മുങ്ങിക്കപ്പല്‍ നിര്‍മ്മാണ കരാര്‍: അദാനി ഗ്രൂപ്പ് പുറത്ത്; പകരം നിര്‍മ്മിക്കുക ഇവര്‍

പരമ്പരാഗത ഊര്‍ജം, ആണവോര്‍ജ്ജം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആറ് മുങ്ങിക്കപ്പലുകള്‍ രാജ്യത്തിന് വേണ്ടി നിര്‍മ്മിക്കുന്ന കരാറിന്‍റെ കാലാവധി 30 കൊല്ലമാണ്. 

Adani out of race for mega Navy submarine deal Ministry of Defence shortlists 2 firms

ദില്ലി: നാവിക സേനയ്ക്കായി ആറ് മുങ്ങിക്കപ്പല്‍ നിര്‍മ്മിക്കാനുള്ള 60000 കോടി രൂപയുടെ കരാറില്‍ നിന്നും അദാനി-എച്ച്എസ്എല്‍ പുറത്ത്. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതതല യോഗത്തില്‍ ലാര്‍സന്‍ ആന്‍റ് ട്യൂബ്രോ(എല്‍ ആന്‍റ് ടി), മസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേര്‍സ് എന്നിവരെയാണ് ഈ കരാറിലേക്ക് ആഭ്യന്തര പങ്കാളികളായി തിരഞ്ഞെടുത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്‍റെ 2020 ലെ ആദ്യ യോഗത്തിലാണ് തീരുമാനം.

പരമ്പരാഗത ഊര്‍ജം, ആണവോര്‍ജ്ജം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആറ് മുങ്ങിക്കപ്പലുകള്‍ രാജ്യത്തിന് വേണ്ടി നിര്‍മ്മിക്കുന്ന കരാറിന്‍റെ കാലാവധി 30 കൊല്ലമാണ്. ഈ കരാറില്‍ അഞ്ച് വിദേശ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന തന്ത്രപ്രധാന പങ്കാളി എന്ന നിലയില്‍ എല്‍ ആന്‍റ് ടിയെയും, സഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേര്‍സിനെയും തിരഞ്ഞെടുത്തത്. 

2019 ല്‍ പദ്ധതിയില്‍ താല്‍പ്പര്യമുള്ള സ്വകാര്യ കമ്പനികളില്‍ നിന്നും നാവികസേന അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന് മറുപടി നല്‍കിയത് നാല് കമ്പനികളാണ്. എൽ ആൻഡ് ടി, മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, റിലയൻസ് നേവൽ എൻജിനീയറിങ്, അദാനി ഗ്രൂപ്പിലെ ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് (എച്ച്എസ്എൽ) എന്നിവയായിരുന്നു അവ.

ഇവയുടെ അപേക്ഷകളും സൗകര്യങ്ങളും വിശദമായി പരിശോധിച്ച് നാവിക സേനയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍‌ പങ്കാളികളുടെ പേര് നിര്‍ദേശിച്ചത്. അതില്‍ നിന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്. അദാനി ഗ്രൂപ്പിന്‍റെ സാമ്പത്തിക സ്ഥിതിയും ഷിപ്പിയാര്‍ഡിലെ സൗകര്യങ്ങളും വിലയിരുത്തി അദാനി ഗ്രൂപ്പിന്‍റെ അപേക്ഷ ആദ്യമേ തള്ളിയെന്നാണ് നാവിക സേന വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. 

എന്നാല്‍ പിന്നീട് നാവികസേനയുടെ എംപവേഡ് കമ്മിറ്റി ശുപാര്‍ശ മറികടന്ന്  അദാനി ഗ്രൂപ്പിന്‍റെ സംയുക്ത സംരംഭം പരിഗണിക്കാമെന്ന് ഡിഫന്‍സ് പ്രൊഡക്ഷന്‍ വകുപ്പ് ശുപാർശ ചെയ്തിരുന്നു എന്ന വാര്‍ത്ത പുറത്തുവന്നു. 2016 ലെ പ്രതിരോധ ചട്ടങ്ങള്‍ അദാനിക്കായി മറികടക്കുന്നെന്ന്  കോണ്‍ഗ്രസ് ഇതിനെതിരെ  ആരോപണവുമായി രംഗത്ത് എത്തി. അദാനി ഗ്രൂപ്പ് എങ്ങനെ ഇടപാടിലേക്ക് പിന്നീട് എത്തിയെന്ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും മറുപടി നല്‍കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 2020 ല്‍ ആദ്യം തന്നെ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്‍റെ ആദ്യയോഗത്തില്‍ തന്നെ കരാര്‍ സംബന്ധിച്ച് കേന്ദ്രം തീരുമാനം എടുത്തത്.

Latest Videos
Follow Us:
Download App:
  • android
  • ios