മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 150 സന്നദ്ധപ്രവർത്തകരെ ക്ഷണിച്ച് അധികൃതര്‍
രജിസ്ട്രേഷൻ, ഇമിഗ്രേഷൻ, കോവിഡ് -19 പിസിആർ ടെസ്റ്റുകൾ, ബാഗേജ് ക്ലെയിം ഹാളിലൂടെ പുറത്തുകടക്കുക എന്നിവയുൾപ്പെടെ പരീക്ഷിക്കാൻ വേണ്ടിയാണ് 150 സന്നദ്ധ പ്രവർത്തകരെ ഒമാൻ വിമാനത്തവാള അധികൃതർ ക്ഷണിക്കുന്നത്.
മസ്‍കത്ത്: സെപ്റ്റംബർ 25 വെള്ളിയാഴ്ച മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന സന്നദ്ധത പരീക്ഷിക്കുന്നതിനുള്ള പ്രക്രിയയിൽ സ്വദേശികളെയും വിദേശികളായ സ്ഥിര താമസക്കാരെയും ക്ഷണിക്കുന്നു. പ്രവർത്തന സന്നദ്ധത പരീക്ഷണത്തിന്റെ ഭാഗമായി അന്നേ ദിവസം എത്തുന്ന എല്ലാ യാത്രക്കാർക്കും ഹെൽത്ത് സ്ക്രീനിങ് നടപടിക്രമങ്ങളും കോവിഡ് പരിശോധനയും നടത്തുമെന്ന് ഒമാൻ വിമാനത്തവാള അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രജിസ്ട്രേഷൻ, ഇമിഗ്രേഷൻ, കോവിഡ് -19 പിസിആർ ടെസ്റ്റുകൾ, ബാഗേജ് ക്ലെയിം ഹാളിലൂടെ പുറത്തുകടക്കുക എന്നിവയുൾപ്പെടെ പരീക്ഷിക്കാൻ വേണ്ടിയാണ് 150 സന്നദ്ധ പ്രവർത്തകരെ ഒമാൻ വിമാനത്തവാള അധികൃതർ ക്ഷണിക്കുന്നത്. സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ഡ്രൈവ്-ത്രൂ കൊവിഡ് 19 പരിശോധനാ സൗകര്യങ്ങൾ പരീക്ഷിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
പരീക്ഷണ പ്രക്രിയയുടെ ഭാഗമായി 25 ഒമാനി റിയാൽ ചെലവ് വരുന്ന പിസിആർ പരിശോധന സന്നദ്ധപ്രവർത്തകർക്ക് സൗജന്യമായി ലഭിക്കും. ഇതിന്റെ പരിശോധനാ ഫലം 24 മണിക്കൂറിനുള്ളിൽ സന്നദ്ധപ്രവർത്തകർക്ക് അറിയാൻ കഴിയുമെന്നും അറിയിപ്പിൽ പറയുന്നു.