'റോബിന്‍ വാക്ക് പാലിച്ചു'; പക്വതയോടെ സംസാരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷമായെന്ന് മനോജ് കുമാര്‍
ആദ്യം ചെയ്ത വീഡിയോയുടെ ലിങ്ക് തനിക്ക് കിട്ടിയിരുന്നു എന്നും അത് കണ്ടാല്‍ സങ്കടം വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് കണ്ടിട്ടില്ലെന്നും റോബിൻ പറഞ്ഞതായി മനോജ് പറയുന്നു.
മുൻ ബിഗ് ബോസ് മലയാളം മത്സരാർത്ഥി റോബിൻ രാധാകൃഷ്ണനെ കുറിച്ചുള്ള നടൻ മനോജ് കുമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. റോബിന്‍ ഫാന്‍ എന്ന് വിളിക്കുന്നതിലും ഭേദം വെടിവച്ച് കൊല്ലുന്നതാണ് നല്ലതെന്ന് പറഞ്ഞതിന് പിന്നാലെ ക്ഷമാപണവുമായി നടൻ മനോജ് കുമാർ എത്തിയിരുന്നു. ഈ വീഡിയോ പറ്റി റോബിൻ പറഞ്ഞ കാര്യങ്ങളാണ് മനോജ് പങ്കുവച്ചിരിക്കുന്നത്. ആദ്യം ചെയ്ത വീഡിയോയുടെ ലിങ്ക് തനിക്ക് കിട്ടിയിരുന്നു എന്നും അത് കണ്ടാല്‍ സങ്കടം വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് കണ്ടിട്ടില്ലെന്നും റോബിൻ പറഞ്ഞതായി മനോജ് പറയുന്നു.
റോബിന്‍ ഫാന്‍ എന്ന് വിളിക്കുന്നതിലും ഭേദം വെടിവച്ച് കൊല്ലുന്നതാണ്: മനോജ് കുമാര്‍
മനോജ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ
റോബിൻ എന്ന് പറഞ്ഞ് വീഡിയോ ഇട്ട് ആളെ കൂട്ടാൻ വേണ്ടിയല്ല. ഇനി റോബിനെ കുറിച്ചുള്ള വീഡിയോകൾ ഇടണം എന്നും എനിക്ക് താല്പര്യം ഇല്ല. കാരണം ഇരുപത്തി നാല് മണിക്കൂറും റോബിനെ കുറിച്ച് പറഞ്ഞോണ്ടിരിക്കണം എന്നല്ലല്ലോ. ഞാൻ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് ബോറടിക്കണ്ട. റോബിനെ പറ്റിയുള്ള രണ്ടാമത്തെ വീഡിയോ ഇട്ട ശേഷം പലരും സപ്പോർട്ട് ചെയ്തു. ചിലർ വിമർശനവും ഉന്നയിച്ചു. ആ വീഡിയോ ഇട്ട് രണ്ടര മണിക്കൂർ കഴിഞ്ഞ ശേഷം റോബിൻ എന്നെ വിളിച്ചു. 'അമ്മയാണ് ആ വീഡിയോയുടെ ലിങ്ക് അയച്ചു തന്നത്. വീഡിയോയുടെ പകുതിയിൽ ചേട്ടന്റെ കണ്ണ് നിറഞ്ഞപ്പോൾ തന്നെ എന്റെയും കണ്ണു നിറഞ്ഞു. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. എന്റെ മനസ് വളരെയധികം സന്തോഷം ആയെന്ന്' റോബിൻ പറഞ്ഞു. ഭയങ്കര ഇമോഷണൽ ആയിട്ടാണ് അവൻ പറഞ്ഞത്. എവിടെയെങ്കിലും പരിപാടിക്ക് പോവുമ്പോള്‍ നീയൊന്ന് കണ്‍ട്രോള്‍ഡാവണം. അങ്ങനെ കാണാന്‍ ഇഷ്ടമുള്ളത് കൊണ്ടാണ് പറയുന്നതെന്ന് ഞാന്‍ അവനോട് പറഞ്ഞു. കഷ്ടപ്പെട്ടാണ് ഞാന്‍ ഈ ലെവലിലെത്തിയത്. ജനങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ തോന്നുന്ന സന്തോഷമാണ് ഞാന്‍ പ്രകടിപ്പിക്കുന്നത്. മനഃപ്പൂര്‍വ്വമല്ല, എന്നെ സ്‌നേഹിക്കുന്നവരുടെ കൂടെ കൂടുമ്പോള്‍ വന്ന് പോവുന്നതാണ്, അത് ഞാന്‍ കണ്‍ട്രോള്‍ ചെയ്‌തോളാമെന്ന് പറഞ്ഞിരുന്നു. കഷ്ടപ്പെട്ട് നേടിയ ആഗ്രഹം അവന്‍ ആഘോഷമാക്കുകയാണ്. ഞാന്‍ വിളിച്ച് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ കൊട്ടിയത്ത് ഒരു ചടങ്ങിന് വന്നിരുന്നു. വളരെയധികം പക്വതയോടെയും സമചിത്തതയോടെയും ആണ് അവന്‍ അവിടെ പെരുമാറിയത്. അവന് സ്വയം തോന്നിയതാണോ ഞാന്‍ പറഞ്ഞിട്ടാണോ എന്നറിയില്ല. എന്തായാലും ആ മാറ്റം കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അവന്‍ എനിക്ക് തന്ന വാക്ക് പാലിച്ച് കണ്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇത്രയധികം ആളുകള്‍ അവനെ സ്‌നേഹിക്കുന്നുണ്ട്. അതൊരു യാഥാര്‍ത്ഥ്യമാണ്.