ലോക്ക്ഡൗണില്‍ രാജ്യത്തിന് പുറത്ത് കുടുങ്ങിയ വിദേശികളെ സ്വാഗതം ചെയ്ത് യുഎഇ
മറ്റ് രാജ്യങ്ങളിൽ നിന്ന് രണ്ടുലക്ഷം പേരെ തിരികെയെത്തിക്കുകയാണ് പദ്ധതിയെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിസ് അബ്ദുള്ള ബെൽഹൂൽ പറഞ്ഞു. കുടുംബങ്ങളെ തിരിച്ചെത്തിക്കുക എന്നതാണ് അടുത്ത ഘട്ടത്തിലെ പ്രധാനലക്ഷ്യം
ദുബൈ: ലോക്ക്ഡൗണില്‍ രാജ്യത്തിന് പുറത്ത് കുടുങ്ങിയ വിദേശികളെ സ്വാഗതം ചെയ്ത് യുഎഇ. യുഎഇയിലേക്ക് തിരിച്ചുവരാൻ ഇന്ത്യക്കാർക്കുണ്ടായിരുന്ന തടസങ്ങൾ നീങ്ങിയതായി ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്ന് രണ്ടുലക്ഷം പേരെ തിരികെയെത്തിക്കുകയാണ് പദ്ധതിയെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിസ് അബ്ദുള്ള ബെൽഹൂൽ പറഞ്ഞു.
കുടുംബങ്ങളെ തിരിച്ചെത്തിക്കുക എന്നതാണ് അടുത്ത ഘട്ടത്തിലെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതിന്‍റെ ഭാഗമായി റസിഡൻറ് വിസക്കാർക്ക് യുഎഇയിലേക്ക് മടങ്ങിയെത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുവരെ 31,000 പേരാണ് തിരിച്ചെത്തിയത്. അടുത്ത ദിവസങ്ങളിലായി കൂടുതൽ പേർക്ക് അനുമതി നൽകും. ഈ മാസം ഒന്നുമുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.
മടങ്ങിയെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാണ്. ഇക്കൂട്ടര്‍ 14 ദിവസം സ്വന്തം ചെലവില്‍ ക്വാന്‍റീനില്‍ കഴിയണം. കൊവിഡ് പ്രതിരോധത്തിനായി യുഎഇ തയാറാക്കിയ ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യുകയും വിവരങ്ങൾ സമർപ്പിക്കുകയും ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, യുഎഇയിലേക്ക് തിരിച്ചുവരാൻ ഇന്ത്യക്കാർക്കുണ്ടായിരുന്ന തടസങ്ങൾ നീങ്ങിയതായി യുഎഇയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു. ഇക്കാര്യത്തിൽ എമിഗ്രേഷൻ വിഭാഗത്തിനും എയർലൈൻസുകൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിസകൾക്കും ഡിസംബർ വരെ കാലാവധിയുണ്ടെന്ന് യുഎഇ അറിയിച്ചതിനാൽ ഇക്കാര്യത്തിൽ തടസമുണ്ടാവില്ല.
റസിഡന്‍റ് വിസക്കാർക്ക് തിരിച്ചുവരവിന് അപേക്ഷ നൽകാമെന്നും അദ്ദേഹം അറിയിച്ചു. മൂന്നുമാസം വിസാ കാലാവധി ബാക്കിയുള്ളവർക്ക് മാത്രമേ വിദേശത്തേക്ക് മടങ്ങാൻ കഴിയൂവെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ സർക്കുലർ ഇറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ വിഭാഗവും എയർലൈൻസുകളും യാത്രക്കാർക്ക് അനുമതി നിഷേധിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർ ഫെഡറൽ അതോറിറ്റിയുടെ വെബ്സൈറ്റായ smartservices.ica.gov.ae വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.