കൈയെത്തും ദൂരത്ത് ചന്ദ്രനും ചൊവ്വയും, വണ്ടിപിടിച്ചോളൂ തിരുവനന്തപുരത്തേക്ക്; ഗ്ലോബൽ സയൻസ് ഫെസ്റ്റിന് തുടക്കം
പ്രദര്‍ശനം മൂഴുവനായി കണ്ടു തീര്‍ക്കാന്‍ എട്ടു മണിക്കൂറോളം സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ രണ്ടു ദിവസങ്ങളിലായി കണ്ടുതീര്‍ക്കാന്‍ 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്.
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളക്ക് തുടക്കം. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലാണ് ഫെസ്റ്റിവൽ. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്‍ ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമാണ്. 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്.
പ്രദര്‍ശനം മൂഴുവനായി കണ്ടു തീര്‍ക്കാന്‍ എട്ടു മണിക്കൂറോളം സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ രണ്ടു ദിവസങ്ങളിലായി കണ്ടുതീര്‍ക്കാന്‍ 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. 10 വയസുമുതല്‍ 18വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസത്തിന് 150 രൂപക്കും രണ്ടു ദിവസത്തിനു 250 രൂപക്കും ടിക്കറ്റ് ലഭിക്കും. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്‌കൂളുകളില്‍ നിന്നും സംഘമായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാക്കേജുകളുമുണ്ട്. 30 വിദ്യാര്‍ഥികളില്‍ കുറയാതെയുള്ള സംഘങ്ങള്‍ക്കാണ് പാക്കേജുകള്‍ ലഭിക്കുക. 30 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിന് പ്രവേശനത്തിനു മാത്രമായി ഒരാള്‍ക്ക് നൂറു രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. പ്രവേശനവും ഉച്ചഭക്ഷണവും അടങ്ങുന്ന പാക്കേജിന് ഒരാള്‍ക്ക് 200 രൂപയാണ് നിരക്ക്. രാവിലെ ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക്ഫാസ്റ്റും ലഞ്ചും വൈകുന്നേരത്തെ ചായയും അടക്കമുള്ള പാക്കേജ് 400 രൂപക്കും ലഭ്യമാണ്.
ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസവും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ഫെസ്റ്റിവലിലേക്കുള്ള രണ്ടു ദിവസത്തെ ടിക്കറ്റും അടക്കം ഒരാള്‍ക്ക് 6500 രൂപ ലഭിക്കുന്ന ക്ലാസ് എ പാക്കേജാണ് മറ്റൊരാകര്‍ഷണം. ഇതേ പാക്കേജ് തന്നെ രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങിയ കുടുംബത്തിന് 11,500 രൂപയ്ക്ക് ലഭ്യമാണ്. ഹോംസ്റ്റേയില്‍ താമസവും ബ്രേക്ഫാസ്റ്റും ലഞ്ചും ഡിന്നറും രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവല്‍ ടിക്കറ്റുമടക്കമുള്ള ക്ലാസ് ബി പാക്കേജിന് ഒരാള്‍ക്ക് 4000 രൂപയാണ്. ഇതേ പാക്കേജ് രണ്ടു മുതിര്‍ന്നവരും രണ്ട് കുട്ടികളും അടങ്ങിയ കുടുംബത്തിന് 10,000 രൂപയ്ക്ക് ലഭിക്കും. ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക് ഫാസ്റ്റും ലഞ്ചും വൈകുന്നേരത്തെ ചായയും ഒരു ദിവസത്തെ ഫെസ്റ്റിവല്‍ എന്‍ട്രിയും അടക്കം 750 രൂപയ്ക്ക് ഗിഫ്റ്റ് എ ടിക്കറ്റ് പാക്കേജുമുണ്ട്.
