സൗദിയിൽ വിപുലമായ യോഗദിനാചരണം; ഇന്ത്യൻ എംബസിക്കൊപ്പം നേതൃത്വം നൽകിയത് സൗദി യോഗ കമ്മിറ്റിയും കായിക മന്ത്രാലയവും

റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക് കോംപ്ലക്സിലാണ് ദിനാചരണ പരിപാടികൾ നടന്നത്.

Saudi Arabia Celebrates International Day Of Yoga

റിയാദ്: പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം റിയാദിൽ വിപുലമായി ആചരിച്ചു. സൗദി യോഗ കമ്മിറ്റിയും സൗദി കായിക മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യൻ എംബസിയാണ് പരിപാടി സംഘടിപ്പിച്ചത്. 'യോഗ സ്വന്തത്തിനും സമൂഹത്തിനും' എന്ന പേരിൽ റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക് കോംപ്ലക്സിലാണ് ദിനാചരണ പരിപാടികൾ നടന്നത്. യോഗ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കുന്നതിന്‍റെ ആവശ്യകതയെയും അതുകൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെയും കുറിച്ച്  ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ സ്വാഗത പ്രഭാഷണത്തിൽ പറഞ്ഞു. 

സൗദി യോഗ കമ്മിറ്റി പ്രസിഡൻറും പത്മശ്രീ അവാർഡ് ജേതാവുമായ നൗഫ് അൽമർവാഇ, ഇൻറർനാഷനൽ യോഗ സ്പോർട്സ് ഫെഡറേഷൻ പ്രസിഡൻറ് രാജശ്രീ ചൗധരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവരെല്ലാം പൊതുവായ യോഗാഭ്യാസ പ്രകടനം നടത്തി. തുടർന്ന് പ്രാണായാമവും ധ്യാനമുറകളും അഭ്യസിച്ചു. സൗദി യോഗ കമ്മിറ്റി അംഗം അൽഹനൂഫ് സഅദ് യോഗാഭ്യാസ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ, നയതന്ത്ര സമൂഹ പ്രതിനിധികൾ, പ്രവാസി ഇന്ത്യക്കാർ, സൗദിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, സൗദി പൗരർ, ക്ഷണിക്കപ്പെട്ട വിവിധ രാജ്യക്കാർ, സൗദി കായിക ടൂറിസം മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മുഖ്യാതിഥികൾക്കും യോഗ ഗുരുവിനും മെഡിക്കൽ സംഘത്തിനും അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പ്രശംസാ ഫലകങ്ങൾ സമ്മാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios