തലസ്ഥാനത്ത് നൊബേല്‍ ജേതാവും നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും, സർപ്രൈസ് ഒരുക്കി ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍

രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ മോര്‍ട്ടണ്‍.പി.മെല്‍ഡല്‍ അടക്കമുള്ള വിദഗ്ധരാണ് സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരളത്തിലെത്തുന്നത്. 

Nobel laureate professor Morten P Meldal and Nasa scientist to attend global science fest kerala vkv

തിരുവനന്തപുരം: ഈ മാസം 15 മുതല്‍ തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെ പ്രഭാഷണ പരിപാടികളും സെമിനാറുകളും ലോക പ്രശസ്തരായ വിദഗ്ധരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകും. രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ മോര്‍ട്ടണ്‍.പി.മെല്‍ഡല്‍ അടക്കമുള്ള വിദഗ്ധരാണ് സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി കേരളത്തിലെത്തുന്നത്. 2024 ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് സംഘടിപ്പിക്കുന്ന പബ്ലിക് ടോക്കിലാണ് മോര്‍ട്ടണ്‍.പി.മെല്‍ഡല്‍ പങ്കെടുത്തു സംസാരിക്കുന്നത്. 

ക്ലിക്ക് കെമിസ്ട്രിയുടെയും ബയോഓര്‍ത്തോഗണല്‍ കെമിസ്ട്രിയുടെയും വികാസത്തിനാണ് ഡാനിഷ് രസതന്ത്രജ്ഞനായ മോര്‍ട്ടണ്‍ മെല്‍ഡലിനും കരോലിന്‍.ആര്‍.ബെര്‍ട്ടോസിക്കും കാള്‍ ബാരി ഷാര്‍പ്ലെസിനും 2022ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. ജനുവരി 16ന് വൈകിട്ട് അഞ്ചു മണിക്ക് സംഘിപ്പിക്കുന്ന ഡി.കൃഷ്ണ വാര്യര്‍ മെമ്മോറിയല്‍ ലക്ചറില്‍ നാസയില്‍ നിന്നുള്ള ആസ്‌ട്രോഫിസിസിസ്റ്റ് ഡോ. മധുലിക ഗുഹാത്തകുര്‍ത്ത പങ്കെടുത്തു സംസാരിക്കും. നാസയുടെ ഹീലിയോഫിസിക്‌സ് സയന്‍സ് ഡിവിഷനിലെ സയന്റിസ്റ്റാണ് ഡോ. മധുലിക ഗുഹാത്തകുര്‍ത്ത. നാസയുടെ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഔട്ട്‌റീച്ച വിഭാഗം മേധാവി ഡെനീസ് ഹില്‍ പങ്കെടുക്കുന്ന ഏകദിന വര്‍ക്‌ഷോപ് ഫെബ്രുവരി 13ന് സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 22ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ നാസയില്‍ നിന്നും ഐഎസ്ആര്‍ഒയില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരുമായി ഇന്ററാക്ഷന്‍ സെഷനും സംഘടിപ്പിക്കുന്നുണ്ട്. 

ജനുവരി 17നു രാവിലെ സംഘടിപ്പിക്കുന്ന പബ്ലിക് ലക്ചറില്‍ മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. റോബര്‍ട്ട് പോട്ട്‌സ് പങ്കെടുക്കും. ജനുവരി 18ന് വൈകിട്ട് അഞ്ചിനു നടക്കുന്ന പബ്ലിക് ടോക്കില്‍ കനിമൊഴി കരുണാനിധി എംപി പോയട്രി ഓഫ് സയന്‍സ് എന്ന വിഷയത്തില്‍ സംസാരിക്കും. ലഫ്‌ബെറാ യുണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് ആര്‍ട്ട് വിഭാഗം മേധാവിയും നാടക വിഭാഗത്തിലെ പ്രൊഫസറുമായ പ്രൊഫ. മൈക്കല്‍ വില്‍സണ്‍ ജനുവരി 22നു വൈകിട്ട് അഞ്ചിനു നടക്കുന്ന പബ്ലിക് ടോക്കില്‍ സംസാരിക്കും. മാഗ്‌സസേ അവാര്‍ഡ് ജേതാവ് ഡോ. രാജേന്ദ്ര സിങ്, ഇന്‍ഡ്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മാലിനി.വി.ശങ്കര്‍ ഐഎഎസ് തുടങ്ങി നിരവധി പ്രമുഖരുടെ പ്രഭാഷണങ്ങള്‍ വിവിധ ദിവസങ്ങളിലായി ഉണ്ടാകും. 

കേരളീയരായ പ്രവാസി പ്രമുഖരും കേരളീയരായ ഭട്‌നഗര്‍ അവാര്‍ഡ് ജേതാക്കളും പങ്കെടുക്കുന്ന പ്രഭാഷണ പരിപാടികള്‍, ഇ.ഒ.വില്‍സണ്‍ ടോക്ക് സീരീസ്, ജിയോസന്‍സ് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ടോക് സീരിസ്, സയന്‍സ് കമ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍ കേരള മീഡിയ അക്കാദമിയുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാല, ഐസര്‍-ജിഎസ്എഫ്‌കെ കോണ്‍ഫറന്‍സ്, അമ്യൂസിയം ടോക്‌സ്, ഐഐടി കോണ്‍ക്ലേവ് എന്നിങ്ങനെ ജനുവരി 16 മുതല്‍ ഫെബ്രുവരി 13വരെ നിരവധി പ്രഭാഷണ പരിപാടികളും സെമിനാറുകളും കോണ്‍ക്ലേവുകളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

Read More : റൺവേയിൽ പറന്നിറങ്ങിയ വിമാനത്തിന് തീപിടിച്ചു, കോസ്റ്റ് ഗാർഡിന്‍റെ വിമാനവുമായി കൂട്ടിയിടിച്ചോ ? സംഭവം ജപ്പാനിൽ

Latest Videos
Follow Us:
Download App:
  • android
  • ios