നിയന്ത്രിതമായി മാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്ന അഞ്ച് ആഡ് ഓണ്‍ ടിക്കറ്റ് പ്രദര്‍ശനങ്ങളുണ്ട് ഫെസ്റ്റിവലില്‍. ഓരോ ആഡ് ഓണ്‍ ടിക്കറ്റിനും 50 രൂപ വീതമാണ് നിരക്ക്. അഞ്ച് ആഡ് ഓണ്‍ ടിക്കറ്റുകളും ഒരുമിച്ച് ബുക് ചെയ്യുമ്പോള്‍ 200 രൂപയ്ക്ക് ലഭ്യമാണ്. ഫെസ്റ്റിവലിലെ ഏറ്റവും പ്രധാന ആകര്‍ഷണമായ ടെന്‍ഡിങ് ആന്‍ഡ് നൈറ്റ് സ്‌കൈവാച്ചിങ്ങിനും രണ്ടു പാക്കേജുകള്‍ ലഭ്യമാണ്. ടെന്റില്‍ താമസം, ഭക്ഷണം, ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ വിദഗ്ധര്‍ നയിക്കുന്ന സ്‌കൈ വാച്ചിങ്, രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവല്‍ ടിക്കറ്റ്, ഫെസ്റ്റിവലിലെ പ്രത്യേക പ്രദര്‍ശനങ്ങള്‍ക്കുള്ള ആഡ് ഓണ്‍ ടിക്കറ്റുകള്‍ എന്നിവയടക്കമാണ് പാക്കേജ്. നാലുപേര്‍ക്കുള്ള പാക്കേജിന് പതിനായിരം രൂപയും രണ്ടു പേര്‍ക്കുള്ള പാക്കേജിന് 7500 രൂപയുമാണ് നിരക്ക്. ഫെഡറല്‍ ബാങ്ക് വഴിയും www.gsfk.org എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഫെസ്റ്റിവല്‍ വേദിയില്‍ സജ്ജമാക്കുന്ന കൗണ്ടറുകളില്‍ നിന്നു നേരിട്ടും ടിക്കറ്റെടുക്കാം. ജിഎസ്എഫ്കെയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും ടിക്കറ്റുകള്‍ ബുക് ചെയ്യാം. ടിക്കറ്റ് പാക്കേജുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
ചന്ദ്രനെയും ചൊവ്വയെയും തൊട്ടടുത്ത് കാണാം
ബ്രിട്ടിഷുകാരനായ ലൂക്ക് ജെറമിന്റെ മ്യൂസിയം ഓഫ് ദ മൂണ്‍, ദ മാര്‍സ് എന്നീ ഇന്‍സ്റ്റലേഷനുകളാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ എന്ന ഉപഗ്രഹ ക്യാമറ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 120 ഡിപിഐ റെസല്യൂഷനില്‍ പ്രിന്റ് ചെയ്താണ് ലൂക് ജെറം മ്യൂസിയം ഓഫ് ദ മൂണ്‍ തയാറാക്കിയത്. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ യഥാര്‍ഥ ചന്ദ്രന്റെ ഒരു വശം മാത്രമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ഏഴു മീറ്റര്‍ വ്യാസമുള്ള മ്യൂസിയം ഓഫ് ദ മൂണ്‍ ചന്ദ്രന്റെ എല്ലാ വശത്തുനിന്നുള്ള കാഴ്ചകളും കാണിച്ചുതരുന്നു എന്നതും പ്രത്യേകതയാണ്.
ബാഫ്റ്റ പുരസ്‌കാരം നേടിയ സംഗീതജ്ഞന്‍ ഡാന്‍ ജോണ്‍സ് ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതത്തോടെയാണ് ജിഎസ്എഫ്‌കെയില്‍ മ്യൂസിയം ഓഫ് ദ മൂണ്‍ പ്രദര്‍ശിപ്പിക്കുക. നാസയുടെ ഉപ്രഹക്യാമറകള്‍ ചിത്രീകരിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ഏഴു മീറ്റര്‍ വ്യാസത്തില്‍ തന്നെയാണ് ദ മാര്‍സ് എന്ന ഇന്‍സ്റ്റലേഷനും തയാറാക്കിയിട്ടുള്ളത്. മ്യൂസിയം ഓഫ് ദ മൂണിന്റെ ഓരോ സെന്റീമീറ്റര്‍ ഭാഗവും യഥാര്‍ഥ ചന്ദ്രോപരിതലത്തിന്റെ അഞ്ചു കിലോമീറ്റര്‍ ഭാഗത്തെയാണ് ഉള്‍ക്കൊള്ളുന്നത്.
യഥാര്‍ഥ ചൊവ്വയുടെ ഒരു മില്യണ്‍ മടങ്ങ് ചെറുതാണ് ദ മാര്‍സ് ഇന്‍സ്റ്റലേഷന്‍. ദ മാര്‍സ് ഇന്‍സ്റ്റലേഷനില്‍ ചൊവ്വയുടെ ഉപരിതലത്തിലെ 10 കിലോമീറ്റര്‍ ഭാഗമാണ് ഒരു സെന്റീമീറ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയുള്ള ഒരു മാസക്കാലം ചൂര്‍ണ ചന്ദ്രനേയും ചൊവ്വയേയും അടുത്തു കാണാനും അവയെക്കുറിച്ചു പഠിക്കാനും മനസിലാക്കാനുമുള്ള അവസരമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയില്‍ ഒരുങ്ങുന്നത്.