'ആരാധനയാണ് അന്ന് മീരയെ ഓര്‍ക്കാന്‍ കാരണം'; കുറിപ്പുമായി ഗായത്രി അരുണ്‍

പുസ്തകം മഞ്ജു വാര്യര്‍ക്ക് സമ്മാനിക്കുന്നതും, മോഹന്‍ലാലിന് സമ്മാനിക്കുന്നതുമായ ചിത്രങ്ങളെല്ലാം ഗായത്രിതന്നെ മുന്നേ പങ്കുവച്ചിരുന്നു. 

actress gayathri arun handover her achappam kathakal book to writer kr meera

രസ്പരം എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതയായ ഗായത്രി അരുണ്‍, കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത് ഒരു എഴുത്തുകാരിയായാണ്. പരസ്പരത്തിലെ ദീപ്തി ഐ.പി.എസ്, വണ്‍ മൂവിയിലെ സീന എന്നീ കഥാപാത്രങ്ങളെ മലയാളിക്ക് അനശ്വരമാക്കിയതിനു പിന്നാലെയായിരുന്നു തന്റെ പുസ്തകത്തിന്റെ പ്രകാശനവുമായി ഗായത്രി എത്തിയത്. മോഹന്‍ലാല്‍ ആയിരുന്നു തന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം നടത്തിയത്. 'അച്ഛപ്പം കഥകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം, ഗായത്രിയുടെ അച്ഛനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും, അച്ഛനെക്കുറിച്ചുള്ള കഥകളുടേയും സമാഹാരമാണ്.

പുസ്തകം മഞ്ജു വാര്യര്‍ക്ക് സമ്മാനിക്കുന്നതും, മോഹന്‍ലാലിന് സമ്മാനിക്കുന്നതുമായ ചിത്രങ്ങളെല്ലാം ഗായത്രിതന്നെ മുന്നേ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിക്ക് അച്ഛപ്പം കഥകള്‍ കൈമാറിയ സന്തോഷമാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. പ്രിയ എഴുത്തുകാരിയായ കെ.ആര്‍ മീരയ്ക്കാണ് താരം പുസ്തകം കൈമാറിയിരിക്കുന്നത്.  മീരയുടെ എത്രവലിയ ആരാധികയാണ് ഗായത്രിയെന്ന് താരത്തിന്റെ കുറിപ്പ് വായിക്കുമ്പോള്‍ത്തന്നെ മനസിലാകുന്നുണ്ടെന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്.

താരത്തിന്റെ കുറിപ്പ് വായിക്കാം

'2014-ല്‍ അശ്വമേധം എന്ന ടിവി ഷോയില്‍ ഗസ്റ്റ് ആയി എനിക്ക് ക്ഷണം കിട്ടി. ഏതു വ്യക്തിയെ മനസ്സില്‍ ഓര്‍ക്കണം എന്ന് അധികം ആലോചിക്കേണ്ടി വന്നില്ല. ഏതു പേരും നിഷ്പ്രയാസം കണ്ടെത്തുന്ന ജീനിയസ് ശ്രീ ജി.എസ്. പ്രദീപിന് എന്റെ മനസിലെ വ്യക്തിയെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ആ പേര് മനസ്സില്‍ ഓര്‍ത്തത്. ആ ചിന്ത തെറ്റിയില്ല. കുറച്ച് ചോദ്യങ്ങള്‍ കൊണ്ട് തന്നെ മനസിലെ ആ വ്യക്തിയെ അദ്ദേഹം കണ്ടെത്തി. അന്ന് ഞാന്‍ പറഞ്ഞു അങ്ങേയ്ക്ക് പുഷ്പം പോലെ ആ പേര് കണ്ടെത്താന്‍ കഴിയും എന്നെനിക്കറിയാം. പക്ഷെ ആ എഴുത്തുകാരിയോടുള്ള ആരാധന കൊണ്ടാണ് പരാജയപ്പെടും എന്ന് അറിഞ്ഞു കൊണ്ട് ഞാന്‍ ആ പേര് തന്നെ മനസ്സില്‍ ഓര്‍ത്തത്.

കെ.ആര്‍.മീര എന്ന എഴുത്തുകാരിയുടെ 'ആരാച്ചാര്‍'എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡ് നേടിയ ഉടനെ നടന്ന ആ പരിപാടിയില്‍ ഞാന്‍ എന്റെ പ്രിയ എഴുത്തുകാരിയെ അല്ലാതെ ആരെ ഓര്‍ക്കാന്‍. ഇന്നിതാ അച്ഛപ്പം കഥകള്‍ എന്ന എന്റെ ഈ ചെറിയ പുസ്തകം ആ കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം. പുസ്തകം കൈമാറി ദിലീപേട്ടന്‍ ഇട്ടു തന്ന ഒന്നാന്തരം കാപ്പിയും കുടിച്ച് ഇരിക്കുമ്പോ ഞാന്‍ ഒരു ആരാധികയുടെ ആകാംക്ഷയില്‍ ചോദിച്ചു. എങ്ങനെയാണ് കൊല്‍ക്കത്തയും അവിടുത്തെ കള്‍ച്ചറും ആ കുടുക്കും (ആരാചാരുടെ മരണ കുടുക്ക്) ഒക്കെ ഇത്ര കൃത്യമായി മനസ്സില്‍ വന്നത് എന്ന്. കിട്ടിയ മറുപടി 'അറിയില്ല, പക്ഷെ നമ്മുടെ ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന പല ചിന്തകളും നാം വായിച്ച പല അനുഭവങ്ങളും നാമറിയാതെ വാക്കുകള്‍ ആയി പുറത്ത് വരുന്നതാവാം. അതാണ് എഴുത്തിന്റെ ശക്തി' എന്നാണ്. അത്തരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവങ്ങളിലൂടെ ഒരു എഴുത്തുകാരിയായി തുടരാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നു ആ വാക്കുകള്‍.'

Latest Videos
Follow Us:
Download App:
  • android
  • ios