'പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ'; കൊവിഡ് പോരാളികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിച്ച് ശൈഖ് ഹംദാന്റെ കത്ത്
'ഞങ്ങളുടെ രാജ്യത്തെ രാജ്യത്തെ സംരക്ഷിച്ച നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. ഞങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയതിന് നിങ്ങള്‍ക്ക് നന്ദി....'
ദുബായ്: കൊവിഡ് പോരാട്ടത്തില്‍ പങ്കാളികളായവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. 'എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരെ' എന്ന് തുടങ്ങുന്ന കത്ത് ശൈഖ് ഹംദാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്. വെല്ലുവിളികള്‍ ഉയരുമ്പോള്‍ ജീവന്‍ പോലും തൃണവല്‍ക്കരിച്ച് പോരാടുന്നവരോട് പ്രത്യേക നന്ദിയുണ്ടെന്ന് അദ്ദേഹം കുറിച്ചു.
ശൈഖ് ഹംദാന്റെ കത്തിന്റെ പൂര്‍ണരൂപം
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരെ., ധൈര്യശാലികളായ മുന്‍നിര പോരാളികളെ...ഞങ്ങളുടെ ഏറ്റവും പ്രയാസമേറിയ സമയത്ത് നിങ്ങള്‍ വെല്ലുവിളി ഏറ്റെടുത്തു. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ സേവനത്തിന്റെയും ത്യാഗത്തിന്റെയും അര്‍ത്ഥങ്ങള്‍ നിങ്ങള്‍ പുനര്‍ നിര്‍വചിച്ചു. നിങ്ങളുടെ അപാരമായ ധൈര്യം സമൂഹത്തെ സംരക്ഷിക്കുന്നതിന് അജയ്യമായ കോട്ടയാണ് പണിതത്. പകര്‍ച്ചവ്യാധിക്കും ഞങ്ങള്‍ക്കും ഇടയില്‍ അതിര്‍ത്തികള്‍ സൃഷ്ടിച്ച് നിങ്ങള്‍ ഇന്നത്തെ ഏറ്റവും മികച്ച സൈനികരായി. ഞങ്ങളുടെ രാജ്യത്തെ രാജ്യത്തെ സംരക്ഷിച്ച നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. ഞങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയതിന് നിങ്ങള്‍ക്ക് നന്ദി. പുതിയ നായകന്‍മാര്‍ക്ക് കടന്നു വരാനുള്ള ഏറ്റവും മികച്ചമാതൃകയാണ് നിങ്ങള്‍ തീര്‍ത്തിരിക്കുന്നത്. നിങ്ങളുടെ ത്യാഗം ഏറെ പ്രചോദനകരവും വിനീതവും ചരിത്രത്തില്‍ എന്നേക്കും ഓര്‍മ്മിക്കുന്ന പാരമ്പര്യവുമായിരിക്കും. ദൈവകൃപയാല്‍ നാം ഈ സമയങ്ങളും കടന്നു പോകും. നമുക്ക് ഒന്നിച്ച് നിന്ന് കൂടുതല്‍ ശക്തരും ദൃഢനിശ്ചയമുള്ളവരുമായി ഭാവി രൂപപ്പെടുത്തുന്നതിനുള്ള യാത്ര തുടരാം.
നിങ്ങളുടെ സഹോദരന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ്.