ഇസ്രൊ തലപ്പത്തേക്ക് വീണ്ടും മലയാളി എത്തുമോ? ഡോ എസ് സോമനാഥിന് നിർണ്ണായക സ്ഥാനക്കയറ്റം
ഡോ ജി മാധവൻ നായരും, ഡോ എസ് രാധാകൃഷ്ണനും ശേഷം ഒരു മലയാളി ഇസ്രൊ തലപ്പത്തേക്കെത്താനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. നിലവിൽ വിഎസ്എസ് ഡയറക്ടറാണ് ഡോ എസ് സോമനാഥ്.
ബംഗളൂരു: ഐഎസ്ആർഒ തലപ്പത്ത് വീണ്ടും മലയാളി എത്താൻ സാധ്യത. ചെയർമാനായ ഡോ കെ ശിവന്‍റെ പിൻഗാമിയായി നിലവിലെ വിഎസ്എസ്‍സി ഡയറക്ടർ ഡോ എസ് സോമനാഥ് വന്നേക്കും. ഡയറക്ടർ തസ്തികയിലുള്ള സോമനാഥിന് ജനുവരി ഒന്ന് മുതൽ അപെക്സ് സ്കെയിൽ സ്ഥാനം നൽകിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ സർവ്വീസിലെ സെക്രട്ടറിതല സ്ഥാനമാണ് ഇപ്പോൾ സോമനാഥിന് ലഭിച്ചിരിക്കുന്നത്. ഇസ്രൊ ചെയർമാനും കേന്ദ്ര സർക്കാരിൽ സെക്രട്ടറിതല തസ്തികയാണ്. ഇതോട് കൂടിയാണ് ഡോ ശിവൻ വിരമിക്കുമ്പോൾ എസ് സോമനാഥ് ഇസ്രൊ ചെയർമാനാകാനുള്ള സാധ്യത തെളിഞ്ഞത്.
ഡോ കെ ശിവൻ 2021 ഫെബ്രുവരിയിൽ സ്ഥാനമൊഴിയുമ്പോൾ എസ് സോമനാഥ് ചെയർമാനാവുമെന്നാണ് സൂചന. കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സോമനാഥ് 1985ലാണ് ഇസ്രൊയിൽ എത്തുന്നത്. 2015ൽ വല്യമല ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റം മേധാവിയായ സോമനാഥ് 2018 ജനുവരിയിലാണ് വിഎസ്എസ്‍സി ഡയറക്ടറാകുന്നത്. അന്നത്തെ ഡയറക്ടറായിരുന്ന ഡോ കെ ശിവൻ ഇസ്രൊ ചെയർമാനായി ചുമതലയേറ്റപ്പോഴാണ് സോമനാഥ് വിഎസ്എസ്‍സി ഡയറക്ടറാകുന്നത്.
ഡോ ജി മാധവൻ നായരും, ഡോ എസ് രാധാകൃഷ്ണനും ശേഷം ഒരു മലയാളി ഇസ്രൊ തലപ്പത്തേക്കെത്താനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നിന് ചുക്കാൻ പിടിക്കുന്നത് സോമനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബഹിരാകാശ രംഗത്ത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നയാളാണ് ഡോ എസ് സോമനാഥ്. ബഹിരാകാശ രംഗത്ത് പൊതു സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്ന പക്ഷക്കാരനുമാണ്.