'മാരാരെയും നരി'യെയും അനുകരിച്ച് ആവര്‍ത്തന; അഭിനന്ദനവുമായി മമ്മൂട്ടി
ഷൈലജ ടീച്ചറെ അവതരിപ്പിച്ചാണ് ആവര്‍ത്തന കയ്യടി നേടിയിരുന്നത്.
നിയമസഭയിൽ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ(kk shailaja) നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം അവതരിപ്പിച്ച് വൈറലായ കൊച്ചുമിടുക്കിയാണ് ആവർത്തന(avarthana). ഇരുകയ്യും നീട്ടിയായിരുന്നു സൈബർ ലോകം ഈ ആറ് വയസുകാരിയെ ഏറ്റെടുത്തത്. നോക്കിലും നിൽപ്പിലും വാക്കിലും ‘ടീച്ചറിനെ’ വാർത്തുവച്ചപോലെ ആയിരുന്നു ഈ കുട്ടിക്കുറുമ്പിയുടെ അവതരണം. പിന്നീട് നിരവധി പേരെ ആവാർത്ത അനുകരിച്ചു. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ആവർത്തനക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി(mammootty).
മമ്മൂട്ടിയുടെ സിനിമാ കരിയറിലെ തന്നെ ശക്തമായ കഥാപാത്രങ്ങളിലൊന്നായ നന്ദഗോപാല്‍ മാരാരെയാണ് ഇത്തവണ കുട്ടിത്താരം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ നരി എന്ന മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രത്തെയും ആവർത്തന അനുകരിച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് ഈ മിടുക്കിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. ഒടുവിൽ വീഡിയോ കാണാൻ ഇടയായ മമ്മൂട്ടിയും ആശംസ അറിയിച്ചു.
വീഡിയോ കണ്ടുവെന്നും, വളരെ നന്നായെന്നുമാണ് മമ്മൂട്ടി പറയുന്നത്. കൂടാതെ നന്നായി പഠിക്കണമെന്നും പഠിത്തത്തോടൊപ്പം തന്നെ അഭിനയവും മുന്നോട്ട് കൊണ്ട് പോകണമെന്നുമാണ് മമ്മൂട്ടി ആവര്‍ത്തനയോട് പറഞ്ഞിരിക്കുന്നത്.
ഷൈലജ ടീച്ചറെ അവതരിപ്പിച്ചാണ് ആവര്‍ത്തന കയ്യടി നേടിയിരുന്നത്. നിയമസഭയില്‍ കെ.എം. ഷാജിയോട് ‘പെണ്ണിനെന്താ കുഴപ്പം’ എന്ന ചോദിക്കുന്ന ഭാഗമാണ് ആവര്‍ത്തന ചെയ്തത്. തന്റെ പ്രസംഗം ടിക് ടോക്കില്‍ ചെയ്ത ആവര്‍ത്തനയെ അഭിനന്ദിച്ച് ഷൈലജ ടീച്ചറും രംഗത്തെത്തിയിരുന്നു.