'താങ്കള്‍ ഒരു ഇന്ത്യക്കാരന്‍ അല്ലേ'? സോഷ്യല്‍ മീഡിയയിലെ ചോദ്യത്തിന് ബാബു ആന്‍റണിയുടെ മറുപടി
ഹെഡ്‍മാസ്റ്റര്‍ ആണ് ബാബു ആന്‍റണിയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം
ഒരിടവേളയ്ക്കു ശേഷം സിനിമകളില്‍ സജീവമാവുകയാണ് ബാബു ആന്‍റണി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറിലൂടെ പഴയ ആക്ഷന്‍ ഹീറോ ഇമേജിലേക്ക് തിരിച്ചെത്തുകയുമാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാബു ആന്‍റണി തന്നെ തേടിയെത്തിയ ഒരു ചോദ്യത്തിന് ഫേസ്ബുക്കില്‍ നല്‍കിയ മറുപടി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
മോഹന്‍ലാലിനും എ ജി സോമനുമൊപ്പമുള്ള ഒരു പഴയ ലൊക്കേഷന്‍ ചിത്രം ബാബു ആന്‍റണി ഇന്ന് പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് ഒരാള്‍ ഒരു പരാമര്‍ശവുമായി എത്തിയത്. 'താങ്കൾ ഒരു ഇന്ത്യക്കാരൻ അല്ലേ.. രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. അതിനെ സംബന്ധിച്ച് ഒന്നും താങ്കളുടെ പേജിൽ കാണാനില്ല..' എന്നായിരുന്നു പോസ്റ്റിനു താഴെ ഉയര്‍ന്ന ചോദ്യം. ഇതിന് വൈകാതെ തന്നെ ബാബു ആന്‍റണിയുടെ മറുപടി വന്നു. 'താങ്കള്‍ ഇന്ത്യയില്‍ അല്ലേ, നാളെയാണ് സുഹൃത്തേ 75 എന്നായിരുന്നു' താരത്തിന്‍റെ മറുപടി. ഒരു മണിക്കൂറിനുള്ളില്‍ അയ്യായിരത്തിലേറെ റിയാക്ഷനുകളാണ് ബാബു ആന്‍റണിയുടെ കമന്‍റിന് ലഭിച്ചിരിക്കുന്നത്.
ALSO READ : സസ്പെന്‍സ് നിറച്ച് പൃഥ്വിരാജ്, മുരളി ഗോപി; 'തീര്‍പ്പ്' ട്രെയ്‍ലര്‍
ഹെഡ്മാസ്റ്റര്‍ ആണ് ബാബു ആന്‍റണിയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. കാരൂരിന്‍റെ പ്രശസ്ത കഥ പൊതിച്ചോറിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. നവാഗതനായ സന്ദീപ് ജെ എല്‍ സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റ് എസ്കേപ്പ്, നവാഗതനായ വിനു വിജയ്‍യുടെ സാന്‍റാ മരിയ, ഒമര്‍ ലുലുവിന്‍റെ പവര്‍ സ്റ്റാര്‍ എന്നിവയാണ് ബാബു ആന്‍റണിയുടെ മലയാളത്തിലെ അപ്കമിംഗ് ചിത്രങ്ങള്‍. തമിഴില്‍ വിക്രം നായകനാവുന്ന കോബ്രയിലും മണി രത്നം ഒരുക്കുന്ന ബിഗ് ബജറ്റ് എപിക് പിരീഡ് ഡ്രാമ പൊന്നിയിന്‍ സെല്‍വനിലും ബാബു ആന്‍റണിക്ക് വേഷമുണ്ട്. ഇതില്‍ ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് പവര്‍ സ്റ്റാര്‍. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണ് ഇത്.