'എന്റെ മരണം വരെ സിനിമയോട് സ്നേഹവും കടപ്പാടും ഉണ്ടാകും'; പൊന്നമ്മ ബാബു
സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സിനിമ തന്നെ വന്ന് ക്ഷണിച്ചു കൊണ്ടുപോയതാണ് എന്നാണ് പൊന്നമ്മ പറയുന്നത്.
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി ഒരേപോലെ സജീവമായ താരമാണ് പൊന്നമ്മ ബാബു. സ്റ്റേജ് പരിപാടികളും സജീവമായി പങ്കെടുക്കാറുണ്ട്. കോമഡിയായാലും വില്ലത്തരമായാലും തനിക്ക് വഴങ്ങുമെന്ന് പൊന്നമ്മ വളരെ മുന്‍പേ തെളിയിച്ചിരുന്നു. നാടകത്തിലൂടെ ആയിരുന്നു നടി കലാരംഗത്തേക്ക് എത്തിയത്. പടനായകനിലൂടെ ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ അവർ ഭാഗമായി.
പതിനെട്ടു വർഷങ്ങൾക്ക് ശേഷം സീരിയലിൽ തിരിച്ചെത്തിയിരിക്കുകയാണ് പൊന്നമ്മ ബാബു. 'സീരിയലിൽ അഭിനയിക്കുമെന്ന് ധാരണയൊന്നുമില്ലായിരുന്നു. എന്നെങ്കിലും അഭിനയിക്കുമെന്ന് അറിയാം, പക്ഷേ സിനിമയുടെ തിരക്ക് കൊണ്ട് ഇതുവരെ പറ്റിയിരുന്നില്ല' എന്നാണ് മിസിസ് ഹിറ്റ്ലറിലെ അഭിനയത്തെ കുറിച്ച് നടി പറയുന്നത്. മൈൽസ്റ്റോൺ മേക്കേസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പൊന്നമ്മ ബാബുവിന്റെ പ്രതികരണം.
തന്റെ ഒരുക്കത്തെ കുറിച്ചും പൊന്നമ്മ ബാബു പറയുന്നുണ്ട്. സാധാരണ സിമ്പിളായാണ് ഒരുങ്ങുന്നത്. എങ്കിലും ലിപ്സ്റ്റിക് നിർബന്ധമാണ്. സ്‌ക്രീനിൽ കഥാപാത്രത്തിനനുസരിച്ച് വേഷവും ഓർണമെന്റ്സും ധരിക്കും. ഇതിനെല്ലാം ആരാധകരുണ്ട്. പലരും ഇതെവിടെ നിന്ന് വാങ്ങിയതാണെന്ന് ചോദിക്കാറുണ്ടെന്നും താരം പറയുന്നു. സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സിനിമ തന്നെ വന്ന് ക്ഷണിച്ചു കൊണ്ടുപോയതാണ് എന്നാണ് പൊന്നമ്മ പറയുന്നത്.
താൻ അവസരം ചോദിച്ചു അങ്ങോട്ട് ചെന്നതല്ല, അതുകൊണ്ട് എന്റെ മരണം വരെ സിനിമയോട് സ്നേഹവും കടപ്പാടും ഉണ്ടായിരിക്കും. അന്നത്തെ സാഹചര്യത്തിൽ ഡയലോഗ് കാണാതെ പഠിച്ച് ഒറ്റ ടേക്കിൽ റെഡിയാക്കണം. അല്ലെങ്കിൽ അടുത്ത സിനിമയിൽ ചിലപ്പോൾ അവസരം കിട്ടില്ല, ആ സാഹചര്യം വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും പൊന്നമ്മ ബാബു പറയുന്നു.
'16 വയസിലായിരുന്നു വിവാഹം. 21 വയസിനുള്ളില്‍ മൂന്ന് മക്കളെ പ്രസവിച്ചു. നല്ല പ്രായത്തില്‍ എല്ലാം ചെയ്തു. പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും വന്നു. കഴിഞ്ഞ് പോയത് ഓര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നും. ഞാന്‍ ഇത്രയും കടമ്പകള്‍ കടന്നോയെന്ന് സ്വയം ചിത്രിക്കാറുണ്ട്', എന്നും പൊന്നമ്മ പറയുന്നു.
സൂപ്പർശരണ്യ ടീം വീണ്ടും ഒന്നിക്കുന്നു; 'പ്രണയ വിലാസം' ഫെബ്രുവരി 24 മുതൽ
പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും പൊന്നൂസ് എന്നാണ് വിളിക്കാറുള്ളത്. കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചതെന്നും പൊന്നമ്മ പറഞ്ഞിരുന്നു. മൂന്നൂറിലധികം സിനിമകളില്‍ പൊന്നമ്മ ബാബു ഇതേവരെ അഭിനയിച്ചിട്ടുണ്ട്.