കൊവിഡ് രോഗം ഭേദമായവര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകുമോ; വിശദീകരണവുമായി ലോക ആരോഗ്യ സംഘടന

കൊവിഡ് രോഗം ഭേദമായവരില്‍ ശരീരം കൊവിഡിനെതിരെ ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചതായി കണ്ടെത്തിയെങ്കിലും രണ്ടാമത് രോഗം വരുന്നതില്‍ നിന്ന് തടയാന്‍ ഇവയ്ക്കാകുമോ എന്ന് തെളിയിച്ചിട്ടില്ല.
 

No evidence of antibody protection against Covid-19 yet: WHO

ദില്ലി കൊവിഡ് 19 ഭേദമായവര്‍ക്ക് വീണ്ടും രോഗബാധയേല്‍ക്കില്ലെന്ന് വാദത്തിന് ശാസ്ത്രീയമായ തെളിവില്ലെന്ന് ലോക ആരോഗ്യ സംഘടന. ചില രാജ്യങ്ങള്‍ കൊവിഡ് ഭേദമായവര്‍ക്ക് ഇമ്മ്യൂണിറ്റ് പാസ്‌പോര്‍ട്ടും റിസ്‌ക് ഫ്രീ സര്‍ട്ടിഫിക്കറ്റും നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. കൊവിഡ് ഭേദമായവര്‍ക്ക് പിന്നീട് രോഗം വരാന്‍ സാധ്യത കുറവാണെന്നും അവര്‍ക്ക് ജോലിക്കും യാത്രക്കും അനുവദിക്കാമെന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, രോഗം ഭേദമായവരുടെ ആന്റിബോഡികള്‍ വീണ്ടും രോഗം ബാധിക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന വാദത്തിന് ഇതുവരെ തെളിവില്ലെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ശാസ്ത്രീയ റിപ്പോര്‍ട്ട് പുറത്തിറക്കി.  അതേസമയം, രോഗം ഭേദമായവര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

കൊവിഡ് രോഗം ഭേദമായവരില്‍ ശരീരം കൊവിഡിനെതിരെ ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചതായി കണ്ടെത്തിയെങ്കിലും രണ്ടാമത് രോഗം വരുന്നതില്‍ നിന്ന് തടയാന്‍ ഇവയ്ക്കാകുമോ എന്ന് തെളിയിച്ചിട്ടില്ല. ഇത് സംബന്ധിച്ച നിരീക്ഷണങ്ങള്‍ തുടരുകയാണ്. തെളിയിക്കപ്പെടാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും രോഗവ്യാപനത്തിന് കാരണമാകുമെന്നും ലോക ആരോഗ്യ സംഘടന പറയുന്നു. രോഗം ഭേദമായവര്‍ ശ്രദ്ധിക്കണമെന്നും രണ്ടാമതും രോഗം വരില്ലെന്ന ധാരണ പുലര്‍ത്തരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
 

Latest Videos
Follow Us:
Download App:
  • android
  • ios