ഏഴ് വയസുകാരിയില്‍ നിന്ന് 17 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം
കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പരിശോധന സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടതില്‍ നിന്നാണ് രോഗവ്യാപനത്തിന്റെ പുതിയ കണക്കുകള്‍ ലഭ്യമാകുന്നത്.
മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിതയായ ഏഴ് വയസുകാരിയില്‍ നിന്ന് 17 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഏഴ് വീടുകളിലുള്ള ബന്ധുക്കളാണ് ഇങ്ങനെ രോഗികളായത്. കുടുംബം ഒത്തുചേര്‍ന്ന ഒരു ചടങ്ങില്‍ നിന്നാണ് ഇങ്ങനെ രോഗവ്യാപമുണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വ്യാപിക്കാന്‍ കുടുംബ സംഗമങ്ങളാണ് കാരണമാകുന്നതെന്നും അധികൃതര്‍ ആരോപിച്ചു.
കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പരിശോധന സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടതില്‍ നിന്നാണ് രോഗവ്യാപനത്തിന്റെ പുതിയ കണക്കുകള്‍ ലഭ്യമാകുന്നത്. എട്ട് വയസുള്ള ഒരു ആണ്‍കുട്ടിയില്‍ നിന്നും ഇത്തരത്തില്‍ മൂന്ന് തലമുറകളിലെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 60 വയസുള്ള സ്ത്രീയില്‍ നിന്ന് 16 പേര്‍ക്കും 16 വയസുകാരനില്‍ നിന്ന് 10 പേരിലേക്കും ഇങ്ങനെ രോഗവ്യാപനമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
സെപ്‍തംബര്‍ 17 മുതല്‍ ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4530 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 3630 പേര്‍ സ്വദേശികളും 900 പേര്‍ പ്രവാസികളുമാണ്. പ്രതിദിന ശരാശരി രോഗികളുടെ എണ്ണം 719.1ല്‍ നിന്ന് 647 ആയി കുറഞ്ഞിട്ടുണ്ട്. 4530 രോഗികളില്‍ 50 പേര്‍ക്ക് മാത്രമാണ് യാത്രകളില്‍ നിന്ന് കൊവിഡ് ബാധിച്ചത്.