റോഡുണ്ടാക്കാൻ ഇനി പഴത്തൊലിയും, 'ഫ്‌ളാഷ് ഗ്രാഫീൻ'കൊണ്ടുവരാൻ പോകുന്നത് നിർമ്മാണവിപ്ലവം
ഇനി ഒരു പഴം തിന്നുകഴിഞ്ഞാൽ നമ്മൾ അതിന്റെ തൊലി റോഡിലേക്കെറിയും മുമ്പ് ഓർക്കേണ്ടി വരും, അതേ റോഡുണ്ടാക്കാൻ അതുപയോഗപ്പെട്ടേക്കാം എന്ന്.
മനുഷ്യൻ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കാഠിന്യമുള്ള വസ്തുക്കളിൽ ഒന്നാണ് ഗ്രാഫീൻ. കാണാൻ ഏകദേശം കോഴിക്കോടിന്റെ വല പോലെ തന്നെയിരിക്കുന്ന കാർബൺ ആറ്റങ്ങളുടെ ഒരു വിന്യാസമാണ് ഗ്രാഫീന്റെ ഘടനയിൽ. ഉത്പാദനഘട്ടത്തിൽ വേണ്ടത്ര അളവിൽ ഗ്രാഫീൻ കൂട്ടുചേരുന്നതോടെ പ്ലാസ്റ്റിക്, പെയിന്റ്, കോൺക്രീറ്റ്, റോഡുണ്ടാക്കുന്ന അസ്ഫാൾട്ട് തുടങ്ങിയ പലതിന്റെയും ഉറപ്പ് പലമടങ്ങായി വർധിക്കും. എന്നാൽ, ഒരൊറ്റ കുഴപ്പമാണ് ഉണ്ടായിരുന്നത്. ഇന്നുവരെ ലഭ്യമായ നിർമ്മാണസങ്കേതങ്ങൾ ഏറെ വിലപിടിപ്പുള്ള ഒന്നായി നിലനിർത്തിയിരുന്നു ഈ അസംസ്കൃതവസ്തുവിനെ. നിലവിൽ ഒരു മെട്രിക് ടണ്ണിന് ഒന്നരക്കോടിയോളം വിലയുണ്ടിതിന്. എന്നാൽ, ഈയടുത്ത് ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള റൈസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ, ഫ്‌ളാഷ് ഗ്രാഫീൻ നിർമാണത്തിന് ഏറെ വിപ്ലവാത്മകമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. എന്ത് കാർബൺ ഉറവിടത്തിൽ നിന്നും ഗ്രാഫീൻ നിർമ്മിക്കാവുന്ന ഒരു സവിശേഷ പ്രക്രിയയാണ് അവർ കണ്ടെത്തിയിരിക്കുന്നത്.
കാർബൺ അടങ്ങിയ എന്തുമാകാം അസംസ്കൃത വസ്തു. കൽക്കരി, പ്ലാസ്റ്റിക് വെയിസ്റ്റ്, റബ്ബർ ടയർ, മരങ്ങൾ, എന്തിന് പഴത്തൊലിയും പച്ചക്കറി വേസ്റ്റും പോലുള്ള നമ്മൾ ഇപ്പോൾ മണ്ണിലേക്ക് തള്ളുന്ന എന്തുമാകാം. പ്രക്രിയയിൽ ഒരു ലായകങ്ങളും രാസവസ്തുക്കളും ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു പ്രധാന നേട്ടം. രണ്ട് ഇലക്ട്രോഡുകൾക്കിടയിൽ വെക്കുന്ന ഈ കാർബൺ സോഴ്സ് ഒരു പൊട്ടൻഷ്യൽ ഡിഫറൻസ് പ്രയോഗിക്കപ്പെടുന്നതോടെ, പത്തു മില്ലി സെക്കൻഡ് നേരം കൊണ്ട് അതിന്റെ ഊഷ്മാവ് 3000 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർത്തപ്പെടുന്നു. ആ ഉയർന്ന താപനിലയിൽ വളരെ പെട്ടെന്ന്, ഒരു മിന്നല്പിണറിന്റെ വേഗത്തിൽ ആ അസംസ്കൃതവസ്തു ഗ്രാഫീൻ ആയി മാറ്റപ്പെടുന്നു. ഇത്രയും കാലമായി വളരെ ചെലവ് കൂടിയിരുന്ന പ്രക്രിയയായിരുന്ന ഗ്രാഫീൻ നിർമാണത്തെ താങ്ങാനാവുന്ന നിലയിലേക്ക് താഴ്ത്താൻ ഈ മാർഗത്തിനാകും എന്നാണ് ഗവേഷകരുടെ അവകാശവാദം.
" കേടാകുന്ന ഭക്ഷണം ടൺ കണക്കിനാണ് നാട്ടിൽ വലിച്ചെറിയപ്പടുന്നത്. പ്ലാസ്റ്റിക് വേസ്റ്റും ഒരു ചിന്താ വിഷയമാണ്. ഉപയോഗശൂന്യമായ റബ്ബർ ടയറുകൾ എങ്ങനെ നശിപ്പിക്കണം എന്നറിയാതെ പലരും ബുദ്ധിമുട്ടാറുണ്ട്. ഇതൊക്കെ അസംസ്കൃതവസ്തുക്കളുടെ രൂപത്തിൽ ഗ്രാഫീൻ ഉണ്ടാക്കാൻ പ്രയോജനപ്പെട്ടാൽ, അത് പരിസ്ഥിതി സൗഹൃദമായ ഒരു വ്യവസായിക വിപ്ലവത്തിനാകും വഴിതെളിക്കുക. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും, ആഗോള താപനത്തെ കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും." റൈസ് യൂണിവേഴ്സിറ്റിയിലെ നാനോ സയൻസ് പ്രൊഫസർ ആയ ജെയിംസ് ടൂർ പറഞ്ഞു.