'കാംബോജി 2 എപ്പോള്‍ വരുമെന്ന് ചോദിക്കുന്നവരുണ്ട്'; ട്രോളുകളില്‍ വിനീതിന്‍റെ പ്രതികരണം
"എനിക്കൊരു പേരുമുണ്ട്. അനുരാഗ സിങ്കം. എന്‍റെ ചില വീഡിയോകള്‍ നോക്കിയാല്‍ അതിനു താഴെ കമന്‍റുകളുമായിട്ട് ഈ അനുരാഗ സിങ്കം ഗ്യാങ് വരും"
ട്രോളുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള ചില സിനിമകളും കഥാപാത്രങ്ങളുമുണ്ട്. നടന്‍ വിനീതിനെ സംബന്ധിച്ച് അത്തരത്തിലൊരു സിനിമയാണ് കാംബോജി. 2017 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിച്ചത്. ട്രോളുകളില്‍ വിനീതിന് അനുരാഗ സിങ്കം എന്ന പേര് ചാര്‍ത്തിക്കൊടുത്തും ഈ ചിത്രമായിരുന്നു. ചിത്രത്തിന്‍റെ പോസ്റ്ററിലെ വിശേഷണമായിരുന്നു ഇത്. കാംബോജി ട്രോളുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ വിനീത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ചോദ്യത്തോട് സരസമായി പ്രതികരിക്കുന്ന വിനീത് കാംബോജി 2 എപ്പോള്‍ എന്ന ചോദ്യം തനിക്ക് എപ്പോഴും ലഭിക്കാറുണ്ടെന്നും പറയുന്നു.
"നല്ല പ്രൊമോഷനോടെ എത്തിയ സിനിമയായിരുന്നു കാംബോജി. എന്നാല്‍ റിലീസിന് രണ്ട് ദിവസം മുന്‍പ് സിനിമാ സമരം തുടങ്ങി. നാലഞ്ച് മാസം നീണ്ടുനിന്നു ആ സമരം. ഒരു റിട്ട. ലേഡി പ്രൊഫസര്‍ ആയിരുന്നു ആ ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ജീവിതസമ്പാദ്യം കൊണ്ടാണ് അവര്‍ ആ സിനിമ ചെയ്തത്. അത്ര നല്ല തിരക്കഥയുമായിരുന്നു ആ സിനിമയുടേത്", വിനീത് പറയുന്നു. ട്രോളുകളെക്കുറിച്ചുള്ള ചോദ്യത്തിന് വിനീതിന്‍റെ മറുപടി ഇങ്ങനെ- "കാംബോജി ട്രോളുകള്‍ എനിക്ക് ആരൊക്കെയോ അയച്ചുതന്നിട്ടുണ്ട്. പക്ഷേ ഞാനത് ആസ്വദിച്ചിട്ടുണ്ട്. എഫ്ബിയില്‍ ഇന്നും വരും മെസേജുകള്‍. ചേട്ടാ, കാംബോജി 2 എപ്പോള്‍? കട്ട വെയ്റ്റിംഗ് എന്നൊക്കെ പറഞ്ഞ്.. ഞാന്‍ അവയോട് പ്രതികരിക്കാറില്ല. എനിക്കൊരു പേരുമുണ്ട്. അനുരാഗ സിങ്കം. എന്‍റെ ചില വീഡിയോകള്‍ നോക്കിയാല്‍ അതിനു താഴെ കമന്‍റുകളുമായിട്ട് ഈ അനുരാഗ സിങ്കം ഗ്യാങ് വരും. ആഹാ, നമ്മുടെ അനുരാഗ സിങ്കം. തജ്ജം തഗജം തരിതിടതോം. പക്ഷേ എനിക്കത് രസമായിട്ടാണ് തോന്നിയിട്ടുള്ളത്. പോസിറ്റീവ് ആണ് അത്. എന്തിനാണ് ഇത് എന്നൊന്നും തോന്നിയിട്ടില്ല. അത് ഫണ്‍ ആണ്", വിനീത് പറഞ്ഞുനിര്‍ത്തി.
അതേസമയം ട്രോളുകളോടുള്ള വിനീതിന്‍റെ പോസിറ്റീവ് ആയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്. വിമര്‍ശനങ്ങളോടും പരിഹാസങ്ങളോടുമുള്ള സിനിമാപ്രവര്‍ത്തകരുടെ സമീപകാലത്തെ പല പ്രതികരണങ്ങളിലുമുള്ള അസഹിഷ്ണുതയുമായി ചേര്‍ത്തുവച്ചാണ് വിനീതിന്‍റെ വ്യത്യസ്തമായ പ്രതികരണം വായിക്കപ്പെടുന്നത്.