2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യം; ജിസാറ്റ്- 30 വിജയകരമായി വിക്ഷേപിച്ചു
2005 ഡിസംബറിൽ വിക്ഷേപിച്ച ഇൻസാറ്റ് - 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിച്ചത്. ഡിടിഎച്ച്, ടെലിവിഷൻ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എൻജി, ഇന്‍റർനെറ്റ് സേവനങ്ങൾക്ക് ജിസാറ്റ് 30 മുതൽ കൂട്ടാകും.
ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജിസാറ്റ് 30 ന്‍റെ വിക്ഷേപണം വിജയകരം. യൂറോപ്യൻ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.
പുലർച്ചെ 02.35ന് ഫ്രഞ്ച് ഗയാനയിലെ കുറൂ സ്പേസ് പോർട്ടിൽ നിന്ന് ജിസാറ്റ് വിക്ഷേപിച്ചത്. യൂറോപ്യൻ ബഹിരാകാശ വിക്ഷേപണ സേവന ദാതാവായ അരിയാനെ സ്പേസാണ് വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപണം നടത്തിയത്. 2020ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ് ജിസാറ്റ് 30. 2005 ഡിസംബറിൽ വിക്ഷേപിച്ച ഇൻസാറ്റ് - 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിച്ചത്. ഡിടിഎച്ച്, ടെലിവിഷൻ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എൻജി, ഇന്‍റർനെറ്റ് സേവനങ്ങൾക്ക് ജിസാറ്റ് 30 മുതൽ കൂട്ടാകും.
ഇന്ത്യൻ പ്രക്ഷേപകർക്ക് ഏഷ്യയുടെ മധ്യപൂർവ്വ മേഖലകളിലും, ആസ്ട്രേലിയയിലും പ്രക്ഷേപണം നടത്താൻ ജി-സാറ്റ് 30 വഴി പറ്റും. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടൽ. അരിയാനെ റോക്കറ്റിൽ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ് 30. യൂട്ടെൽസാറ്റ് കണക്റ്റ് എന്ന യൂറോപ്യൻ ഉപഗ്രഹവും ജി സാറ്റ് 30ന് ഒപ്പം അരിയാനെ അഞ്ച് വിജയകരമായി ബഹിരാകാശത്തെത്തിച്ചു.