രണ്ടു ദിവസത്തെ സന്ദർശനത്തിന് ഒമാൻ സുൽത്താൻ കുവൈറ്റിലെത്തി
ഒമാനിലേയും, കുവൈറ്റിലെയും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നിലവിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും മേഖലകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളുടെയും ചർച്ചകളിലെ പ്രധാന വിഷയമായിരുന്നു.
മസ്കറ്റ്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് ബിൻ ടൈമൂർ അൽ സൈദ് കുവൈറ്റിലെത്തി. കുവൈറ്റ് സിറ്റിയിലെ ബയാൻ പാലസിൽ വെച്ച് സുൽത്താൻ ഹൈതം ബിൻ താരികും കുവൈറ്റ് സ്റ്റേറ്റ് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും തമ്മിൽ ഔദ്യോഗിക ചർച്ചകൾ നടത്തി.
ഒമാനിലേയും, കുവൈറ്റിലെയും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നിലവിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും മേഖലകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളുടെയും ചർച്ചകളിലെ പ്രധാന വിഷയമായിരുന്നു. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, അൽ ബയാൻ കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിക്കിനോടുള്ള ആദരസൂചകമായി ഔദ്യോഗിക വിരുന്നൊരുക്കി.
ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, റോയൽ ഓഫീസ് മന്ത്രി, സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, ഒമാൻ ആഭ്യന്തര മന്ത്രി, സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഒമാൻ വിദേശകാര്യ മന്ത്രി, ഡോ ഹമദ് ബിൻ സെയ്ദ് അൽ ഔഫി, പ്രൈവറ്റ് ഓഫീസ് മേധാവി,അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ,ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി, ഡോ.സാലിഹ് ബിൻ അമീർ അൽ ഖറൂസി, കുവൈറ്റിലെ ഒമാൻ സ്ഥാനപതി എന്നിവരും ഒമാൻ ഭരണാധികാരിയോടൊപ്പം അനുഗമിക്കുന്ന സംഘത്തിലുണ്ട് .