'ഇനിയും വിവാഹിതരാകാത്തവരോട് പറയാനുള്ളത്'; അശ്വതി ശ്രീകാന്ത് പറയുന്നു

"എത്ര കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയാണ് അച്ഛനമ്മമാര്‍ കല്യാണം നടത്തിയതെന്ന ബോധ്യം ഉള്ളത് കൊണ്ടാണ് പല പെണ്‍കുട്ടികളും ഗാര്‍ഹിക പീഡനം സഹിക്കുന്നത്"

anchor and actress aswathy sreekanth talks about kollam recently happend dowry issues suicide

അവതാരകയായെത്തി അഭിനയത്തിലേക്ക് ചുവടുവച്ച താരമാണ് അശ്വതി ശ്രീകാന്ത്. സ്‌ക്രീനിലെത്തുന്നു എന്നതിലുപരിയായി എഴുത്തുകാരിയായും ആക്ടിവിസ്റ്റായുമെല്ലാം അശ്വതി മലയാളികള്‍ക്ക് പരിചിതയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ അശ്വതി, പല സാമൂഹികപ്രശ്‌നങ്ങളിലും തന്‍റേതായ നിലപാടുകള്‍ അറിയിക്കാറുണ്ട്. കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധനപീഡനത്തിനൊടുവില്‍ യുവതി തൂങ്ങിമരിച്ചതിലുള്ള സംവാദങ്ങള്‍ സോഷ്യല്‍മീഡിയയിലും മറ്റും ചര്‍ച്ചയാകുമ്പോള്‍ ഇനിയും വിവാഹം കഴിക്കാത്ത പെണ്‍കുട്ടികളോട് പറയാനുള്ളതെന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

വീട്ടുകാര്‍ കഷ്ടപ്പെട്ട് വിവാഹം കഴിപ്പിച്ചുവിടുന്നു എന്ന ബോധ്യത്തില്‍നിന്നാണ് ഇന്നും പലരും നിശബ്ദമായി സഹിക്കുന്നതെന്നും. കല്ല്യാണം കഴിപ്പിച്ചുവിടുക എന്നത് കൊലക്കളത്തിലേക്ക് ആളുകളെ ഇറക്കിവിടുന്നപോലുള്ള അവസ്ഥയായെന്നുമാണ് അശ്വതി പറയുന്നത്. 'സ്ത്രീധനത്തോട് ഇനി നോ പറയാം' എന്നുപറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

അശ്വതിയുടെ കുറിപ്പ്

'പറയാനുള്ളത് ഇനിയും വിവാഹിതാവാത്ത പെണ്‍കുട്ടികളോടാണ്.. വീട്ടില്‍വന്ന് പഴയ പത്രക്കടലാണ് എടുക്കുന്നവര്‍പോലും നമുക്ക് ഇങ്ങോട്ടാണ് പണം താരാറ്. അത് ഒഴിവാക്കേണ്ടത് വീട്ടുകാരുടെ ആവശ്യമായാല്‍ക്കൂടി. അപ്പോള്‍ അങ്ങോട്ട് പണംകൊടുത്ത്, പൊന്നുകൊടുത്ത് തൃപ്തിയാകുമ്പോള്‍ കൂടെ കൊണ്ടുപോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങളെന്ന ബോധ്യം ഉണ്ടാവണം.'

''എത്ര കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയാണ് അച്ഛനമ്മമാര്‍ കല്യാണം നടത്തിയതെന്ന ബോധ്യം ഉള്ളത് കൊണ്ടാണ് പല പെണ്‍കുട്ടികളും ഗാര്‍ഹിക പീഡനം സഹിക്കുന്നത്, വീട്ടുകാരെ പോലും അറിയിക്കാത്തത്. അച്ഛനോ അമ്മയോ രോഗാവസ്ഥയില്‍ കൂടിയാണെങ്കില്‍ സഹനം അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഉറപ്പിക്കുന്നവരാണ് അധികവും. ഇനി സഹായത്തിനായി കൈ നീട്ടുന്നവരെ പോലും കൊലക്കളത്തിലേക്ക് തിരികെ പറഞ്ഞു വിടുന്നത്ര ക്രൂരമാണ് പലപ്പോഴും സമൂഹത്തിന്‍റെ മനോഭാവം...'കെട്ടിയോന്‍റെ വീട്ടില്‍ അടങ്ങി നില്‍ക്കാതെ ചാടി പോന്നവളെന്ന' പഴി കേട്ട പലരും ആ വരവ് കൊണ്ടാവും ഇന്നും ജീവിച്ചിരിക്കുന്നത്. പറ്റാത്ത ഇടങ്ങളില്‍ നിന്ന് ഇറങ്ങി പോരുന്നവരെ വിധിക്കാതിരിക്കാനുള്ള മാന്യത ഉയര്‍ന്ന മൂല്യ ബോധമുള്ള ഒരു സമൂഹമെന്ന നിലയില്‍ നമ്മളും കാണിക്കേണ്ടതാണ്.''

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios