സൗദി അറേബ്യയില്‍ അഞ്ച് മാസത്തേക്ക് പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടാന്‍ നിയന്ത്രണങ്ങളോടെ അനുമതി
ഷോട്ട് ഗൺ, എയർ ഗൺ, മീൻപിടുത്ത വല, വാതകം ഉപയോഗിക്കുന്ന ട്രാക്കിങ് ഉപകരണങ്ങൾ തുടങ്ങിയ ലൈസൻസുള്ള ആയുധങ്ങൾ ഉപയോഗിച്ച് മാത്രമേ വേട്ടയാടാൻ അനുവദിക്കൂ.
റിയാദ്: സൗദി അറേബ്യയിൽ പക്ഷി - മൃഗാദികളെ വേട്ടയാടുന്നതിനുള്ള പുതിയ കാലയളവ് പ്രഖ്യാപിച്ചു. പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരതക്ക് തടസം വരാത്തവിധം ജൈവ വൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾക്കനുസൃതമായി സെപ്റ്റംബർ ഒന്ന് മുതൽ ജനുവരി 31 വരെ നിർദിഷ്ട പ്രദേശങ്ങളിൽ മൃഗവേട്ട അനുവദിക്കും.
നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (എൻ.സി.ഡബ്ല്യു) അധികൃതരാണ് ചൊവ്വാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വേട്ടയാടൽ സീസണിന്റെ പുതിയ തീയതി പ്രഖ്യാപിച്ചത്. ഭൂമിശാസ്തപരമായ നിയന്ത്രണങ്ങൾ, ഏറ്റവും പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവര ശേഖരണം, അന്താരാഷ്ട്ര നായാട്ട് മാനദണ്ഡങ്ങൾ, പഠനങ്ങൾ എന്നിവയും വിദഗ്ധരുടെ ഉപദേശങ്ങളും അടിസ്ഥാനമാക്കിയാണ് അഞ്ചുമാസത്തെ അനുമതിയെന്ന് അധികൃതർ വ്യക്തമാക്കി.
ശരത്കാല സീസണിൽ 25 ഇനം മൃഗങ്ങളെയും ശൈത്യകാലത്ത് നാല് ഇനങ്ങളെയും മാത്രമേ വേട്ടയാടാൻ അനുവാദമുള്ളൂ. ഇതിന് എൻ.സി.ഡബ്ല്യു ഫെട്രി പ്ലാറ്റ്‌ഫോം വഴി ഹണ്ടിങ് ലൈസൻസുകളും പെർമിറ്റും കരസ്ഥമാക്കണം. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ, പക്ഷികൾ, ഇരപിടിയൻ പക്ഷികൾ എന്നിവയെ വേട്ടയാടുന്നത് ശാശ്വതമായി നിരോധിക്കുന്ന ചട്ടങ്ങൾ വേട്ടക്കാർ പാലിക്കേണ്ടതുണ്ടെന്ന് സെന്റർ അധികൃതർ ചൂണ്ടിക്കാട്ടി.
ഷോട്ട് ഗൺ, എയർ ഗൺ, മീൻപിടുത്ത വല, വാതകം ഉപയോഗിക്കുന്ന ട്രാക്കിങ് ഉപകരണങ്ങൾ തുടങ്ങിയ ലൈസൻസുള്ള ആയുധങ്ങൾ ഉപയോഗിച്ച് മാത്രമേ വേട്ടയാടാൻ അനുവദിക്കൂ. നഗരങ്ങൾ, ഗ്രാമങ്ങൾ, കൃഷിയിടങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയുടെ അതിർത്തികൾക്കുള്ളിൽ, ജനവാസ കേന്ദ്രങ്ങളിലും സൈനിക, വ്യവസായിക മേഖലകളിലും വേട്ടയാടൽ നിരോധിച്ചിട്ടുണ്ട്. റിസർവ് പ്രദേശങ്ങൾക്കും പ്രധാന പദ്ധതി പ്രദേശങ്ങളിലും വന്യജീവി വേട്ട പാടില്ല. കൂടാതെ രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ നിന്ന് 20 കിലോമീറ്റർ അകലം പാലിക്കണം.
Read also: സൗദി അറേബ്യയിൽ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സംഭാവനകൾ സ്വീകരിക്കാൻ അനുമതി