അബുദാബി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ പ്രത്യേക റിസ്റ്റ് ബാന്‍ഡ് ധരിക്കണം
ആരോഗ്യ വിദഗ്ധര്‍ അംഗീകരിച്ച പ്രത്യേക റിസ്റ്റ് ബാന്‍ഡ് ഓരോ യാത്രക്കാരനെയും വിമാനത്താവളത്തില്‍ വെച്ച് ധരിപ്പിക്കും. 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവ് കഴിഞ്ഞതിന് ശേഷമേ ഇത് അഴിച്ചുമാറ്റാന്‍ പാടുള്ളൂ എന്നാണ് അറിയിപ്പ്.
അബുദാബി: മറ്റ് രാജ്യങ്ങളില്‍ നിന്ന് അബുദാബി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ പ്രത്യേക റിസ്റ്റ് ബാന്‍ഡ് ധരിക്കണം. 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ കാലയളവില്‍ ഇവര്‍ പുറത്തിറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ട്രാക്കിങ് സംവിധാനമാണ് വാച്ച് പോലെ കൈയില്‍ ധരിക്കാവുന്ന ഈ ബാന്‍ഡ്. ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദാണ് യാത്രക്കാര്‍ക്കുള്ള ഈ പുതിയ നിര്‍ദേശം അറിയിച്ചത്.
ആരോഗ്യ വിദഗ്ധര്‍ അംഗീകരിച്ച പ്രത്യേക റിസ്റ്റ് ബാന്‍ഡ് ഓരോ യാത്രക്കാരനെയും വിമാനത്താവളത്തില്‍ വെച്ച് ധരിപ്പിക്കും. 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവ് കഴിഞ്ഞതിന് ശേഷമേ ഇത് അഴിച്ചുമാറ്റാന്‍ പാടുള്ളൂ എന്നാണ് അറിയിപ്പ്. കൊവിഡ് രോഗബാധ അതീവ ഗുരുതരമായ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ നിര്‍ബന്ധിത ക്വാറന്റീന്‍ കാലയളവില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് കഴിയേണ്ടിവന്നേക്കും.
യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നടപടികള്‍. ജനങ്ങള്‍ സാമൂഹിക അകലം അടക്കമുള്ള ജാഗ്രതാ നടപടികളില്‍ വിഴ‍്ച വരുത്തുന്നതാണ് രോഗവ്യാപനത്തിന്റെ പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്. പുതിയ കേസുകളില്‍ 10 മുതല്‍ 12 ശതമാനം വരെ വിദേശത്തു നിന്ന് എത്തുന്നവരാണെങ്കില്‍ ബാക്കി 88 ശതമാനവും വിലക്കുകള്‍ ലംഘിച്ച് കൂട്ടം കൂടുന്നവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.