കൊവിഡ് കാലത്ത് നാട്ടിലെത്താന്‍ കഷ്ടപ്പെട്ട് പ്രവാസികള്‍; ചൂഷണം ചെയ്ത് ട്രാവല്‍ ഏജന്‍സികള്‍

ചില ട്രാവല്‍ ഏജന്‍സികള്‍ തോന്നിയ നിരക്കാണ് ഈടാക്കുന്നതെന്ന് ആക്ഷേപം. സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രവാസികള്‍.

Return of expats travel agencies exploit in kerala

കോഴിക്കോട്: കൊവിഡ് കാലത്ത് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ ശ്രമിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്ത് ട്രാവല്‍ ഏജന്‍സികള്‍. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ റീഗല്‍ ട്രാവല്‍ ഏജന്‍സി എന്ന സ്ഥാപനം 38,000 രൂപയാണ് ഈടാക്കിയത്. വിവിധ സംഘടനകള്‍ 19,000 രൂപയ്ക്ക് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രവാസികളെ എത്തിക്കുന്നതിനിടെയാണ് പ്രവാസികളോടുള്ള ചില ട്രാവല്‍ ഏജന്‍സികളുടെ ക്രൂരത. 

കൊവിഡ് പ്രതിസന്ധി ട്രാവല്‍ ഏജന്‍സികള്‍ മുതലെടുക്കുകയാണെന്ന് കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ ജോബ്സണ്‍ പറയുന്നു. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ പറഞ്ഞതോടെ രണ്ടുമാസത്തിലേറെ കടുത്ത പ്രതിസന്ധിയിലായിരുന്നു ജോബ്സണ്‍. നാട്ടില്‍ പോകാന്‍ വിമാനമില്ല. ഒടുവില്‍ ചാര്‍ട്ടേട് വിമാനത്തില്‍ ടിക്കറ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇക്കഴിഞ്ഞ 23 ന് വരാന്‍ റീഗല്‍ ട്രാവല്‍ ഏജന്‍സി എന്ന സ്ഥാപനം വാങ്ങിയത് 38000 രൂപ. അതായത് 1900 ദിര്‍ഹം. പണം കടംവാങ്ങി ടിക്കറ്റെടുത്ത് നാട്ടിലെത്തി ക്വാറന്‍റീനിലാണ് ജോബ്സണിപ്പോള്‍.

ജോബ്സണെ പോലെ കടുത്ത പ്രതിസന്ധിയിലായ നിരവധി പ്രവാസികളാണ് ഇതുപോലെ ചൂഷണത്തിന് ഇരയാകുന്നത്. ചില ട്രാവല്‍ ഏജന്‍സികള്‍ക്ക് തോന്നും പോലെയാണ് ടിക്കറ്റിന് നിരക്ക്. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് ദുബായില്‍ നിന്നുള്ള വിമാനത്തില്‍ കെഎംസിസിയെപ്പോലുള്ള സംഘടനകള്‍ 19000 രൂപയ്ക്ക് ടിക്കറ്റ് നല്‍കുമ്പോഴാണ് 38000 രൂപ ചില യാത്രക്കാര്‍ക്ക് കൊടുക്കേണ്ടി വരുന്നത്.

ഒരു ഗതിയുമില്ലാതെയാണ് മിക്കവരും എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന തീരുമാനമെടുക്കുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും ഗതിയില്ലാതെ കടംവാങ്ങിയും മറ്റും ടിക്കറ്റ് സംഘടിപ്പിക്കുന്ന പ്രവാസികളോടാണ് ഈ ക്രൂരത.

Latest Videos
Follow Us:
Download App:
  • android
  • ios