സിഇഒ അടക്കം നഷ്ടമായി; ടൈറ്റാനിക് കാണാനുള്ള അതിസാഹസികയാത്ര നിര്‍ത്തിവച്ച് ഓഷ്യന്‍ ഗേറ്റ്
വൈബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ജൂണ്‍ മാസത്തേക്കായി രണ്ട് സാഹസിക വിനോദയാത്രകള്‍ക്കായിരുന്നു ഓഷ്യന്‍ ഗേറ്റ് തയ്യാറെടുപ്പ് നടത്തിയിരുന്നത്.
ഫ്ലോറിഡ: ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രകള്‍ റദ്ദാക്കി അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഗേറ്റ്. വ്യാഴാഴ്ചയാണ് ഓഷ്യന്‍ ഗേറ്റ് ഇക്കാര്യം വിശദമാക്കിയത്. ടൈറ്റാനിക് കാണാനായുള്ള സാഹസിയ വിനോദയാത്രകള്‍ അവസാനിപ്പിക്കുന്നതായാണ് ഓഷ്യന്‍ഗേറ്റ് വിശദമാക്കുന്നത്.
വെബ്സൈറ്റിലെ ചെറിയ കുറിപ്പല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും തല്‍ക്കാലത്തേക്ക് ഓഷ്യന്‍ ഗേറ്റ് നല്‍കിയിട്ടില്ല. വൈബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ജൂണ്‍ മാസത്തേക്കായി രണ്ട് സാഹസിക വിനോദയാത്രകള്‍ക്കായിരുന്നു ഓഷ്യന്‍ ഗേറ്റ് തയ്യാറെടുപ്പ് നടത്തിയിരുന്നത്. ടൈറ്റന്‍ പേടകം തകരാനുണ്ടാ കാരണത്തേക്കുറിച്ച് അമേരിക്കയുടേയും കാനഡയിലേയും വിവിധ വകുപ്പുകളുടെ അന്വേഷണം തുടരുന്നതിനിടയിലാണ് ഓഷ്യന്‍ഗേറ്റിന്‍റെ പ്രഖ്യാപനം. ടൈറ്റാനികിന്‍റെ അവശിഷ്ടം കാണാൻ പോയ സമുദ്ര പേടകം ടൈറ്റന്‍റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കരക്കെത്തിച്ചിരുന്നു.
അഞ്ച് പേരുമായി അറ്റലാൻ്റിക് സമുദ്രത്തിനടിയിലേക്ക് പോയ പേടകം ഉൾവലിഞ്ഞ് തകരാൻ ഇടയായ സാഹചര്യം കണ്ടെത്താൻ നിർണായകമാണ് ഈ അവശിഷ്ടങ്ങള്‍. പേടകത്തിന്‍റെ അവശിഷ്ടങ്ങളില്‍ നടത്തുന്ന പരിശോധന അപകടത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകമുള്ളത്. ജൂണ്‍ 18ന് മാതൃപേടകവുമായി ബന്ധം നഷ്ടമായ ടൈറ്റന്‍റെ അവശിഷ്ടങ്ങള്‍ നാല് ദിവസത്തിന് ശേഷമാണ് കണ്ടെത്താനായത്.
ടൈറ്റന്‍ സമുദ്ര പേടകം അപകടത്തില്‍ പെട്ട് സഞ്ചാരികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനി സിഇഒയും മരിച്ചതായി ഓഷ്യന്‍ ഗേറ്റ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്.
'കൊടും തണുപ്പും അന്ധകാരവും'; സീറ്റുകള്‍ പോലുമില്ലാത്ത ടൈറ്റനിലെ ഉള്‍ക്കാഴ്ചകള്‍ ഇങ്ങനെയാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം