കോവിഡിനെതിരെ ഭൗതിക ശാസ്ത്ര സമൂഹവും;ചെലവു ചുരുങ്ങിയ വെന്‍റിലേറ്റർ ഡിസൈനുമായി സേൺ
ദൈവകണത്തെ കണ്ടെത്താന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ചിന്തിക്കുന്നത് എങ്ങനെ ചെലവു ചുരുങ്ങിയ വെന്‍റിലേറ്റര്‍ നിര്‍മ്മിക്കാമെന്ന്
അനുപമ മോഹന്‍
മനുഷ്യരാശിയെ ഒന്നാകെ ബാധിച്ച കോവിഡ്-19 മഹാമാരിക്കെതിരെ പൊരുതാൻ ഭൗതികശാസ്ത്രസമൂഹവും. രോഗം മൂർച്ഛിക്കുന്നവർക്ക് ശ്വസനത്തിനു സഹായകരമാകുന്ന ചെലവുചുരുങ്ങിയ ഒരു വെന്‍റിലേറ്റര്‍ ഡിസൈനുമായി എത്തിയിരിക്കുകയാണ് യൂറോപ്യൻ ഓർഗനെസേഷൻ ഫോർ ന്യൂക്ലിയർ റിസേർച്ച് (സേൺ-CERN). കോവിഡ്-19 വ്യാപിച്ചതോടെ മഹാമാരിയെ ചെറുക്കുന്നതിനായി മാർഗങ്ങൾ വികസിപ്പിക്കുന്നതിന് മാർച്ച് അവസാനത്തോടെ സേൺ ഒരു ടാസ്ക് ഫോഴ്സ് സ്ഥാപിച്ചിരുന്നു. ലോകമെമ്പാടുമായി 18,000 ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്ന സേൺ രൂപീകരിച്ച ടാസ്ക് ഫോഴ്സ് ഭൗതികശാസ്ത്രലോകത്തിന് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിന് പുത്തനുണർവാണ് നൽകിയത്.
ഹാൻഡ് സാനിറ്റൈസർ ജെൽ പ്രൊഡക്ഷൻ മുതൽ മെഡിക്കൽ ഉപകരണങ്ങളുടെ 3-ഡി പ്രിന്‍റിംഗ് വരെയായി നൂറുകണക്കിന് പ്രൊപ്പോസലുകളും സന്ദേശങ്ങളുമാണ് ടാസ്ക് ഫോഴ്സിനു ലഭിച്ചത്. ഇവയിൽ സവിശേഷമായ ഒന്നാണ് ചെലവുചുരുങ്ങിയതും വളരെ കുറച്ച് വസ്തുക്കൾ മാത്രം ഉപയോഗിച്ചു നിർമിക്കാവുന്നതുമായ ഹൈ എനർജി വെന്‍റിലേറ്റർ എന്ന എച്ച്.ഇ.വി.
ലോകത്തില്‍ മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ മീഷെന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സേണിലെ ലാർജ് ഹാഡ്രോൺ കൊളൈഡർ ലാബ് ഫിസിസിസ്റ്റുകളുടെയും എൻജിനീയർമാരുടെയും ടീമാണ് പുതിയ വെന്‍റിലേറ്റര്‍ ഡിസൈനിനു പിന്നിൽ പ്രവർത്തിച്ചത്. കോവിഡ്-19 അതിവേഗം പടർന്നുപിടിച്ചതോടെ ആശുപത്രികൾ നേരിടുന്ന രൂക്ഷമായ വെന്‍റിലേറ്റര്‍ ക്ഷാമമാണ് ഹൈ എനർജി വെൻ്റിലേറ്റർ എന്ന പദ്ധതിയിലേക്ക് നയിച്ചതെന്ന് എച്ച്ഇവിക്കു പിന്നിലെ ടീം arXiv.orgൽ ലഭ്യമായ പ്രൊപ്പോസൽ പേപ്പറിൽ പറയുന്നു. പാർട്ടിക്കിള്‍ ഡിക്റ്ററ്ററുകളിൽ വാതകം എത്തിക്കുന്നതിനും നിശ്ചിത താപനിലയിലും മർദ്ദത്തിലുമായി നിയന്ത്രിച്ചു നിർത്തുന്നതിനുമുള്ള സംവിധാനത്തിനു സമാനമാണ് വെന്‍റിലേറ്റർ നിർമിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ സങ്കേതങ്ങൾ എന്ന് ലാർജ് ഹാഡ്രോൺ കൊളൈഡർ ലാബിലെ ടീം തിരിച്ചറിഞ്ഞതോടെയാണ് പുതിയ വെൻ്റിലേറ്റർ ഡിസൈനെന്ന ആശയത്തിലേക്ക് എത്തുന്നത്.
ഏറ്റവും ഗുരുതരമായ കേസുകളിൽ അതിതീവ്ര പരിചരണത്തിൽ ഉപയോഗിക്കുന്ന അത്യാധുനിക വെന്‍റിലേറ്ററുകൾക്ക് പകരമല്ല തങ്ങളുടെ വെന്‍റിലേറ്റര്‍ എന്ന് എച്ച്ഇവി ടീം പ്രത്യേകം പറയുന്നുണ്ട്. എന്നാൽ, ശ്വാസതടസം അനുഭവിക്കുന്നവരും ഏറെ ഗുരുതരാവസ്ഥയിൽ അല്ലാത്തവരുമായ രോഗികൾക്ക് എച്ച്ഇവി ഉപയോഗിക്കാനാകും. ഇതിലൂടെ, ആശുപത്രികളിലെ മറ്റ് ഹെവി-ഡ്യൂട്ടി വെൻ്റിലേറ്ററുകൾ ഏറ്റവും ഗുരുതരമായ കേസുകൾക്ക് മാത്രമായി മാറ്റിവയ്ക്കാൻ സാധിക്കും.
വെന്‍റിലേറ്ററിന്‍റെ പ്രോട്ടോടൈപ് നിർമിതി ഇതിനോടകം വിജയകരമായി പൂർത്തിയാക്കാനായി. ഈ മാസം അവസാനത്തോടെ ആശുപത്രി ട്രയലുകൾ ആരംഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മെഡിക്കൽ വിദഗ്ധരുടെ ടെസ്റ്റിങ്ങുകൾക്കും മറ്റും ശേഷം സേണിന്‍റെ വെന്‍റിലേറ്റര്‍ പുറത്തിറങ്ങിയാൽ, കോവിഡ്-19 രോഗത്തിനെതിരെ നടത്തുന്ന മാനവരാശിയുടെ പോരാട്ടത്തിന് അതൊരു മുതൽകൂട്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
എളുപ്പം ലഭ്യമാകുന്നതും വില കുറഞ്ഞതുമായ ഏറ്റവും ചുരുങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാണ് വെന്‍റിലേറ്ററിന്‍റെ നിർമാണം. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഡിസൈൻ പൊതു ഡൊമൈനിൽ ലഭ്യമാക്കുക വഴി പ്രാദേശികമായി ഈ വെന്‍റിലേറ്ററുകള്‍ നിർമിക്കാനും സേൺ ടീം അവസരമൊരുക്കും. ഇലക്ട്രോ-വാൽവുകൾ, രണ്ട് ലിറ്റർ കപ്പാസിറ്റിയുള്ള ഒരു ബഫർ കണ്ടെയ്നർ, പ്രഷർ റെഗ്യുലേറ്റർ, നിരവധി പ്രഷർ സെൻസറുകൾ എന്നിവയാണ് ഡിസൈനിലുള്ളത്. ആർഡിനോയും റാസ്പ്ബെറി പൈയുമാണ് കൺട്രോൾ സിസ്റ്റത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
സേണിന്‍റെ വെന്‍റിറിലേറ്റർ ഡിസൈൻ കൂടാതെ ഭൗതികശാസ്ത്രലോകത്ത് നിന്നുതന്നെ മറ്റ് രണ്ട് വെന്‍റിലേറ്റർ ഡിസൈനുകളും ശ്രദ്ധ നേടുന്നുണ്ട്. ഗ്ലോബൽ ആർഗൺ ഡാർക് മാറ്റർ കൊളാബറേഷൻ (ജിഎഡിഎംസി) എന്ന പ്ലാറ്റ്ഫോം മെക്കാനിക്കൽ വെന്‍റിലേറ്റർ മിലാനോ എന്ന ആശയം അവതരിപ്പിച്ചിട്ടുണ്ട്. 15 രാജ്യങ്ങളിൽ നിന്നായി 300 ശാസ്ത്രജ്ഞരുടെയും 60ഓളം സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് ജിഎഡിഎംസി. സേണിന്‍റെ ബഫർ-കേന്ദ്രീകൃത ഡിസൈനിന് വിപരീതമായി, വൈദ്യുതി ഉപയോഗിച്ച് നിയന്ത്രിക്കുന്ന കൺട്രോൾ വാൽവുകളാണ് ജിഎഡിഎംസിയുടെ ഡിസൈനിലുള്ളത്. ഇതുകൂടാതെ പോർച്ചുഗല്ലിലെ ലബോറട്ടറി ഓഫ് ഇൻസ്ട്രുമെന്‍റേഷന്‍ ആൻഡ് എക്സ്പിരിമെന്‍റല്‍ പാർട്ടിക്ക്ൾ ഫിസിക്സും ഒരു വെന്‍റിലേറ്റര്‍ ഡിസൈൻ arXiv.orgൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഡിസൈനിൽ വെന്‍റിലേറ്റര്‍ നിർമിതിക്കായുള്ള വസ്തുക്കളുടെ എണ്ണം പിന്നെയും ചുരുക്കിയിട്ടുണ്ട്.
വെന്‍റിലേറ്ററുകളുടെ നിർമാണം വലിയ കമ്പനികളും ചെറിയ സ്റ്റാർട്ടപ്പുകളും അടക്കം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണ്. ഏത് ഡിസൈനോ നിർമിതിയോ ആകും മനുഷ്യപക്ഷത്തുനിന്നുകൊണ്ട് വൈറസിനെതിരെ നടത്തുന്ന ഈ പോരാട്ടത്തിൽ നിർണായകമാകുക എന്ന് പറയുക വയ്യ. അതിനാൽ തന്നെ ഭൗതികശാസ്ത്ര ലോകത്തിന് ചെയ്യാവുന്നത് ചെയ്യുക എന്നത് പരമപ്രധാനമാണ്.