അന്താരാഷ്ട്ര ബഹിരാകാശ നിലയം ടൂറിസ്റ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നു; ഈ യാത്രയുടെ ചിലവ് ഇതാണ്.!

 ടൂറിസത്തിന് പുറമേ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ ഐഎസ്എസ് തുറന്നുകൊടുക്കും എന്നാണ് ട്വീറ്റിലൂടെ നാസ അറിയിക്കുന്നത്.

Nasa to open International Space Station to tourists

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയം ടൂറിസ്റ്റുകള്‍ക്ക് 2020 ഓടെ തുറന്നു നല്‍കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഒരു രാത്രി ഇവിടെ ചിലവഴിക്കാന്‍ ഇരുപത്തിനാലേകാല്‍ ലക്ഷം രൂപ ചിലവ് വരും എന്നാണ് കണക്ക്. ടൂറിസത്തിന് പുറമേ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ ഐഎസ്എസ് തുറന്നുകൊടുക്കും എന്നാണ് ട്വീറ്റിലൂടെ നാസ അറിയിക്കുന്നത്.

ഒരു വര്‍ഷത്തില്‍ ടൂറിസം ലക്ഷ്യമാക്കി രണ്ട് ബഹിരാകാശ യാത്രകളായിരിക്കും നാസ സംഘടിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഈ യാത്ര 30 ദിവസം നീളുന്നതായിരിക്കും. അതായത് അതീവ സമ്പന്നര്‍ക്ക് മാത്രമേ ഈ ബഹിരാകാശ യാത്ര സാധ്യമാകൂ എന്നതാണ് സത്യം. മുന്‍പ് ഒരിക്കലും ചെയ്തിട്ടില്ലാത്ത ദൗത്യമാണ് നാസ ഈ പ്രഖ്യാപനത്തിലൂടെ ഏറ്റെടുക്കുന്നത് എന്നാണ് നാസ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ജെഫ് ഡീവിറ്റ് ന്യൂയോര്‍ക്കില്‍ പറഞ്ഞു. എന്നാല്‍ ബഹിരാകാശ ടൂറിസ്റ്റുകള്‍ക്ക് പൂര്‍ണ്ണമായും നാസ നടത്തുന്ന മെഡിക്കല്‍ പരിശോധനകളും മാനദണ്ഡങ്ങളും വിജയിച്ചാല്‍ മാത്രമേ ഐഎസ്എസിലേക്ക് പറക്കാനും അവിടെ ദിവസങ്ങള്‍ ചിലവഴിക്കാനും സാധിക്കൂ.

അതേ സമയം ഈ ദൗത്യം സ്വകാര്യ പങ്കാളികളുടെ സഹായത്തോടെയാണ് നാസ നടത്തുക എന്നാണ് റിപ്പോര്‍ട്ട്. ഇലോണ്‍ മസ്കിന്‍റെ സ്പൈസ് എക്സ് നിര്‍മ്മിച്ച ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ഈ യാത്രയ്ക്ക് ഉപയോഗിക്കും. ഒപ്പം നാസയുടെ നിര്‍ദേശത്തില്‍  ബഹിരാകാശ വാഹനം നിര്‍മ്മിക്കുന്നത് ബോയിംഗ് ആയിരിക്കും. നാസയ്ക്ക് നല്‍കുന്നതിന് പുറമേ ഈ കമ്പനികള്‍ക്ക് ടൂറിസ്റ്റുകള്‍ പ്രത്യേക 'ടാക്സി ചാര്‍ജ്' നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. ഇത് ഏതാണ്ട് 60 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ഒരാള്‍ക്ക് വരും എന്നാണ് സൂചന.

അമേരിക്ക ഇത്രയും കാലം പുലര്‍ത്തിയ ബഹിരാകാശ സ‌ഞ്ചാരം സംബന്ധിച്ച നയത്തില്‍ നിന്നും പിന്നോട്ട് പോകുന്ന സൂചനയാണ് പുതിയ വാര്‍ത്ത. ഇതുവരെ  സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ബഹിരാകാശയാത്രങ്ങള്‍ അമേരിക്ക നിരോധിച്ചിരിക്കുകയായിരുന്നു. ഈ നിലപാടാണ് നാസ തിരുത്തുന്നത്. 2001 ല്‍ അമേരിക്കന്‍ ബിസിനസുകാരന്‍ ഡെന്നീസ് ടിറ്റോ റഷ്യയ്ക്ക് 20 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നല്‍കി ഭൂമിയെ വലംവച്ച് ബഹിരാകാശ യാത്ര നടത്തിയിരുന്നു. ടിറ്റോയാണ് ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റായി അറിയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios