'ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല'; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഐശ്വര്യ
സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യയുടെ പ്രതികരണം
തെരുവുകള്‍ തോറും സോപ്പ് വിറ്റ് ഉപജീവനം നടത്തുന്ന തന്‍റെ സാഹചര്യത്തെക്കുറിച്ച് നടി ഐശ്വര്യ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ തൊഴിലിലും തനിക്ക് നേരിടേണ്ടിവന്നിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് പറയുകയാണ് അവര്‍. സോപ്പ് കച്ചവടവുമായി ബന്ധപ്പെട്ട് തന്‍റെ കോണ്‍ടാക്റ്റ് നമ്പറുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇതിലൂടെ പല മോശം മെസേജുകളും കാണേണ്ടിവരുന്നുവെന്നും പറയുന്നു അവര്‍. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യയുടെ പ്രതികരണം
ഐശ്വര്യ ഭാസ്കരന്‍ പറയുന്നു
കഴിഞ്ഞ ഒന്നര ആഴ്ചയായി തുടര്‍ന്നുവരുന്ന ഒരു കാര്യത്തെക്കുറിച്ച് പറയാനാണ് ഈ വീഡിയോ. സോപ്പ് കച്ചവടവുമായി ബന്ധപ്പെട്ട് എന്‍റെ കോണ്‍ടാക്റ്റ് നമ്പറുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും നല്‍കിയിരുന്നു. പലരും ഈ നമ്പര്‍ ദുരുപയോഗം ചെയ്യുകയാണ്. രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമേ മെസേജ് അയക്കാവൂ എന്ന് പറഞ്ഞിട്ടും അര്‍ധരാത്രിയും അസമയത്തും മെസേജുകള്‍ കൊണ്ടുള്ള ശല്യമാണ്. മൂന്ന് പുരുഷന്മാരാണ് ഇതില്‍ പ്രധാനികള്‍. ട്രൂ കോളറിലൂടെ അവരുടെ പേരും കിട്ടിയിട്ടുണ്ട്. ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്. എന്നെയല്ല. ഞാന്‍ നിന്നെയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. വയസ്സായാലും കാണാന്‍ കൊള്ളാം എന്നാണ് ഒരാളുടെ മെസേജ്. വേറൊരുത്തന്‍ സ്വകാര്യ ഭാഗങ്ങളുടെ ചിത്രമാണ് അയച്ചുതന്നത്.
ഇത്തരം ശല്യം തുടരവെ ഒരു ദിവസം എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഇതിന് ഒരു അവസാനം കാണണമെന്ന് എന്‍റെ മകള്‍ പറഞ്ഞത് അന്നായിരുന്നു. വീഡിയോയിലൂടെ നിങ്ങള്‍ എന്‍റെ വീട് മാത്രമേ കണ്ടിട്ടുള്ളൂ. എന്‍റെ പക്കലുള്ള രഹസ്യായുധം കണ്ടിട്ടില്ല. സെര്‍ബിയന്‍ ബ്ലഡ്ലൈന്‍ റോട്ട് വീലര്‍ നാലെണ്ണമാണ് എനിക്കൊപ്പമുള്ളത്. ഇങ്ങോട്ട് തപ്പിപ്പിടിച്ച് വന്നാല്‍ തിരിച്ചുപോക്ക് കഷ്ടമായിരിക്കും. ഒരു സ്ത്രീ തനിച്ച് താമസിച്ചാല്‍ നിങ്ങള്‍ എന്താണ് കരുതുന്നത്? ആര്‍ക്കും വന്നുപോകാമെന്നോ. അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍. എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര്‍ എന്‍റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്.