ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി, അടുത്ത ദൗത്യം ചെലവ് കുറച്ചെന്ന് കേന്ദ്രമന്ത്രി
താൽക്കാലികമായ തിരിച്ചടി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ ബലപ്പെടുത്തിയെന്നും അടുത്ത ദൗത്യത്തിൽ ലാൻഡർ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.
ദില്ലി: ചന്ദ്രയാൻ രണ്ട് ദൗത്യത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ ഭാഗിക വിശദീകരണവുമായി കേന്ദ്ര സർക്കാർ. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്നും ലാൻഡിംഗിന്റെ രണ്ടാം ഘട്ടത്തിൽ പേടകത്തിന്റെ വേഗത നിർണ്ണയിക്കപ്പെട്ടതിലും വളരെ കൂടുതലായിരുന്നുവെന്നും ലോക്സഭയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയിൽ പറയുന്നു.
ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിക്രം ലാൻഡറിന്റെ ലാൻഡിംഗ് സമയത്തെ വേഗത പ്രതീക്ഷിച്ചത് പോലെ നിയന്ത്രിക്കാനാകാത്തതിനാലാണ് സോഫ്റ്റ് ലാൻഡിംഗ് ശ്രമം പാളിയതെന്നാണ് വിശദീകരണം. ചന്ദ്രോപരിതലത്തിൽ നിന്ന് 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് 7.4 കിലോമീറ്റർ ഉയരം വരെ വിക്രമിനെ എത്തിക്കുന്ന റഫ് ബ്രേക്കിംഗ് എന്ന ലാൻഡിംഗിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിതായി സ്ഥിരീകരിച്ച ജിതേന്ദ്ര സിംഗ് രണ്ടാം ഘട്ടത്തിലാണ് പ്രശ്നമുണ്ടായത് എന്ന് സ്ഥിരീകരിച്ചു.
ലാൻഡിംഗിന്റെ രണ്ടാം ഘട്ടത്തിൽ പേടകത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും അധികമായിരുന്നു. ഈ വേഗതാ മാറ്റം കണക്ക് കൂട്ടിയത് പോലെ സോഫ്റ്റ് ലാൻഡിംഗ് നടത്താനായില്ലെന്നാണ് ജിതേന്ദ്ര സിംഗിന്റെ വിശദീകരണം. നിർദ്ദിഷ്ട ലാൻഡിംഗ് സൈറ്റിന്റെ അഞ്ഞൂറ് മീറ്റർ ചുറ്റളവിലാണ് വിക്രം ഹാർഡ‍് ലാൻഡ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
സാങ്കേതികമായി ദൗത്യം വിജയകരമായിരുന്നുവെന്ന് ജിതേന്ദ്ര സിംഗിന്റെ മറുപടിയിലും ആവർത്തിക്കുന്നു. ചന്ദ്ര ഭ്രമണപഥത്തിലേക്ക് പേടകത്തെ വിജയകരമായി പ്രവേശിപ്പിച്ചു. ഓർബിറ്റർ ഇപ്പോഴും ദൗത്യം തുടരുന്നു.
താൽക്കാലികമായ തിരിച്ചടി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ ബലപ്പെടുത്തിയെന്നും അടുത്ത ശ്രമം കൂടുതൽ മികച്ചതാക്കാനുള്ള ഊർജ്ജമാണ് ചന്ദ്രയാൻ രണ്ടിൽ നിന്ന് ലഭിച്ചതെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. അടുത്ത ദൗത്യത്തിൽ ചിലവ് വീണ്ടും കുറയ്ക്കുമെന്നും ലാൻഡർ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.
ലാൻഡിംഗിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്നും രണ്ടാം ഘട്ടത്തിൽ വച്ച് വിക്രമുമായി ബന്ധം നഷ്ടമായി എന്നുമാണ് ഐഎസ്ആര്‍ഒ നേരത്തെ തന്നെ നൽകിയിട്ടുള്ള വിശദീകരണം. ചന്ദ്രോപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആർഒ ചെയർമാൻ ഡോ കെ ശിവൻ തന്നെ വ്യക്തമാക്കിയിരുന്നത്.
ലാൻഡിംഗിന്റെ രണ്ടാം ഘട്ടത്തിൽ വച്ച് പേടകത്തിന്റെ വേഗത കണക്ക് കൂട്ടിയത് പോലെ കുറയ്ക്കാനാകാത്താണ് ദൗത്യം വിജയം കൈവരിക്കാതിരിക്കാൻ കാരണമെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നതാണ്, എന്നാൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് തന്നെ ഇതാദ്യമായാണ് ഇക്കാര്യത്തിൽ ഒരു വിശദീകരണമുണ്ടാവുന്നത്.
വിക്രമിന്‍റെ സോഫ്റ്റ് ലാൻഡിംഗ് ശ്രമം പാളിയതിന് പിന്നാലെ രൂപീകരിക്കപ്പെട്ട പരാജയ പഠന സമിതിയുടെ റിപ്പോർട്ട് ഇസ്രൊ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ഇതിനിടെ ചന്ദ്രയാൻ മൂന്ന് ദൗത്യം 2020 ഓടെ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
- Chandrayaan-2
- Chandrayaan 2
- Chandrayaan
- Vikram
- Vikram lander
- Vikram lander hard-landed
- written reply to a question in the Lok Sabha
- Jitendra Singh
- minister of state in the Prime Minister's Office
- department of space
- what happened to chandrayaan
- govt explains
- ചന്ദ്രയാൻ രണ്ട് ദൗത്യത്തിന് എന്ത് സംഭവിച്ചു
- ഭാഗിക വിശദീകരണവുമായി കേന്ദ്ര സർക്കാർ
- അടുത്ത ദൗത്യം ഇതിലും ചെലവ് കുറച്ച്