'അത്താഴം കഴിച്ചിട്ട് 14 വര്‍ഷം'; കാരണം വെളിപ്പെടുത്തി നടന്‍ മനോജ് ബാജ്‍പേയി

"എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണമെന്നാണ് എനിക്ക്"

actor manoj bajpayee hasn't had dinner for the past 14 years he explains the reason behind it nsn

അഭിനയ പ്രതിഭ കൊണ്ട് സൂപ്പര്‍താരങ്ങളോളം ശ്രദ്ധ നേടുന്ന ചില അഭിനേതാക്കല്‍ ഏത് ഭാഷാ സിനിമയിലുമുണ്ട്. ബോളിവുഡിനെ സംബന്ധിച്ച് ആ ലിസ്റ്റില്‍ പെടുന്ന അഭിനേതാവാണ് മനോജ് ബാജ്പേയി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് നീളുന്ന അഭിനയജീവിതത്തിലൂടെ അദ്ദേഹം ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയിട്ടുണ്ട്. 54 കാരനായ മനോജ് ബാജ്പേയിയെ കണ്ടാല്‍ പ്രായം അത്ര പറയില്ല. ഫിറ്റ്നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന അദ്ദേഹം ഏറെക്കാലമായി താന്‍ പിന്തുടരുന്ന ഒരു നിഷ്ഠയെക്കുറിച്ച് അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ 14 വര്‍ഷമായി താന്‍ അത്താഴം കഴിക്കാറില്ല എന്നതാണ് അത്.

"ശരീരഭാരത്തിന്‍റെയും രോഗങ്ങളുടെയുമൊക്കെ കാര്യമെടുത്താല്‍ ഏറ്റവും വലിയ ശത്രു ആഹാരമാണ്. നിങ്ങള്‍ അത്താഴം ഒഴിവാക്കുന്നപക്ഷം പല രോഗങ്ങളില്‍ നിന്നും നിങ്ങളെ നിങ്ങള്‍ക്ക് രക്ഷിക്കാനാവും. ഭക്ഷണം ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഞാന്‍ ഭക്ഷണം കുറച്ചത്. അത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ അത്ഭുതപ്പെടും. കാരണം അത്ര നല്ല ഭക്ഷണമാണ് ഞാന്‍ ഉച്ചയ്ക്ക് കഴിക്കുന്നത്. ചോറും റൊട്ടിയും, എന്‍റെ പ്രിയപ്പെട്ട വെജിറ്റേറിയനോ നോണ്‍ വെജിറ്റേറിയനോ ആയ കൂട്ടാനും അതിനൊപ്പം ഉണ്ടാവും", മനോജ് ബാജ്‍പേയി പറയുന്നു.

ശരീരഭാരം നിയന്ത്രിച്ചുനിര്‍ത്താന്‍ ഈ ശീലം കൊണ്ട് തനിക്ക് സാധിക്കുന്നുണ്ടെന്ന് മനോജ് ബാജ്പേയി പറയുന്നു. ഒപ്പം വ്യായാമത്തിനുള്ള പ്രാധാന്യത്തക്കുറിച്ചും അദ്ദേഹം പറയുന്നു. "ഞാന്‍ യോ​ഗയും മെഡിറ്റേഷനും ചെയ്യുന്നുണ്ട്. ഒതുങ്ങിയ വയറില്‍ മാത്രമല്ല കാര്യം, നിങ്ങളുടെ മാനസികാരോ​ഗ്യവും പ്രധാനമാണ്. ശരീരത്തിന്‍റെ രൂപഘടനയ്ക്കായല്ല ഞാന്‍ ഇതൊക്കെ ചെയ്യുന്നത്. ഒതുങ്ങിയ വയര്‍ വേണമെന്ന് തീരുമാനിച്ചാല്‍ ഞാന്‍ അത് നേടും. പക്ഷേ അതല്ല എനിക്ക് വേണ്ടത്. കാരണം എനിക്ക് എല്ലാ തരം സിനിമകളും സിരീസുകളും ചെയ്യണം. ശരീരം ഒരു പ്രത്യേക ഷേപ്പില്‍ ആക്കിയാല്‍ എല്ലാ റോളുകളും ചെയ്യാനാവില്ല", മനോജ് ബാജ്പേയി പറയുന്നു. നെറ്റ്ഫ്ലിക്സിന്‍റെ സിരീസ് ആയ കില്ലര്‍ സൂപ്പ് ആണ് പുതുവര്‍ഷത്തില്‍ അദ്ദേഹത്തിന്‍റേതായി പുറത്തുവരാനുള്ളത്. 

ALSO READ : സംസ്ഥാന അവാര്‍ഡില്‍ 40 വര്‍ഷം മുന്‍പത്തെ നേട്ടം ആവര്‍ത്തിക്കുമോ മമ്മൂട്ടി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios