'മാളികപ്പുറത്തിൽ ഒരു ബാഹുബലി കഥാപാത്രം പ്രതീക്ഷിക്കുന്നു'എന്ന് കമന്റ്; ഉണ്ണി മുകുന്ദന്റെ മറുപടി ഇങ്ങനെ
ചിത്രം ഡിസംബർ 30 നാളെ തിയറ്ററുകളിൽ എത്തും.
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ്. ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ഡിസംബർ 30 നാളെ തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ തന്റെ പോസ്റ്റിന് വന്നൊരു കമന്റിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.
'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ...!', എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചത്. ഇതിന് താഴെ, 'അതെ ബാഹുബലി പോലെ ഒരു കഥാപാത്രം പ്രതീക്ഷിക്കുന്നു. ഉണ്ണിമുകുന്ദൻ' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാല മറുപടിയുമായി നടനും രംഗത്തെത്തി. 'ഡിസംബർ 30ന് ഞാൻ എന്റെ ബാഹുബലിയെ സ്ക്രീനിൽ കാണിച്ചു തരും', എന്നായിരുന്നു ഉണ്ണിയുടെ മറുപടി. താരത്തിന്റെ പ്രതികരണം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരുടെ കമന്റുകൾക്കും ഉണ്ണി മറുപടി നൽകിയിട്ടുണ്ട്.
അതേസമയം, മാളികപ്പുറത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് പ്രേക്ഷകർക്ക് സ്വന്തമാക്കാവുന്നതാണ്. ഹരിവരാസനം കീര്‍ത്തനം ചിത്രത്തിനുവേണ്ടി പുനരാവിഷ്കരിച്ചിരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
'ആസിഫ് അലി ഉഗ്രൻ നടൻ; മന:പൂർവ്വം താറടിച്ച് കാണിക്കുന്നത് സങ്കടമാണ്': മാലാ പാർവതി