കാർട്ടോസാറ്റ് 3 വിക്ഷേപണം നാളെ രാവിലെ; വിക്ഷേപണത്തിനൊരുങ്ങി പിഎസ്എൽവി സി 47
കാർട്ടോസാറ്റ് - 3ന് പുറമേ അമേരിക്കയിൽ നിന്നുള്ള സ്വകാര്യ കമ്പനികളുടെ 13 നാനോ സാറ്റലൈറ്റുകളും പിഎസ്എൽവി സി 47 ഭ്രമണപഥത്തിലെത്തിക്കും. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന ഇസ്രൊയുടെ പുതിയ വാണിജ്യ വിഭാഗം വഴി എത്തുന്ന ആദ്യ വിക്ഷേപണ കരാറാണ് ഈ ഉപഗ്രങ്ങളുടേത്.
ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിന് ശേഷമുള്ള ഇസ്രൊയുടെ ആദ്യ വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യയുടെ നൂതന ഭൂനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് 3 നാളെ രാവിലെ (നവംബർ 27) 9:28ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. പിഎസ്എൽവി - സി47 ആണ് വിക്ഷേപണ വാഹനം. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂർ കൗണ്ട് ഡൗൺ രാവിലെ 7:28ന് ആരംഭിച്ചു. നവംബർ 25ന് രാവിലെ 9:28ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി 27ആം തീയതിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണം മാറ്റി വച്ചതിന്‍റെ കാരണം ഇസ്രൊ അറിയിച്ചിട്ടില്ല. പിഎസ്എൽവിയുടെ 49ആം വിക്ഷേപണമാണ് നാളെ നടക്കുക.
1625 കിലോഗ്രാമാണ് കാർട്ടോസാറ്റ് മൂന്നിന്‍റെ ഭാരം. കാർട്ടോസാറ്റ് ശ്രേണിയിലെ ഒമ്പതാം ഉപഗ്രഹമാണ് കാർട്ടോസാറ്റ് -3. 97.5 ഡിഗ്രി ചെരിവിൽ ഭൂമിയിൽ നിന്ന് 509 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം സ്ഥാപിക്കുക. ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കുവാൻ ശേഷിയുള്ള കാർട്ടോസാറ്റ് - 3 കാലാവസ്ഥ പഠനത്തിനും, ഭൂ മാപ്പിംഗിനും ഉപയോഗപ്പെടും, പ്രതിരോധ ആവശ്യങ്ങൾക്കും കാർട്ടോസാറ്റ് മൂന്നിൽ നിന്നുള്ള ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ ഗുണകരമാകും. 2005 മേയ് അഞ്ചാം തീയതിയാണ് കാർട്ടോസാറ്റ് ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടത്.
കാർട്ടോസാറ്റ് - 3ന് പുറമേ അമേരിക്കയിൽ നിന്നുള്ള സ്വകാര്യ കമ്പനികളുടെ 13 നാനോ സാറ്റലൈറ്റുകളും പിഎസ്എൽവി സി 47 ഭ്രമണപഥത്തിലെത്തിക്കും. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന ഇസ്രൊയുടെ പുതിയ വാണിജ്യ വിഭാഗം വഴി എത്തുന്ന ആദ്യ വിക്ഷേപണ കരാറാണ് ഈ ഉപഗ്രങ്ങളുടേത്. ഭൂ നിരീക്ഷണത്തിനുള്ള 12 ഫ്ലോക്ക് 4 പി നാനോ സാറ്റലൈറ്റുകളും മെഷ്ബെഡ് എന്ന ആശയവിനിമയ പരീക്ഷണത്തിനുള്ള നാനോ സാറ്റലൈറ്റുമാണ് വാണിജ്യാടിസ്ഥാനത്തിൽ ഇസ്രൊ വിക്ഷേപിക്കുന്നത്.
മാർച്ചിൽ രൂപീകരിക്കപ്പെട്ട ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എത്ര രൂപയ്ക്കാണ് അമേരിക്കൻ കമ്പനികളുമായി വിക്ഷേപണ കരാറിലേർപ്പെട്ടതെന്ന് ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ആൻട്രിക്സ് കോർപ്പറേഷനായിരുന്നു വിദേശ വിക്ഷേപണ കരാറുകൾ ഇസ്രൊയ്ക്കായി ഏറ്റെടുത്തിരുന്നത്.