'ബഹിരാകാശത്തും ചൈന പിടിമുറുക്കുകയാണെന്ന് സംശയമുണ്ട്'; ആശങ്ക പ്രകടിപ്പിച്ച് നാസ, മറുപടിയുമായി ചൈന
നാസ, അന്താരാഷ്ട്ര പങ്കാളികൾക്കൊപ്പം, സുസ്ഥിര ചാന്ദ്ര താവളങ്ങൾ സ്ഥാപിക്കാനും 2026-ഓടെ ചന്ദ്രനിൽ ബഹിരാകാശയാത്രികരെ ഇറക്കാനും ലക്ഷ്യമിടുന്നു.
ദില്ലി: സിവിലിയൻ പ്രവർത്തനങ്ങളുടെ മറവിൽ ചൈന ബഹിരാകാശത്തെ സൈനിക പ്രവർത്തനങ്ങൾ മറച്ചുവെക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ. നാസയുടെ 2025-ലെ ബജറ്റ് സംബന്ധിച്ച ഹൗസ് അപ്രോപ്രിയേഷൻ കമ്മിറ്റിക്ക് മുമ്പാകെ സംസാരിച്ച നെൽസൺ, ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളുടെ രഹസ്യ സ്വഭാവം ഊന്നിപ്പറയുകയും അമേരിക്ക ചൈനയുമായി ബഹിരാകാശ മത്സരത്തിലാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ബഹിരാകാശത്തെ ചൈനയുടെ പദ്ധതി പലതും ഒരു സൈനിക പ്രവർത്തനമാണെന്നും നാസ വ്യക്തമാക്കി. സമാധാനപരമായ കാര്യങ്ങൾക്കുള്ള മേഖലയായി ബഹിരാകാശം നിലനിർത്തുന്നതിൻ്റെ പ്രാധാന്യം ചൈന തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ചൈന സ്വന്തം നിലക്ക് അവരുടെ സ്പെയ്സ് സ്റ്റേഷനായ ടിയാൻഗോങ് പ്രവർത്തിപ്പിക്കുമെന്നും അതിൽ മൂന്ന് ചൈനീസ് ബഹിരാകാശ സഞ്ചാരികളുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. നാസയുടെ സഹായത്തോടെ യൂറോപ്പ്, കാനഡ, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) നിലവിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ യുഎസിന് മുമ്പായി ചൈന ചന്ദ്രനിലേക്ക് എത്താനും ചാന്ദ്ര വിഭവങ്ങൾ കുത്തകയാക്കാനും സാധ്യതയുണ്ടെന്ന ആശങ്കയും നെൽസൺ പങ്കുവെച്ചു.
അതേസമയം, മറുപടിയുമായി ചൈനയും രംഗത്തെത്തി. നെൽസൺ കൊളോണിയൽ മാനസികാവസ്ഥ പുലർത്തുന്നുവെന്നും അമേരിക്കയുടെ വിമർശനങ്ങൾ തള്ളുന്നുവെന്നും ചൈന തിരിച്ചടിച്ചു. നാസ, അന്താരാഷ്ട്ര പങ്കാളികൾക്കൊപ്പം, സുസ്ഥിര ചാന്ദ്ര താവളങ്ങൾ സ്ഥാപിക്കാനും 2026-ഓടെ ചന്ദ്രനിൽ ബഹിരാകാശയാത്രികരെ ഇറക്കാനും ലക്ഷ്യമിടുന്നു. 2030-ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ അയയ്‌ക്കാനാണ് ചൈന പദ്ധതിയിടുന്നത്.