കൊവിഡ് ചികില്‍സയ്ക്ക് നിര്‍ണ്ണായകമാകുന്ന കണ്ടെത്തല്‍; വൈറസ് ആദ്യം പിടികൂടുക ഈ രണ്ട് കോശങ്ങളെ.!
കൊവിഡിന്‍റെ വൈറസില്‍ പ്രധാനമായും രണ്ട് പ്രോട്ടീനുകളാണ് ഉള്ളത്. എസിഇ 2,ടിഎംപിആര്‍എസ്എസ്2 എന്നിവയാണ് അത്. കൊറോണ വൈറസിന്‍റെ ഫാറ്റ് കവറിംഗിലാണ് സ്‌പൈക് പ്രോട്ടീനായ എസിഇ 2.
ലണ്ടന്‍: ചൈനയില്‍ ഉടലെടുത്ത് ലോകമെങ്ങും ഭീഷണിയായി മാറുന്ന വൈറസാണ് കൊവിഡ് 19. ഇതിനെതിരായ വാക്സിന്‍ ഗവേഷണങ്ങളും ചികില്‍സ സംബന്ധിച്ച കാര്യങ്ങളിലെ പഠനങ്ങളും നടക്കുന്നുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോഴിതാ കൊവിഡ് 19 ചികില്‍സയ്ക്കും മറ്റും ഗുണകരമാകുന്ന ഒരു ഗവേഷണ ഫലം പുറത്തുവന്നിരിക്കുന്നു. ബ്രിട്ടനിലെ വെല്‍കം സാങ്ഗര്‍ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരും അവരുമായി സഹകരിച്ച രാജ്യാന്തര ശാസ്ത്രജ്ഞരും ചേര്‍ന്നാണ് ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്. ഇത് പ്രകാരം കൊവിഡ് ഒരു വ്യക്തിയുടെ ശരീരത്തില്‍ ആദ്യം ബാധിക്കുന്ന കോശങ്ങള്‍ എതൊക്കെയാണ് എന്നത് പറയുന്നു.
കൊവിഡിന്‍റെ വൈറസ് ഒരു കോശത്തെ ആക്രമിക്കാന്‍ പ്രധാനമായും രണ്ട് പ്രോട്ടീനുകളാണ് ഉപയോഗിക്കുന്നത്. എസിഇ 2,ടിഎംപിആര്‍എസ്എസ്2 എന്നിവയാണ് അത്. സെല്ലിന്‍റെ ഫാറ്റ് കവറിംഗില്‍ കാണപ്പെടുന്ന സ്‌പൈക് പ്രോട്ടീനാണ് എസിഇ 2. കോശത്തിനെ ആക്രമിക്കാന്‍ വൈറസിനെ സഹായിക്കുന്നത് ഈ പ്രോട്ടീനാണ്. 'ലോക്ക് ആന്‍റ് കീ' രീതിയില്‍ എല്ലാ കൊറോണ വൈറസിനെയും പോലെ ഒരു താക്കോലായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന എസിഇ 2 വൈറസിന് കോശത്തിന് അകത്ത് പ്രവേശനം സാധ്യമാക്കുന്നു. കോശത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ കോശത്തിലെ രണ്ടാമത്തെ പ്രോട്ടീന്‍ ടിഎംപിആര്‍എസ്എസ്2വിനെ വൈറസ് ഉപയോഗിക്കുന്നു. വിഘടിക്കാനുള്ള ശേഷിയുള്ള പ്രോട്ടീന്‍ വൈറസിന് റീപ്രോഡക്ഷനും, സെല്ലില്‍ പടരാനും സഹായിക്കും.
ഈ രണ്ട് പ്രോട്ടീനുകളുടെ സാന്നിധ്യം കൊവിഡ് ബാധിച്ച വ്യക്തിയുടെ വിവിധ അവയവങ്ങളില്‍ ഏത് രീതിയിലാണ് കാണപ്പെടുന്നത് എന്ന് പരിശോധിച്ചാണ് പഠന സംഘം ഒരു അന്തിമ അനുമാനത്തില്‍ എത്തിയത്. അതിനായി ഗവേഷക സംഘം ഹ്യൂമന്‍ സെല്‍ അറ്റ്‌ലസിനെ ഉപയോഗപ്പെടുത്തി. മനുഷ്യ കോശത്തിന്‍റെ വളരെ വിശദമായ മാപ്പുകള്‍ സൃഷ്ടിക്കുന്ന രാജ്യാന്തര കണ്‍സോര്‍ഷ്യം ആണ് ഹ്യൂമന്‍ സെല്‍ അറ്റ്‌ലസ്. ഇവരില്‍ നിന്നും ലഭിച്ച ശ്വാസകോശം, ശ്വാസനാളം, കണ്ണ്, അന്നപഥം, വൃക്ക, കരള്‍ തുടങ്ങിയ ഇടങ്ങളിലെ വിവിധ കോശങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്.
ഇത് പ്രകാരം ശ്വാസനാളത്തിന്‍റെ തുടക്കത്തില്‍ മൂക്കിലെ ഗോബ്‌ലെറ്റ് , സിലിയിറ്റഡ് കോശം എന്നീ കോശങ്ങളിലാണ് കൂടുതല്‍ എസിഇ 2വിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഗോബ്‌ലെറ്റ് കോശങ്ങളാണ് ശരീരത്തിലെ മുക്കള ഉത്പാദിപ്പിക്കുന്നത്. സിലിയിറ്റഡ് കോശങ്ങള്‍ രോമങ്ങളെപ്പോലെ തോന്നിക്കുന്ന കോശങ്ങളാണ്. ഇവ പല അവയവങ്ങളുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന ഇവ ശരീര സ്രവങ്ങളുടെ നീക്കുപോക്കിനെ സഹായിക്കുന്ന കോശങ്ങളാണ്.
ശരീരത്തില്‍ വൈറസ് ബാധിക്കുന്നത് തുടക്കത്തില്‍ എങ്ങനെ എന്നത് സംബന്ധിച്ച കൃത്യമായ പഠനങ്ങളിലൊന്നാണ് ഇതെന്നാണ് ഗവേഷകരുടെ അവകാശവാദം. കൊവിഡ് 19 എങ്ങനെയാണ് വ്യാപിക്കുക എന്നതിനെക്കുറിച്ച് നിര്‍ണ്ണായകം തന്നെയാണ് ഈ കണ്ടെത്തല്‍. കൊവിഡ് ചികിത്സാ രീതികളില്‍ ഈ പുതിയ കണ്ടെത്തല്‍ ഉപകരിച്ചേക്കാം.