ദുബായിലേക്ക് വിമാനസർവീസ് വേണം, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരിച്ചുപോകുന്ന യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ അവര്‍ക്ക് കൊവിഡ്-19 ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള ആർടി-പിസിആർ ടെസ്റ്റ് നടത്താന്‍ കേരളം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

resume flight services from kerala to dubai cm pinarayi vijayan sends letter to pm modi

തിരുവനന്തപുരം: ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നൽകി.

ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന ധാരാളം പേര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് സാധാരണനിലയിൽ വിമാന സര്‍വീസ് ആരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

തിരിച്ചുപോകുന്ന യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ അവര്‍ക്ക് കൊവിഡ്-19 ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള ആർടി-പിസിആര്‍ ടെസ്റ്റ് നടത്താന്‍ കേരളം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂലൈ 10 മുതല്‍ ടൂറിസ്റ്റുകള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും വിമാന മാര്‍ഗം എത്താനും ദുബായ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിമാനസർവീസ് ആവശ്യപ്പെട്ടുള്ള കത്ത്.

ദുബായിൽ താമസവിസയുള്ളവർക്ക് ജൂൺ 22, അഥവാ ഇന്ന് മുതൽ മടങ്ങിയെത്താനാണ് അനുമതി ലഭിച്ചിരുന്നത്. ദുബായ് gdrfa.ae എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്തവർക്കാണ് മടങ്ങാൻ അനുമതി. വിമാനസർവീസ് സാധാരണനിലയിലായ രാജ്യങ്ങളിലുള്ളവർക്കാണ് നിലവിൽ മടങ്ങാൻ അനുമതിയുള്ളത്. എന്നാൽ കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെങ്കിൽ മലയാളികൾ തിരികെ മടങ്ങാൻ ഇനിയും കാത്തിരിക്കേണ്ടി വരും. 

താമസവിസ ഉള്ളവർ തിരികെ എത്തുമ്പോൾ കൊവിഡ് ടെസ്റ്റ് നിർബന്ധമാണ്. കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയാൽ 14 ദിവസത്തേക്ക് ഹോം ക്വാറന്‍റീനുണ്ടാകും. സ്വന്തമായി വീടും ശുചിമുറിയുമുള്ളവർക്ക് വീട്ടിലേക്ക് പോകാം. അതല്ലെങ്കിൽ സർക്കാർ ക്വാറന്‍റീനിലേക്ക് മാറണം. പക്ഷേ, ഇതിന്‍റെ ചെലവ് സ്വയം വഹിക്കണം. വിമാനത്താവളത്തിൽ എത്തിയാൽ കൊവിഡ്19 dxb ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം.

Latest Videos
Follow Us:
Download App:
  • android
  • ios