ബെവ്കോയുടെ പേരില്‍ വ്യാജ ആപ്പ്: ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കും

മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലാണ് വ്യാജ ആപ്പ് പ്രചരിപ്പിച്ചത്

Fake BevQ app High tech crime enquiry cell will investigate

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കൊഴിവാക്കാൻ ഏർപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷന് വ്യാജൻ. മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലാണ് വ്യാജ ആപ്പ് പ്രചരിപ്പിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്‍റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി സ്‌പർജൻ കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം ബെവ്ക്യു എന്ന പേരിൽ പുറത്തിറക്കുന്ന യഥാർത്ഥ ആപ്പ് ഇന്ന് രാത്രി പത്ത് മണിക്ക് മുൻപ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്ന്, ആപ്പ് നിർമ്മിച്ച കമ്പനി വ്യക്തമാക്കി. അഞ്ച് മണിക്ക് മുൻപ് ലഭിക്കുമെന്നായിരുന്നു പറഞ്ഞതെങ്കിലും സാങ്കേതിക തടസം നേരിട്ടിരുന്നു. ഗൂഗിൾ റിവ്യു തുടരുകയാണെന്നും ഇതിനാലാണ് ആപ്പിന്റെ റിലീസ് വൈകുന്നതെന്നുമാണ് കമ്പനി നൽകുന്ന വിശദീകരണം.

നാളത്തേക്കുള്ള ബുക്കിങ് ഇന്ന് രാത്രി 10 മണി വരെ നടത്താം. 4,64,000 ടോക്കൺ വരെ ഇന്ന് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. പത്ത് ലക്ഷം എസ്എംഎസുകൾ ഇതുവരെ സർവീസ് പ്രൊവൈഡർക്ക് ലഭിച്ചതായി കണക്കുണ്ട്. എന്നാൽ പ്ലേ സ്റ്റോറിൽ വരാതെ എസ്എംഎസ് ആക്ടീവാകില്ല.  എസ്എംഎസ് വഴി നേരത്തെ ബുക്ക് ചെയ്തവർ ആപ്പ് റിലീസ് ആയ ശേഷം വീണ്ടും ബുക്ക് ചെയ്യണമെന്നും ഫെയർ കോഡ് ടെക്നോളജി ചീഫ് ടെക്നോളജി ഓഫീസർ രജിത് രാമചന്ദ്രൻ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios