എല്ലാ മേഖലകളിലും സാധ്യമാവുന്നത്ര ജോലികള്‍ സ്വദേശിവത്കരിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കി യൂണിയന്‍ കോപ്
യൂണിയന്‍ കോപിലെ ഉയര്‍ന്ന തസ്‍തികകളില്‍ സ്വദേശിവത്കരണം 72 ശതമാനത്തിലധികമായി.
ദുബൈ: സ്വദേശിവത്കരണ പദ്ധതികള്‍ക്ക് തങ്ങള്‍ ഏറ്റവും ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്ന് യൂണിയന്‍ കോപ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്‍മ അല്‍ ശംസി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും കൂടുതല്‍ മെച്ചപ്പെട്ടതും സുസ്ഥിരവുമായ സമ്പദ്‍വ്യവസ്ഥ സൃഷ്ടിക്കാനുമുള്ള യുഎഇ ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ തീരുമാനം. എല്ലാ മേഖലകളിലും, വിശേഷിച്ച് ദേശീയ സമ്പദ് വ്യവസ്ഥയെയും സാമൂഹികവും സാമ്പത്തികവുമായ വികസനത്തെ പിന്തുണയ്‍ക്കുന്ന കാര്യത്തില്‍, യുഎഇ ഭരണകൂടത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പ്രാവര്‍ത്തികമാക്കാന്‍ യൂണിയന്‍കോപ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ കോപിന്റെ തുടക്കം മുതല്‍ തന്നെ സ്വദേശിവത്കരണത്തിന് ഡയറക്ടര്‍ ബോര്‍ഡ് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഓരോ മാസവും എക്സിക്യൂട്ടീവ് മാനേജുമെന്റുമായുള്ള യോഗങ്ങളില്‍ അതിന്റെ പുരോഗതി വിലയിരുത്തുകയും എല്ലാ ഡിവിഷനുകളിലും ഡിപ്പാര്‍ട്ട്മെന്റുകളിലും സ്വദേശിവത്കരണം വര്‍ദ്ധിപ്പിച്ച് രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലയായ ചില്ലറ വിപണന രംഗത്ത് നേതൃപരമായ ജോലികള്‍ നിര്‍വഹിക്കാന്‍ സ്വദേശികള്‍ക്ക് ജോലി nഭ്യമാക്കുന്നതിനുള്ള വഴികളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും ചെയ്യാറുണ്ട്. ഫലപ്രദമായും കാര്യക്ഷമമായും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പിന്തുണയ്ക്കുന്ന ഏറ്റവും പ്രധാനമായൊരു മേഖലയാണ് റീട്ടെയില്‍ വ്യാപാരമെന്ന് തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു ഇത് ചെയ്‍തിരുന്നത്.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കുന്ന തരത്തില്‍ പടിപടിയായ വളര്‍ച്ചയോടെയാണ് യുഎഇ സമ്പദ്‍ വ്യവസ്ഥ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തി പുതിയ പദ്ധതികള്‍ക്കും തീരുമാനങ്ങള്‍ക്കും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമെല്ലാം രാജ്യം രൂപം നല്‍കുകയും ചെയ്‍തു. ഒപ്പം സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കാനും സ്വദേശികളുടെ തൊഴില്‍ക്ഷമത കൂട്ടാനും വേണ്ടി 'നാഫിസ്' പോലുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ഈ പദ്ധതികള്‍ നിലവില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.
സ്വദേശിവത്കരണത്തിലും 'നാഫിസ്' പദ്ധതിക്ക് പിന്തുണ നല്‍കുന്ന കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാടോടെയാണ് യൂണിയന്‍ കോപ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്ര നേതൃത്വത്തിന്റെ താത്പര്യം നടപ്പാക്കുന്നതിനും സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കാനും ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും വേണ്ടി സ്കില്‍ഡ്, അഡ്‍മിനിസ്‍ട്രേഷന്‍, മറ്റ് ജോലികളിലെല്ലാം വാര്‍ഷിക അടിസ്ഥാനത്തില്‍ സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കാനും പദ്ധതികളുണ്ട്.
വിവിധ രംഗങ്ങളില്‍, വിശേഷിച്ച് സ്വദേശിവത്കരണത്തില്‍ യുഎഇ ഭരണ നേതൃത്വത്തിന്റെയും സര്‍ക്കാറിന്റെയും പ്രഖ്യാപനങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ എല്ലാ പിന്തുണയും നല്‍കുന്ന സ്ഥാപനങ്ങളിലൊന്നാണ് യൂണിയന്‍ കോപെന്ന് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. വരും കാലത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഒപ്പം ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്‍ത ഡിവിഷനുകളിലും ഡിപ്പാര്‍ട്ട്മെന്റുകളിലും സാധ്യമാവുന്നത്ര സ്വദേശിവത്കരണം നടപ്പാക്കുകയും ചെയ്യും.
വാര്‍ഷിക അടിസ്ഥാനത്തില്‍ സ്വദേശിവത്കരണ ശതമാനം വര്‍ദ്ധിപ്പിച്ച് ലക്ഷ്യം കൈവരിക്കാനാണ് യൂണിയന്‍ കോപ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 37 ശതമാനമാണ് യൂണിയന്‍ കോപിലെ സ്വദേശിവത്കരണ നിരക്കെന്നും ഈ വര്‍ഷം അവസാനത്തോടെ അത് 40 ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനുമാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഇതേ മേഖലയിലെ മറ്റ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യൂണിയന്‍ കോപിലെ സ്വദേശിവത്കരണ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സഹകരണ മേഖലയില്‍ ഏറ്റവും ഉയരത്തില്‍ അല്ലെങ്കിലും ഈ രംഗത്തുള്ള സ്വദേശികളുടെ 90 ശതമാനത്തിലധികവും ഇവിടെ ജോലി ചെയ്യുന്നവരാണ്. വിവിധ ബ്രാഞ്ചുകളിലും കൊമേഴ്സ്യല്‍ സെന്ററുകളിലും മാളുകളിലും സ്വദേശികള്‍ക്ക് പിന്തുണ നല്‍കാന്‍ ലക്ഷ്യമിട്ട് വ്യക്തമായ പദ്ധതികള്‍ സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക മേഖലയായ ചില്ലറ വിപണന രംഗത്ത് സ്വദേശികളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണിത്. ഒപ്പം 60 പുരുഷന്മാരും സ്‍ത്രീകളും ഉള്‍പ്പെടെയുള്ള സ്വദേശികളെ യൂണിയന്‍ കോപ് കുടുംബത്തിന്റെ ഭാഗമാക്കാന്‍ വേണ്ടി ഇരുനൂറിലധികം ഉദ്യോഗാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നിലവില്‍ അഭിമുഖങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം കഴിവിനും യോഗ്യതയ്ക്കും അഭിരുചിക്കും അനുസൃതമായ ജോലികള്‍ ചെയ്യാന്‍ സ്വദേശികള്‍ക്ക് അവസരം ഒരുക്കുന്ന 'നാഫിസ്' പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാന്‍, തങ്ങളുടെ പങ്കാളികളുമായും ബന്ധപ്പെട്ട അധികൃതരുമായും സഹകരിച്ചുകൊണ്ടുള്ള വ്യക്തമായ കാഴ്ചപ്പാട് യൂണിയന്‍ കോപിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും അടുത്ത ഘട്ടത്തില്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന വികാസത്തിനൊപ്പം സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ ശതമാനം ഉയര്‍ത്തുന്നതിനുള്ള ലക്ഷ്യങ്ങളും മുന്‍നിര്‍ത്തിയാണിത്.
യൂണിയന്‍ കോപിലെ ഉയര്‍ന്ന തസ്‍തികകളിലെ സ്വദേശിവത്കരണം ഇതുവരെ 72 ശതമാനമായി മാറിയെന്നും സിഇഒ പറഞ്ഞു. സ്വദേശിവത്കരണത്തിന്റെ പാതയില്‍ യുഎഇ ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായും രാജ്യത്തിന്റെയും പൗരന്മാരുടെയും ഭാവി താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും യൂണിയന്‍ കോപ് മഹത്തായ മുന്നേറ്റം നടത്തി. ഒപ്പം സ്വദേശികള്‍ക്ക് തങ്ങളുടെ കഴിവുകളും പ്രാപ്തിയും വര്‍ദ്ധിപ്പിച്ച് തൊഴില്‍ വിപണിയില്‍ കൂടുതല്‍ ശക്തമായി ഇടപെടാനുള്ള സാഹചര്യവുമുണ്ടാക്കി.
യൂണിയന്‍ കോപിന്റെ കുടക്കീഴില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുടെ എണ്ണം ഇപ്പോള്‍ 443 ആണെന്നും അല്‍ ഫലാസി പറഞ്ഞു. എന്നാല്‍ യൂണിയന്‍കോപിലെ ജീവനക്കാരുടെ എണ്ണം ഇതില്‍ ഒതുങ്ങുന്നില്ല, സ്വദേശിവത്കരണം സാധ്യമാവുന്ന എല്ലാ തൊഴിലുകളും സ്വദേശിവത്കരിച്ച് ഈ വര്‍ഷം അവസാനത്തോടെ സ്വദേശി ജീവനക്കാരുടെ എണ്ണം 500 ആക്കി ഉയര്‍ത്താനാണ് ശ്രമം.
സ്വദേശികളായ ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാനായി അവര്‍ പഠനവും പരിശീലനവും പൂര്‍ത്തിയാക്കിയ എല്ലാ കാറ്റഗറികളിലേക്കും സ്വദേശികളെ ആകര്‍ഷിക്കാനും ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന 24 ശാഖകളും അഞ്ച് കൊമേഴ്സ്യല്‍ സെന്ററുകളിലുമായി ആകര്‍ഷകമായ തൊഴില്‍ സാഹചര്യം ഒരുക്കാനും യൂണിയന്‍ കോപ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഒപ്പം സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന നിരവധി പ്രയോജനപ്രദമായ ഘടകങ്ങളുള്ള പുതിയ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. പൊതുമേഖലയ്ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ സ്വകാര്യ മേഖലയില്‍ ലഭ്യമാക്കുക വഴി ഉദ്യോഗാര്‍ത്ഥികളെയും സ്വദേശികളെ നിയമിക്കാന്‍ തൊഴിലുടമകളെയും ആകര്‍ഷിക്കുന്ന പദ്ധതിയാണിത്. അതേസമയം സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ഏറ്റവും വലിയ പ്രതിബന്ധമാവുന്നത് ഇപ്പോഴത്തെ പെന്‍ഷന്‍ നിയമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വദേശികള്‍ക്ക് സ്വകാര്യ മേഖല കൂടുതല്‍ ആകര്‍ഷകമാവുന്ന തരത്തില്‍ അതില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ സ്വകാര്യ മേഖലയിലെ പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കണം. സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാനും സ്വദേശിവത്കരണ തോത് വര്‍ദ്ധിപ്പിക്കാനും ലക്ഷ്യം വെച്ച് ഭേദഗതികള്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.