'മലൈക്കോട്ടൈ വാലിബനിൽ ഞാനും ഉണ്ട്': തുറന്നുപറഞ്ഞ് സുചിത്ര നായർ
ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥി ആയിരുന്ന അശ്വിന്റെ പിറന്നാൾ ആഘോഷ വേളയിൽ ആണ് സുചിത്ര ഇക്കാര്യം അറിയിച്ചത്.
വാനമ്പാടി എന്ന സീരിയലിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സുചിത്ര നായർ. പിന്നീട് ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി സുചിത്ര തിളങ്ങി. സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായ സുചിത്ര അൻപത് ദിവസവും പൂർത്തിയാക്കിയ ശേഷമാണ് ഷോയിൽ നിന്നും പുറത്തായത്. അടുത്തിടെ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനിൽ നടി അഭിനയിക്കുന്നുവെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. മോഹന്ലാലുമൊത്തുന്ന ഒരു ഫോട്ടോ പങ്കുവച്ചത് ആയിരുന്നു ഇതിന് കാരണം. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സുചിത്ര.
മലൈക്കോട്ടൈ വാലിബനിൽ താൻ അഭിനയിക്കുന്നു എന്നാണ് സുചിത്ര അറിയിച്ചിരിക്കുന്നത്. ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥി ആയിരുന്ന അശ്വിന്റെ പിറന്നാൾ ആഘോഷ വേളയിൽ ആണ് സുചിത്ര ഇക്കാര്യം അറിയിച്ചത്.
"മലൈക്കോട്ടൈ വാലിബൻ എന്ന നമ്മുടെ ലാലേട്ടന്റെ സിനിമ ചെയ്തിട്ട് വന്നേക്കുവാണ്. അത് ഓണം റിലീസ് ആണെന്ന് തോന്നു. കറക്ടായിട്ട് അക്കാര്യം അറിയില്ല. രാജസ്ഥാനിൽ ഇപ്പോഴും ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കയാണ്. ഞാൻ വാലിബനിൽ ഉണ്ടോ ഇല്ലയോ എന്ന ഉഹാപോഹങ്ങൾ മാത്രമാണ് ഇതുവരെ നടന്നത്. ലാലേട്ടനൊപ്പം ഉള്ള ഫോട്ടോ കണ്ടപ്പോൾ എല്ലാവരും അത് ഉറപ്പിച്ചു. ഇപ്പോൾ ഞാനായിട്ട് പറയുകയാണ് മലൈക്കോട്ടൈ വാലിബനിൽ ഞാൻ ഉണ്ട്. സിനിമയിൽ നിന്നും ഇനി എന്നെ കട്ട് ചെയ്ത് കളയോ(ചിരിക്കുന്നു). സിനിമയിലേത് നല്ലൊരു കഥാപാത്രമാണ്", എന്നാണ് സുചിത്ര പറഞ്ഞത്.
മലയാളികൾ ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലൊരു സിനിമ. അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ സിനിമ പ്രഖ്യാപിച്ചപ്പോൾ ഇരുകയ്യും നീട്ടി പ്രേക്ഷർ അത് ഏറ്റെടുത്തു. സസ്പെൻസുകൾക്ക് ഒടുവിൽ ‘മലൈക്കോട്ടൈ വാലിബൻ' എന്ന പേര് കൂടി പുറത്തുവന്നതോടെ ആരാധകരുടെ ആവേശത്തിന് അതിരുകൾ ഇല്ലായിരുന്നു. പൂര്‍ണമായും രാജസ്ഥാനില്‍ ആണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
'നല്ല സമയ'ത്തിനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി; നന്ദി പറഞ്ഞ് ഒമർ ലുലു
ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് മലൈക്കോട്ടെ വാലിബൻ നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആണ് ഷൂട്ടിംഗ്. പി എസ് റഫീക്കിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മണികണ്ഠൻ ആചാരിയും ഹരി പ്രശാന്തും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.