ഷാജി കൈലാസിന്‍റെ 'കാപ്പ' സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് അപര്‍ണ ബാലമുരളി: വീഡിയോ

കൊട്ട മധു എന്ന ഗുണ്ടാനേതാവായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്

aparna balamurali birthday celebration at location of shaji kailas movie kaapa prithviraj sukumaran video

താന്‍ നായികയാവുന്ന പുതിയ ചിത്രം കാപ്പയുടെ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് അപര്‍ണ ബാലമുരളി. ഇന്നലെയായിരുന്നു അപര്‍ണയുടെ പിറന്നാള്‍ ദിനം. അപർണയുടെ ജന്മദിനമാണെന്ന് അറിഞ്ഞതോടെ നിർമ്മാതാക്കളായ ജിനു വി എബ്രഹാമിന്‍റെയും ഡോൾവിന്‍റെയും നേതൃത്വത്തില്‍ ലളിതമായ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു. കേക്ക് മുറിക്കലിനൊപ്പം സെറ്റില്‍ സദ്യയും ഒരുക്കിയിരുന്നു. ശംഖുമുഖം കടപ്പുറത്തിനടുത്തുള്ള ഒരു വലിയ ബംഗ്ളാവിലായിരുന്നു ആഘോഷ പരിപാടികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നു വന്നത്.

പൃഥ്വിരാജിന്‍റെ നായികയാണ് ചിത്രത്തില്‍ അപര്‍ണ. കൊട്ട മധു എന്ന ഗുണ്ടാനേതാവായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. കടുവ നേടിയ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജി ആര്‍ ഇന്ദുഗോപന്‍റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് ഷാജി കൈലാസ് ചിത്രമൊരുക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന നോവെല്ലയാണ് ശംഖുമുഖി. 2021ല്‍ ചിത്രം പ്രഖ്യാപിച്ച സമയത്ത് വേണു സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്ന പ്രോജക്റ്റ് ആണിത്. പിന്നീട് ഇത് ഷാജി കൈലാസിലേക്ക് എത്തുകയായിരുന്നു. 

ALSO READ : ആ​ഗോള ഓപണിം​ഗില്‍ 'വിക്ര'ത്തെയും മറികടന്ന് 'ബ്രഹ്‍മാസ്ത്ര'; ഈ വര്‍ഷത്തെ ഇന്ത്യന്‍ ചിത്രങ്ങളില്‍ നാലാമത്

ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭവുമാണ് ഇത്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ജൂലൈ 15ന് തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അപര്‍ണയ്ക്കു പകരം മഞ്ജു വാര്യരെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെത്തുടര്‍ന്ന് മഞ്ജു പിന്മാറുകയായിരുന്നു.

ആസിഫ് അലി, അന്ന ബെന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പിആര്‍ഒ വാഴൂര്‍ ജോസ്.

Latest Videos
Follow Us:
Download App:
  • android
  • ios