Shafna : 'ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും, നീയാണ് എന്റെ അനുഗ്രഹം'; വിവാഹ വാർഷികത്തിൽ സജിനോട് ഷഫ്ന
പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്നയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്ന( shafna). ബിഗ് സ്ക്രീനിൽ തിളങ്ങിയ ഷഫ്ന കഥ പറയുമ്പോള്‍, ആഗതന്, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിൽ നിന്നും മാറി മിനിസ്ക്രീനിൽ സജീവമായിരിക്കുകയാണ് ഷഫ്നയിപ്പോൾ. സാന്ത്വനം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ സജിനാണ്(sajin) ഷഫ്നയുടെ ഭർത്താവ്. തങ്ങളുടെ എട്ടാം വിവാഹ വാർഷിക ദിനത്തിൽ ഷഫ്ന പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
"നമുക്ക് വിവാഹ വാർഷികാശംസകൾ, ഇന്നലെ രാത്രി സംസാരിച്ചത് പോലെ നമ്മുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിലേറെ ആയതേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അത് നിന്നിൽ നിന്നും കേൾക്കുന്നതാണ് എനിക്കേറെ സന്തോഷം. എന്നോടൊപ്പമുള്ള ജീവിതം നിന്നെ ബോറഡിപ്പിക്കുന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അതാണ് നമ്മുടെ ജീവിതം ഇനിയുമേറെ മികച്ചതാക്കാൻ ആവേശം ഉളവാക്കുന്ന കാര്യവും. എന്നും ഞാൻ പറയുന്നത് പോലെ ഇനിയും ഞാൻ പറഞ്ഞു കൊണ്ടേയിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് നീ...നീ ഇല്ലെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല..അതാണ് എന്റെ പേടിസ്വപ്നവും. നിന്നെ എന്റെ അടുത്തേക്ക് അയച്ച അള്ളാഹുവിന്റെ സ്നേഹവും അനുഗ്രഹവും ഞാനറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു ഇക്കാ. കൈകൾ കോർത്തും മുറുകെ കെട്ടിപ്പിടിച്ചും പരിധിയില്ലാതെ ചുംബിച്ചും പരസ്പരം താങ്ങായും എന്നും കൂടെയിരുന്നും നമുക്ക് ഓരോ നിമിഷവും മുന്നോട്ട് പോകാം... വിവാഹ വാർഷികാശംസകൾ.." എന്നാണ് ഷഫ്ന കുറിച്ചത്.
കുറിപ്പിനൊപ്പം സജിനൊപ്പമുള്ള തന്റെ ഫോട്ടോയും ഷഫ്ന പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പ്രിയ താരങ്ങൾക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് ഷഫ്ന.