കൊവിഡ് കാലത്ത് യുഎഇയില്‍ സുഹൃത്തുക്കളുടെ ഒത്തുചേരലിന് വലിയ വില കൊടുക്കേണ്ടി വരും

വിലക്ക് ലംഘിച്ച് കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വീട്ടില്‍ പോയ മലയാളി കുടുംബത്തിനും അവരെ സ്വീകരിച്ചവര്‍ക്കും വന്‍തുക പിഴ ലഭിച്ചു. രണ്ട് കുടുംബങ്ങള്‍ക്കുമായി ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയാണ് പിഴ ലഭിച്ചത്. 

UAE authorities imposed hefty fines for illegal gatherings

അബുദാബി: യുഎഇയില്‍ നിലനില്‍ക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുചേരുന്നവര്‍ക്ക് കനത്ത പിഴയാണ് അധികൃതര്‍ ചുമത്തുന്നത്. രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ 90 ശതമാനത്തോളവും അധികൃതരുടെ നിര്‍ദേശം ലംഘിച്ച് കൂട്ടം കൂടുന്നത് കാരണമായാണ് ഉണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്.

വിലക്ക് ലംഘിച്ച് കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വീട്ടില്‍ പോയ മലയാളി കുടുംബത്തിനും അവരെ സ്വീകരിച്ചവര്‍ക്കും വന്‍തുക പിഴ ലഭിച്ചു. രണ്ട് കുടുംബങ്ങള്‍ക്കുമായി ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയാണ് പിഴ ലഭിച്ചത്. വര്‍ഷങ്ങളായുള്ള സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്ന രണ്ട് കുടുംബങ്ങളും കൊവിഡ് ഭീതിയെ തുടര്‍ന്ന് പരസ്‍പരം കണ്ടിട്ട് തന്നെ മാസങ്ങളായിരുന്നു. ഇതിനൊടുവിലാണ് കഴിഞ്ഞ ദിവസം ഇരുകുടുംബങ്ങളും സംഗമിച്ചത്.

ഇതിനിടെയാണ് സൗജന്യ കൊവിഡ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്. വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളടക്കമുള്ളവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. തന്റെ സുഹൃത്തും കുടംബവും കൂടി ഇപ്പോള്‍ ഇവിടെയുണ്ടെന്നും അവരുടെ കൂടി പരിശോധന നടത്താന്‍ കഴിയുമോ എന്നും ഉദ്യോഗസ്ഥരോട് ആരാഞ്ഞു. എതിര്‍പ്പൊന്നും അറിയിക്കാതെ അവരുടെയും സ്രവം സംഘം ശേഖരിച്ചു.

പോകാന്‍ നേരത്താണ് കൊവിഡ് മുന്‍കരുതല്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് രണ്ട് കുടുംബങ്ങള്‍ക്കും ഭീമമായ തുക പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസ് കൂടി അധികൃതര്‍ നല്‍കിയത്. വിരുന്നിനെത്തിയ സുഹൃത്തിന്റെ കുടുംബത്തിന് ഓരോരുത്തര്‍ക്കും 5000 ദിര്‍ഹം വീതവും ഇവരെ സ്വീകരിച്ച ആതിഥേയര്‍ക്ക് 10,000 ദിര്‍ഹവുമാണ് പിഴ ചുമത്തിയത്. നിസാരമായി കണ്ടേക്കാവുന്ന ഈ നിയമലംഘനത്തിന് ഇനി രണ്ട് കുടുംബങ്ങളുമായി അടയ്ക്കേണ്ടത് മൂന്ന് ലക്ഷത്തിലേറെ രൂപയുടെ പിഴയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios