സയനൈഡിനേക്കാൾ 1200 മടങ്ങ് വിഷം, ഭക്ഷണ മേശയിലെത്തുമ്പോൾ വൻ വില, അറിയാം ഈ കുഞ്ഞൻ ഭീകരനെ...
മുറിക്കുന്നതിലെ ചെറിയൊരു പാളിച്ച പോലും വലിയ ദുരന്തങ്ങളിലേക്ക് എത്തുമെങ്കിലും ജപ്പാൻകാരുടെ മെനുവിൽ പഫർ ഫിഷിന്റെ തട്ട് ഉയർന്ന് തന്നെയാണ് ഇരിക്കുന്നത്.
ലോകത്തിലെ മാരക വിഷങ്ങളിലൊന്നായ സയനൈഡിനേക്കാൾ 1200 മടങ്ങ് വിഷം. അകത്തെത്തിയാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും മരണങ്ങളും വരെ സംഭവിക്കാം. എങ്കിലും ഒരു രാജ്യത്തെ തന്നെ വിശിഷ്ഠ ഭക്ഷണ ഇനമാണ് പഫർ ഫിഷ്. മൂന്ന് അടി വരെ നീളം വയ്ക്കുന്ന ഈ കുഞ്ഞൻ ഭീകരനേക്കുറിച്ച് കൂടുതൽ അറിയാം. അധികം വേഗത്തിൽ സഞ്ചാരിക്കാത്ത ഇനം വിഭാഗത്തിലുള്ള പഫർ ഫിഷിന് പ്രകൃതി നൽകിയിരിക്കുന്ന പ്രതിരോധമാണ് ശരീരത്തിലെ വിഷവും ബലൂൺ പോലെ ഊതി വീർപ്പിക്കാവുന്ന ശരീര പ്രകൃതിയും.
ആക്രമിക്കാനെത്തുന്ന വലിയ മത്സ്യങ്ങളുടെ മുന്നിൽ വച്ച് വലിയ രീതിയിൽ വെള്ളം അകത്താക്കി ശരീരം വീർപ്പിക്കാനും ചിലപ്പോഴൊക്കെ വായു നിറച്ച് വീർപ്പിക്കാനും ഇവയ്ക്ക് സാധിക്കും. സാധാരണ പന്തിനേക്കാൾ വലിപ്പം തോന്നിച്ച ഇവയെ വലിപ്പം നോക്കാതെ ഇരയാക്കുന്ന മീനുകൾക്ക് ചില്ലറ ബുദ്ധിമുട്ടുകളല്ല ഉണ്ടാവുക. ബ്ലോ ഫിഷ് എന്ന പേരിലും അറിയപ്പെടുന്ന പഫർ ഫിഷിന്റെ എല്ലാ വകഭേദങ്ങളും വിഷമടങ്ങിയവയാണ്. ടെട്രോഡോടോക്സിന്‍ എന്ന വിഷമാണ് പഫർ ഫിഷിനെ ഇത്ര അപകടകാരിയാക്കുന്നത്. പ്രായപൂർത്തിയായ 30 മനുഷ്യരെ കൊല്ലാൻ ആവശ്യമായ അത്രയും വിഷമാണ് പഫർ ഫിഷിൽ അടങ്ങിയിട്ടുള്ളത്. എന്നാൽ ജപ്പാനിലെ വിശിഷ്ട വിഭവമായ ഫുഗു തയ്യാറാക്കുന്നത് പഫർ ഫിഷിനെ ഉപയോഗിച്ചാണെന്നതാണ് കൌതുകകരം.
വളരെ വിലകൂടിയ ഈ വിഭവം ലൈസൻസുള്ള പരിശീലനം സിദ്ധിച്ച പാചക വിദഗ്ധർ മാത്രമാണ് തയ്യാറാക്കാറുള്ളത്. മത്സ്യത്തെ മുറിക്കുന്നതിലെ ചെറിയൊരു പാളിച്ച പോലും വലിയ ദുരന്തങ്ങളിലേക്ക് എത്തുമെന്നതാണ് പഫർ ഫിഷിനെ പ്രത്യേക വിഭവമാക്കുന്നത്. അത്തരത്തിലുള്ള നിരവധി അപകടങ്ങൾ വർഷം തോറും നടക്കുന്നുണ്ടെങ്കിലും ജപ്പാൻകാരുടെ മെനുവിൽ പഫർ ഫിഷിന്റെ തട്ട് ഉയർന്ന് തന്നെയാണ് ഇരിക്കുന്നത്.
120ഓളം ഇനം പഫർ ഫിഷുകളാണ് ലോകത്തിലുള്ളത്. ഇവയിൽ ഏറിയ പങ്കും കടൽ ജലത്തിലും അപൂർവ്വമായി ചിലത് ശുദ്ധജലത്തിലുമാണ് ജീവിക്കുന്നത്. വിഷാംശം ശരീരത്തിലുണ്ടെന്നത് പ്രകടമാക്കുന്ന രീതിയിൽ തന്നെയാണ് ഇവയിൽ മിക്കതിന്റേയും ശരീര ഘടനയും രൂപവും. 1 ഇഞ്ച് മുതൽ മൂന്ന് അടി വരെ വലിപ്പം വയ്ക്കുന്നവയാണ് പഫർ ഫിഷുകൾ. ചെതുമ്പലുകളുടെ അഭാവമുള്ള ഇവയുടെ ശരീരോപരിതലം ചെറിയ മുള്ളുകളോട് കൂടിയവയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം