർക്കും വൈകാരിക സന്ദേശം നല്‍കുന്നു.
"ഞാൻ ഇന്ന് നിങ്ങളോട് തുറന്ന് പറയുകയാണ്, കാരണം ലോകത്ത് നിങ്ങളിൽ നിന്ന് മറച്ചുവെക്കപ്പെടുന്ന കാര്യങ്ങൾ നടക്കുന്നുണ്ട്, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഭയാനകമായ കാര്യങ്ങളുണ്ട്," അദ്ദേഹം ശക്തമായ ഒമ്പത് മിനിറ്റ് വീഡിയോയിൽ റഷ്യൻ സൈനികർക്കരോടായി പറയുന്നു. യുദ്ധം റഷ്യ ഭരിക്കുന്നവരുടെ ആവശ്യമാണ്. യുക്രൈനില്‍ നാസികള്‍ ഉണ്ടെന്നും, റഷ്യയെ പഴയപ്രതാപത്തില്‍ ഉയര്‍ത്താനെന്നും, യുക്രൈനില്‍ നടക്കുന്നത് മിലിട്ടറി പരിശീലനം ആണെന്നും പറഞ്ഞാണ് നിങ്ങളെ വഞ്ചിക്കുന്നത്.
തന്റെ ആരാധനാപാത്രമായ റഷ്യൻ വെയ്റ്റ് ലിഫ്റ്റർ യൂറി വ്ലാസോവിനെ 14 വയസ്സുള്ളപ്പോൾ കണ്ടുമുട്ടിയതിനെക്കുറിച്ച് സംസാരിച്ചാണ് അര്‍നോള്‍ഡ് സംസാരം ആരംഭിക്കുന്നത്. ഇദ്ദേഹത്തിന്‍റെ ചിത്രം എന്‍റെ മുറിയില്‍ വച്ചിരുന്നു. എന്നാല്‍ മുന്‍ നാസി സൈനികനായ അച്ഛന്‍ അതിനെ എതിര്‍ത്തിട്ടും ഞാന്‍ മാറ്റിയില്ല. മോസ്കോയിലെ റെഡ് സ്ക്വയറിൽ ചിത്രീകരിച്ച ആദ്യത്തെ അമേരിക്കൻ ചിത്രമായ "റെഡ് ഹീറ്റ്"നെക്കുറിച്ചും തന്‍റെ റഷ്യന്‍ ആരാധകരെക്കുറിച്ചു അർനോൾഡ് ഷ്വാർസെനെഗര്‍ പറയുന്നു.
“റഷ്യൻ ജനതയുടെ ശക്തിയും ഹൃദയവും എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്, അതുകൊണ്ടാണ് യുക്രൈനിലെ യുദ്ധത്തെക്കുറിച്ചുള്ള സത്യം നിങ്ങളോട് പറയാൻ നിങ്ങൾ എന്നെ അനുവദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നത്, ഇത് യുക്രൈനെ 'ഡി-നാസിഫൈ' ചെയ്യാനുള്ള യുദ്ധമാണെന്ന് നിങ്ങളുടെ സർക്കാർ നിങ്ങളോട് പറഞ്ഞതായി എനിക്കറിയാം, ഇത് ശരിയല്ല. ക്രെംലിനിൽ അധികാരത്തിലുള്ളവരാണ് ഈ യുദ്ധം ആരംഭിച്ചത്. ഇത് റഷ്യൻ ജനതയുടെ യുദ്ധമല്ല"" -അർനോൾഡ് ഷ്വാർസെനെഗര്‍ പറയുന്നു.
“യുക്രെയ്നിലെ അവരുടെ പ്രവർത്തനങ്ങൾ കാരണം ലോകം റഷ്യക്കെതിരെ തിരിഞ്ഞിരിക്കുന്നു - കുട്ടികളുടെ ആശുപത്രിയും പ്രസവ ആശുപത്രിയും ഉൾപ്പെടെ റഷ്യൻ പീരങ്കികളും ബോംബുകളും ഉപയോഗിച്ച് നഗരങ്ങള്‍ മുഴുവൻ നിരപ്പാക്കിയിരിക്കുന്നു. യുദ്ധത്തിന്‍റെ ക്രൂരത കാരണം, റഷ്യ ഇപ്പോൾ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുന്നു, രണ്ടാം ലോകമഹായുദ്ധസമയത്ത് റഷ്യയിൽ നാസികൾക്കുവേണ്ടി പോരാടുമ്പോൾ തന്റെ പിതാവിനുണ്ടായ മുറിവുകൾ ഷ്വാർസെനെഗർ റഷ്യൻ സൈനികരോടുള്ള അഭ്യർത്ഥനയിൽ അനുസ്മരിച്ചു. ശാരീരികമായും മാനസികമായും തകർന്ന അദ്ദേഹം ജീവിതകാലം മുഴുവൻ വേദനയോടെയാണ് ജീവിച്ചത്. "ഈ സംപ്രേക്ഷണം കേൾക്കുന്ന റഷ്യൻ സൈനികരോട്... നിങ്ങൾ എന്റെ പിതാവിനെപ്പോലെ തകർക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല."-അർനോൾഡ് ഷ്വാർസെനെഗര്‍ പറയുന്നു.
“ഇത് നിങ്ങളുടെ മുത്തച്ഛന്മാരോ മുത്തച്ഛന്മാരോ നടത്തിയ റഷ്യയെ പ്രതിരോധിക്കാനുള്ള യുദ്ധമല്ല, ഇതൊരു നിയമവിരുദ്ധ യുദ്ധമാണ്. ലോകം മുഴുവനും അപലപിച്ച യുക്തിരഹിതമായ യുദ്ധത്തിനായി നിങ്ങളുടെ ജീവനും അവയവങ്ങളും ഭാവിയും ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു. "നിങ്ങൾ ഈ യുദ്ധം ആരംഭിച്ചു. നിങ്ങളാണ് ഈ യുദ്ധത്തിന് നേതൃത്വം നൽകുന്നത്. നിങ്ങൾക്ക് ഈ യുദ്ധം നിർത്താം." - പുടിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഷ്വാസ്‌നെഗർ പറഞ്ഞു