ഡിസ്‌കൗണ്ട് സെയിലില്‍ ജനം ഇടിച്ചുകയറി; യുഎഇയില്‍ വ്യാപാര സ്ഥാപനം പൂട്ടിച്ചു, വന്‍തുക പിഴയും

കൊവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ശാരീരിക അകലം അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ മാനേജ്മെന്റിനെ ദുബൈ ഇക്കണോമി ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തിയിരുന്നു. 

store closed and fined Dh 50000 for not following Covid norms during discount sale in dubai

ദുബൈ: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ദുബൈയില്‍ വ്യാപാര സ്ഥാപനം പൂട്ടിച്ചു. 50,000 ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്. ദുബൈ ഇക്കണോമി വിഭാഗമാണ് നടപടിയെടുത്തതെന്ന് മീഡിയാ ഓഫീസ് അറിയിച്ചു. വിലക്കുറവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വലിയ ജനക്കൂട്ടം സ്ഥാപനത്തിനുള്ളില്‍ രൂപം കൊണ്ടതിന്റെ പേരിലാണ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിനെതിരെ നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിക്കുന്നു.

കൊവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ശാരീരിക അകലം അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ മാനേജ്മെന്റിനെ ദുബൈ ഇക്കണോമി ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തിയിരുന്നു. നിരവധി ഉപഭോക്താക്കള്‍ ഈ സമയം വ്യാപാര സ്ഥാപനത്തിലെത്തി. ശാരീരിക അകലം പാലിക്കാത്തതിന്റെ അപകട സാധ്യതപോലും കണക്കിലെടുക്കാതെയുള്ള നീക്കമാണ് നടപടിയിലേക്ക് നയിച്ചതെന്ന് മീഡിയാ ഓഫീസ് അറിയിച്ചു. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ദുബായ് കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ 600545555 എന്ന നമ്പറിലോ consumerrights.ae എന്ന വെബ്സൈറ്റ് വഴിയോ വിവരമറിയിക്കണമെന്ന് ദുബൈ ഇക്കണോമി അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഡിസ്‌കൗണ്ട് സെയില്‍ അടക്കമുള്ള ഓഫറുകളാണെങ്കിലും പോലും സ്ഥാപനങ്ങളും ഉപഭോക്താക്കളും എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിശദാംശങ്ങള്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios