തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ലാബുകളെ ദുബൈ വിലക്കി; നിരവധിപ്പേരുടെ യാത്ര മുടങ്ങി, പ്രതിഷേധവുമായി യാത്രക്കാര്‍

കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് ലാബില്‍ നിന്നുള്ള കൊവിഡ് പരിശോധനാ ഫലം അംഗീകരിക്കില്ലെന്ന് ദുബായ് അധികൃതര്‍ അറിയിച്ചതായാണ് വിമാനക്കമ്പനി ജീവനക്കാര്‍ പറയുന്നത്. കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച് ഈ ലാബില്‍ നിന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റുമായി ദുബായിലെത്തിയ യാത്രക്കാരന് അവിടെ വെച്ച് കൊവിഡ് സ്ഥിരീകരിച്ചതാണ് വിലക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. 

passengers protest at karippur airport as airlines deny covid negative report issued by a private lab

കോഴിക്കോട്: കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്തിനെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനത്തില്‍ നിരവധിപ്പേര്‍ക്ക് യാത്ര ചെയ്യാനായില്ല. കരിപ്പൂരില്‍ നിന്ന് ഇന്നലെ രാത്രി ദുബായിലേക്ക് പോയ സ്‍പൈസ് ജെറ്റ് വിമാനമാണ് യാത്രക്കാരെ കയറ്റാതെ പോയത്. ഇതേ തുടര്‍ന്ന് 110 യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്ന് വൈകുന്നേരമടക്കം യാത്ര ചെയ്യേണ്ട നിരവധിപ്പേരുടെ യാത്ര മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് ലാബില്‍ നിന്നുള്ള കൊവിഡ് പരിശോധനാ ഫലം അംഗീകരിക്കില്ലെന്നാണ് ദുബായ് അധികൃതര്‍ വിമാനക്കമ്പനികളെ അറിയിച്ചത്. ഇന്ത്യയിലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില ലാബുകളും ഈ പട്ടികയിലുണ്ട്. കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച് നല്‍കിയ സര്‍ട്ടിഫിക്കറ്റുമായി ദുബായിലെത്തിയ യാത്രക്കാരന് അവിടെ വെച്ച് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതാണ് വിലക്കിന് കാരണമായത്. അതേസമയം തങ്ങളുടെ ഫ്രാഞ്ചൈസി എടുത്ത മറ്റൊരു ലാബ്, പരിശോധനാ ഫലം എഡിറ്റ് ചെയ്ത് നല്‍കിയതാണ് നടപടിക്ക് കാരണമായതെന്ന് മൈക്രോ ഹെല്‍ത്ത് ലാബ് അധികൃതര്‍ പറഞ്ഞു. വളാഞ്ചേരിയിലുള്ള ഈ സ്ഥാപനത്തിനെതിരെ പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.

ദുബായ് വിലക്കേര്‍പ്പെടുത്തിയ ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലവുമായി എത്തുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസും അറിയിച്ചിട്ടുണ്ട്. വൈകുന്നേരം 3.30നുള്ള  എയർ ഇന്ത്യ എക്സ്പ്രസ്
 വിമാനത്തില്‍ പുറപ്പെടേണ്ട യാത്രക്കാർ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇപ്പോള്‍ പ്രതിഷേധിക്കുകയാണ്. ലാബിലെ പരിശോധനാഫലത്തിന് വിലക്കേര്‍പ്പെടുത്തിയ വിവരം വിമാനക്കമ്പനി നേരത്തെ അറിയിച്ചില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നതായാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വാദം. 

മൈക്രോ ഹെല്‍ത്ത് ലാബില്‍ നിന്നുള്ള കൊവിഡ് പരിശോധനാ ഫലവുമായെത്തിയ യാത്രക്കാരെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. കാസർകോട് സ്വദേശികളായ അൻപതിലേറെപ്പേരെ അധികൃതര്‍ മടക്കി അയച്ചു. ഇതേതുടര്‍ന്ന് ഉളിയത്തടുക്കയിലെ ലാബിന് മുന്നിൽ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഉച്ചക്ക് 12.30ന് ദുബായിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിൽ പോകേണ്ടവരെയാണ് മടക്കി അയച്ചത്. വിവരം മുൻകൂട്ടി അറിയിച്ചില്ലെന്നും ടിക്കറ്റിന്റെ പണം തിരികെ തന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

കൊവിഡ് രോഗബാധിതരെ വിമാനത്തില്‍ കൊണ്ടുവന്നെന്ന കാരണം ചൂണ്ടിക്കാട്ടി നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ദുബായ് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. വിമാന സര്‍വീസുകള്‍ വിലക്കിയെങ്കിലും പിന്നീട് വിലക്ക് നീക്കി സര്‍വീസുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തെറ്റായ പരിശോധനാ ഫലം നല്‍കിയ ലാബുകളെ വിലക്കിക്കൊണ്ട് ദുബായ് അധികൃതര്‍ പ്രത്യേക അറിയിപ്പ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയത്.

ദുബായിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

Latest Videos
Follow Us:
Download App:
  • android
  • ios