കൊവിഡ് 19: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളുമായി കുവൈത്ത്
മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കൂടുതലുള്ള മഹബുള്ള, ഫർവാനിയ, ജലീബ് എന്നിവിടങ്ങളിലാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലോക്ക്ഡൗണ്‍ തുടരുന്നത്. പ്രാദേശിക ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കും ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയെന്ന് അധികൃതര്‍
കുവൈത്ത് സിറ്റി: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളുമായി കുവൈത്ത്. രാജ്യത്തെ കര്‍ഫ്യൂ സമയം വൈകീട്ട് എട്ട് മുതല്‍ രാവിലെ അഞ്ച് വരെയായി കുറച്ചു. അതേസമയം, മലയാളികൾ തിങ്ങി പാർക്കുന്ന അബ്ബാസിയിലും മഹബുള്ളയിലും ഫര്‍വാനിയിലും ലോക്ക്ഡൗണ്‍ തുടരും. കുവൈത്തിൽ ജൂൺ 30 ചൊവ്വാഴ്ച്ച മുതൽ കൊവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്‍റെ രണ്ടാംഘട്ടം ആരംഭിക്കും.
അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ലഘൂകരിച്ച് ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് നടപടി. പ്രത്യേക മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ജൂണ്‍ 30 മുതല്‍ 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും രണ്ടാം ഘട്ടം ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കൂടുതലുള്ള മഹബുള്ള, ഫർവാനിയ, ജലീബ് എന്നിവിടങ്ങളിലാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലോക്ക്ഡൗണ്‍ തുടരുന്നത്. പ്രാദേശിക ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കും ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
അവന്യൂസ്, 360 മാൾ, മറീന, സൂക്ക് ഷാർക്ക് തുടങ്ങിയ മാളുകളും വാണിജ്യ സമുച്ചയങ്ങളും 30 ശതമാനം ശേഷിയില്‍ തുറക്കും. മാളുകളിലെ റെസ്റ്റോറന്റുകളിലും കഫേകളും തുറക്കുമെങ്കിലും ഓർഡറുകൾ എടുത്ത് ഉപഭോക്താക്കൾക്ക് ഡെലിവറി മാത്രമായി പരിമിതപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.